Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദി ശ്രമിക്കുന്നത് കർണാടക കൊള്ളയടിച്ചവരെ വീണ്ടും നിയമസഭയിലെത്തിക്കാൻ: രാഹുൽ

rahul-gandhi രാഹുൽ ഗാന്ധി (ഫയൽ ചിത്രം)

ന്യൂഡൽഹി∙ കർണാടകയെ കൊള്ളയടിച്ചവരെ വീണ്ടും നിയമസഭയിലെത്തിക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. ഇതു സംസ്ഥാനത്തെ അപമാനിക്കുന്നതിനു തുല്യമാണ്. ഖനി വിവാദത്തിലകപ്പെട്ട റെഡ്ഡി സഹോദരന്മാർക്കും അനുയായികൾക്കുമായി സീറ്റുകൾ നൽകി ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണു രാഹുൽ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്.

Read more at: കർണാടക ബിജെപിയിൽ വീണ്ടും പിടിമുറുക്കി ഖനി ലോബി

‘അധികാരത്തിരിക്കുമ്പോൾ ബി.എസ്. യെഡിയൂരപ്പയും റെഡ്ഡി സഹോദരങ്ങളും കർണാടകയെ കൊള്ളയടിച്ചു. ഞങ്ങളുടെ സർക്കാർ വന്നാണ് അവരെ നീതിക്കുമുന്നിൽ കൊണ്ടുവന്നത്. ഇപ്പോൾ മോദി, അവരിൽ എട്ടുപേരെ ജയിലിൽനിന്നു വിധാൻ സഭയിലേക്ക് എത്തിക്കാനാണു ശ്രമിക്കുന്നത്. ഇതു സത്യസന്ധരായ പൗരന്മാരെ അപമാനിക്കലാണ്. കർണാടകയ്ക്കും ബസവന്നയുടെ ആത്മാവിനുമെതിരാണിത്’ – രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

കർണാടക തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണ് യെഡിയൂരപ്പ. റെഡ്ഡി സഹോദരങ്ങളും യെഡിയൂരപ്പയും തമ്മിലുള്ള സൗഹൃദം പരസ്യമായ രഹസ്യമാണ്. അധികാരത്തിലിരുന്ന സമയം റെഡ്ഡിമാർക്ക് യെഡിയൂരപ്പ കൈവിട്ടു സഹായങ്ങൾ ചെയ്തിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടുനിൽക്കുന്ന കർണാടകയിൽ രണ്ടുദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി ഇന്നു വീണ്ടുമെത്തും. കറപുരണ്ട സ്ഥാനാർഥികളെയാണ് ബിജെപി നിർത്തിയിരിക്കുന്നതെന്ന വാദം മുൻനിർത്തിയാണ് രാഹുൽ പ്രചാരണം നടത്തുന്നത്.

മേയ് 12നാണ് കർണാടക തിരഞ്ഞെടുപ്പ്. 15നാണ് ഫലപ്രഖ്യാപനം.

related stories