Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തെ കുടുക്കി ഒരു ‘വാട്സാപ് ഹർത്താൽ’; ഗ്രൂപ്പ്, അഡ്മിൻ ഗ്രൂപ്പ്, പിന്നെ ‘വർഗീയത’യും

Whatsapp Hartal

‘ഒരാള്‍ ഒരു വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കുന്നു. ആ ഗ്രൂപ്പ് വിജയമായതിനു പിന്നാലെ ജില്ല തോറും പുതിയ വാട്സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു. ഈ ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഒരു സംസ്ഥാനത്തിന്റെ തന്നെ ക്രമസമാധാനം തകരാറിലാക്കുന്നു’ - രാജ്യത്തു കേട്ടുകേള്‍വിയില്ലാത്ത വിധത്തിലാണ് ഒരു കൂട്ടം യുവാക്കള്‍ വാട്സാപ് ഗ്രൂപ്പിലൂടെ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതും ആ ഹര്‍ത്താല്‍ അക്രമത്തിലേക്കു നീങ്ങിയതും. കേരള പൊലീസിന്റെയും സൈബര്‍ സെല്ലിന്റെയും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് അക്രമം വ്യാപിക്കുന്നത് തടഞ്ഞത്. ഹര്‍ത്താല്‍ സന്ദേശം പ്രചരിപ്പിച്ചതിന് രണ്ടായിരത്തോളം പേരെ തെളിവുകളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തു. മലപ്പുറം ജില്ലയില്‍മാത്രം രണ്ടുലക്ഷത്തോളം മൊബൈലുകള്‍ സൈബര്‍സെല്‍ പരിശോധിച്ചു. ‘വാട്സാപ് ഹര്‍ത്താല്‍’ ആഹ്വാനം ചെയ്തവര്‍ പുത്തന്‍ തന്ത്രങ്ങള്‍ പരീക്ഷിച്ചപ്പോള്‍ അവരെ കണ്ടെത്താന്‍ മറുതന്ത്രങ്ങള്‍ കേരള പൊലീസും പരീക്ഷിച്ചു. ആ അന്വേഷണവഴികളിലൂടെ:

ഏപ്രില്‍ 10: കശ്മീരിലെ പെണ്‍കുട്ടി ക്രൂരമായ പീഡനത്തിനിരയായി മരിച്ചെന്ന പൊലീസ് റിപ്പോര്‍ട്ട് പുറത്തുവരുന്നു. രാജ്യമെങ്ങും വലിയ പ്രതിഷേധങ്ങൾ‌. സമൂഹ മാധ്യമങ്ങളിലും പ്രതിഷേധ സന്ദേശങ്ങള്‍ പ്രചരിച്ചു. കേരള പൊലീസില്‍ സൈബര്‍ സംബന്ധമായ കേസുകള്‍ പരിരോധിക്കുന്ന രണ്ടു വിഭാഗങ്ങളാണ് ഹൈടെക് സെല്ലും സൈബര്‍ സെല്ലും. ഇവരെ സഹായിക്കാന്‍ ടെക്നോപാര്‍ക്ക് അസ്ഥാനമായി സൈബര്‍ ഡോമും പ്രവര്‍ത്തിക്കുന്നുണ്ട്. ആസൂത്രിതമായ സൈബര്‍ കുറ്റകൃത്യങ്ങള്‍ സര്‍ക്കാര്‍ - സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ കണ്ടുപിടിക്കുന്നതാണ് ഹൈടെക് സെല്ലിന്റെ ചുമതല.

സമൂഹ മാധ്യമങ്ങളിലെ പ്രശ്നക്കാരെ കണ്ടെത്താന്‍ ഹൈടെക് സെല്ലും മറ്റു ഏജന്‍സികളും ദിവസേന പരിശോധന നടത്താറുണ്ട്. കശ്മീരില്‍ പെണ്‍കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നതെന്നും ചില പോസ്റ്റുകള്‍ ‘അതിരുകടക്കുന്നതായും’ ഹൈടെക് സെല്‍ ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പതിനാലാം തീയതിയാണ് വടക്കന്‍ കേരളത്തിലെ ഒരു ജില്ലയില്‍നിന്ന് സുപ്രധാന അറിയിപ്പ് ഹൈടെക് സെല്ലിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് ലഭിക്കുന്നത്. കശ്മീര്‍ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പതിനാറാം തീയതി ഹര്‍ത്താലിന് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ ആഹ്വാനം ചെയ്യുന്നുണ്ടെന്നായിരുന്നു അറിയിപ്പ്. ഹൈടെക് സെല്ലും സൈബർ സെല്ലും ജില്ലാടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണത്തില്‍ പങ്കാളികളായി.

Whatsapp Hartal

അടുപ്പം കാട്ടി ഗ്രൂപ്പിൽ കൂടി പൊലീസ്

ഗൗരവകരമായ കാര്യങ്ങളാണ് പരിശോധനയില്‍ വ്യക്തമായത്. പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധമറിയിക്കാന്‍ ചില വാട്സാപ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലേയും വാട്സാപ് ഗ്രൂപ്പുകളിലേയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ കേരള പൊലീസിന്റെ സൈബര്‍ വിഭാഗം പലതരത്തിലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. ലോകത്തെമ്പാടും ഉപയോഗിക്കുന്ന, താരതമ്യേന എളുപ്പമുള്ള മാര്‍ഗമാണ് സൈബര്‍ വിഭാഗം ഈ കേസില്‍ പരീക്ഷിച്ചത്.

സമൂഹമാധ്യമങ്ങളില്‍ കുഴപ്പക്കാരാണെന്നു തോന്നുന്നവരുടെ സ്വാഭാവം നിരീക്ഷിക്കുകയാണ് ആദ്യഘട്ടം. അവരുടെ താല്‍പര്യങ്ങള്‍ മനസിലാക്കി അതനുസരിച്ചുള്ള സന്ദേശങ്ങളിലൂടെയും പോസ്റ്റുകളിലൂടെയും അവരുമായി അടുക്കും. പിന്നീട് ഗ്രൂപ്പുകളില്‍ കടന്നുകൂടി രഹസ്യങ്ങള്‍ മനസിലാക്കും. ഹര്‍ത്താല്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ആളുകളുടെ പ്രവര്‍ത്തനങ്ങളും ജീവിത പശ്ചാത്തലവും മനസിലാക്കിയ പൊലീസ് സേനയിലെ ചിലര്‍ അവരുമായി അടുപ്പം സ്ഥാപിച്ചു. പൊലീസാണെന്ന് സംശയം തോന്നാത്തതിനാല്‍ മലപ്പുറം ജില്ലയിലെ ഒരു അഡ്മിന്‍ അവരെ ഗ്രൂപ്പില്‍ ആഡ് ചെയ്തു. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിഷേധമാണ് ഗ്രൂപ്പുകളില്‍ നടക്കുന്നതെന്നു പൊലീസിനു മനസിലായി. മറ്റൊരു കാര്യം കൂടി പൊലീസിന് വ്യക്തമായി. എല്ലാ ജില്ലയിലും പ്രതിഷേധക്കാര്‍ വാട്സാപ് കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പേരില്‍ 16ന് ഹര്‍ത്താലും ആഹ്വാനം ചെയ്തിട്ടുണ്ട്.

Whatsapp Hartal

കണക്കുകൂട്ടൽ തെറ്റിച്ച ഒരു ഹർത്താൽ

ചില വാട്സാപ് ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നെങ്കിലും വാട്സാപ്പിലൂടെ ആഹ്വാനം ചെയ്താല്‍ ജനം കൂട്ടത്തോടെ തെരുവിലിറങ്ങുമെന്നോ, അതു അക്രമത്തിലേക്ക് പോകുമെന്നോ പൊലീസിനു വിലയിരുത്താന്‍ കഴിഞ്ഞില്ല. അക്രമങ്ങളിലേക്ക് പോകുമെന്ന് സന്ദേശം പ്രചരിപ്പിച്ചവരും ഇതു കണക്കുകൂട്ടിയില്ലെന്നതാണ് സത്യം. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി, വാട്സ്ആപ്പിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനം അക്രമത്തില്‍ കലാശിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായി. ആഭ്യന്തരവകുപ്പ് അടിയന്തരമായി ഇടപെട്ടു. തുടക്കത്തിലെ വീഴ്ചയ്ക്കുശേഷം പൊലീസ് സേനയും ജാഗരൂഗരായി. ജില്ലാതലത്തിലെ സൈബര്‍ സെല്ലുകളോട് വിശദമായ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയിലാണ് കൂടുതല്‍ ‘ഹര്‍ത്താൽ’ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിശദമായ അന്വേഷണം നടന്നു. മലപ്പുറം പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയുടെ മേല്‍നോട്ടത്തിലാണ് ജില്ലയിലെ സൈബര്‍സെല്‍ പ്രവര്‍ത്തിക്കുന്നത്. എസ്പിക്ക് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ സൈബര്‍ സെല്ലിന് കൈമാറി. ഓരോ സ്റ്റേഷനുകളിലും പ്രത്യേക ടീമുകളെ സജ്ജരാക്കി. ഇതോടൊപ്പം എല്ലാ ജില്ലകളിലും അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിനായിരുന്നു മേല്‍നോട്ടം.

മലപ്പുറം ഡിവൈഎസ്പി: ജലീൽ, പെരിന്തല്‍മണ്ണ ഡിവൈഎസ്പി: എം.പി. മോഹനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ 20 അംഗ പ്രത്യേക ടീം രൂപീകരിച്ചു. ഇതിനു പുറമേ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തില്‍ മറ്റൊരു സംഘവും രൂപീകരിച്ചു. തിരുവനന്തപുരത്തെ ഹൈടെക്സെല്ലും സൈബര്‍സെല്ലും സാങ്കേതിക സഹായങ്ങള്‍ നല്‍കി. മലപ്പുറം സൈബര്‍ സെല്ലിലെ പ്രശോഭ്, ശൈലേശ്, ബിജു എന്നിവര്‍ രണ്ടു ലക്ഷത്തോളം മൊബൈല്‍ ഫോണുകളാണ് പരിശോധിച്ചത്.

Whatsaap Hartal

മഞ്ചേരിയിലെ വഴിത്തിരിവ്, കണ്ണിചേർത്തു ഗ്രൂപ്പുകൾ

മഞ്ചേരിയില്‍നിന്നാണ് കേസന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. പതിനഞ്ചു വയസുകാരന്‍ അഡ്മിനായ ഒരു ഗ്രൂപ്പില്‍നിന്ന് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന്റെ വിശദവിവരങ്ങള്‍ പൊലീസിന് ലഭിച്ചു. തിരൂര്‍ കൂട്ടായി മലപ്പുറം പൂക്കോട്ടൂര്‍ എന്നിവിടങ്ങളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിന്റെ അഡ്മിനുമായി ബന്ധമുണ്ടായിരുന്നത്. ഗ്രൂപ്പില്‍ കടന്നുകൂടിയ പൊലീസ് ചാരന്‍മാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ കസ്റ്റഡിയിലെടുത്തു. ഗ്രൂപ്പിലെ സന്ദേശങ്ങള്‍ പരിശോധിച്ച സൈബര്‍ സെല്ലിന് വലിയൊരു ശൃംഖലയെക്കുറിച്ചുള്ള വിവരമാണ് ലഭിച്ചത്.

ഏപ്രില്‍ 14ന് വോയ്സ് ഓഫ് യൂത്ത്, ജസ്‌റ്റിസ് ഓഫ് സിസ്റ്റേഴ്സ് എന്ന പേരുകളില്‍ തിരുവനന്തപുരം കേന്ദ്രമാക്കി വാട്സാപ് ഗ്രൂപ്പുകള്‍ രൂപം കൊണ്ടതായി പൊലീസ് മനസിലാക്കി. ഈ ഗ്രൂപ്പുകളില്‍നിന്നാണ് കേരളത്തിലെ എല്ലാ ജില്ലകളിലേക്കും സന്ദേശങ്ങള്‍ പ്രചരിച്ചതും വാട്സാപ് ഗ്രൂപ്പുകള്‍ പിറവിയെടുത്തതും. കൊല്ലം ഉഴുകുന്ന് സ്വദേശി അമര്‍നാഥ് ബൈജു (20), നെല്ലിവിള സ്വദേശി സുധീഷ് (22), അഖില്‍ (23) നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍ (21), തിരുവനന്തപുരം കുന്നപ്പുഴ സ്വദേശി സിറില്‍ (21) എന്നിവരാണ് അറസ്റ്റിലായത്.

ഹര്‍ത്താലിന്റെ ആദ്യ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതും ആദ്യ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയതും ഇവരായിരുന്നു. അമര്‍നാഥായിരുന്നു സംഘത്തലവന്‍. നേരത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായിരുന്ന ഇയാളെ പാര്‍ട്ടിയില്‍നിന്ന് മൂന്നുമാസം മുന്‍പ് പുറത്താക്കിയിരുന്നു. ഹര്‍ത്താലിന്റെ ആശയം അമര്‍നാഥിന്റേതായിരുന്നു. കൂട്ടുകാര്‍ ഒപ്പം കൂടി. പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍പോരാടണമെന്ന ആഹ്വാനവുമായി ഇവര്‍ വാട്സാപ് ഗ്രൂപ്പുണ്ടാക്കി. ലിങ്ക് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. വലിയ കൂട്ടമായി ആക്രമ പരിപാടികള്‍ നടത്തിയാല്‍ പൊലീസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു സൂത്രധാരന്‍മാരില്‍ ഒരാളായ അഖില്‍ സന്ദേശം ഇട്ടു. മറ്റുള്ളവരും സമാനസ്വഭാവമുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ഗ്രൂപ്പ് വിപുലപ്പെടുത്തണമെന്നും സംസ്ഥാനത്തെ രണ്ടായി തിരിച്ചു പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നുമുള്ള സന്ദേശവും പൊലീസ് കണ്ടെത്തി.

Whatsapp Hartal

ഗ്രൂപ്പുകൾ ഏകോപിപ്പിക്കാൻ ‘സൂപ്പർ അഡ്മിൻ ഗ്രൂപ്പ്’

പൊലീസ് കണ്ടെത്തല്‍ ഇങ്ങനെയാണ‌്. ഏപ്രിൽ 14 ന് വോയ്സ് ഓഫ് യൂത്തും ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്സിനും അമര്‍നാഥിന്റെ നേതൃത്വത്തില്‍ രൂപം നല്‍കി. വോയ്സ് ഓഫ് യൂത്തില്‍ 250 അംഗങ്ങളായപ്പോള്‍ വോയ്സ് ഓഫ് യൂത്ത് ഒന്ന്, രണ്ട് എന്നിങ്ങനെ ഗ്രൂപ്പുകള്‍ ഉണ്ടാക്കി. ആറു ഗ്രൂപ്പുകള്‍ ഇങ്ങനെ ഉണ്ടാക്കി, ജില്ലാടിസ്ഥാനത്തില്‍ ലിങ്കുകള്‍ നല്‍കി. കൊല്ലപ്പെട്ട ബാലികയുടെ പേരിലും ഗ്രൂപ്പുണ്ടായിരുന്നെങ്കിലും കോടതി വിധി വന്നതോടെ പേര് മാറ്റി. ജില്ലാടിസ്ഥാനത്തിലാണ് ഗ്രൂപ്പുണ്ടാക്കാന്‍ നിര്‍ദേശം നല്‍കിയതെങ്കിലും മറ്റുള്ള ജില്ലക്കാരും ഗ്രൂപ്പുകളില്‍ അംഗമായി.

പ്രതീക്ഷിച്ചതിലേറെ പേർ എത്തിയതോടെ പ്രാദേശിക തലത്തിലും ഗ്രൂപ്പുകൾ മൊബൈലുകളിൽ ചേക്കേറി. ഹര്‍ത്താല്‍ അക്രമത്തിന്റെ തുടക്കം ഇവിടെയാണെന്നു പൊലീസ് പറയുന്നു. പ്രാദേശിക തലത്തില്‍ ഗ്രൂപ്പുകള്‍ ഉണ്ടാകുകയും സന്ദേശം വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തതോടെ വര്‍ഗീയ സ്വഭാവം കൈവന്നു. ചില മതസംഘടനകളിലെ പ്രവര്‍ത്തകർ വലിയതോതില്‍ വാട്സാപ് ഗ്രൂപ്പുകളില്‍ അംഗങ്ങളായി. സൗമ്യ കേസിലടക്കം സമൂഹ മാധ്യമങ്ങളുടെ ഇടപെടലില്‍ ആവേശംകൊണ്ടാണ് അമര്‍നാഥും സംഘവും ഗ്രൂപ്പുകള്‍ രൂപീകരിച്ചത്.

സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചാല്‍ പോരെന്നും പുറത്തിറങ്ങി പ്രതികരിക്കണമെന്നും അഡ്മിന്റെ ആഹ്വാനമുണ്ടായി. ഇതു മറ്റു ഗ്രൂപ്പുകളിലേക്ക് കൈമാറി. നിരവധി ഗ്രൂപ്പുകളുണ്ടായതോടെ ജില്ലകളിലെ പ്രധാന അഡ്മിന്‍മാരെ അംഗങ്ങളാക്കി സൂപ്പര്‍ അഡ്മിന്‍ ഗ്രൂപ്പിന് രൂപം നല്‍കി. ഹര്‍ത്താലില്‍ അക്രമം ഉണ്ടായി. നേതൃത്വം നല്‍കിയവരെ പൊലീസ് അറസ്റ്റു ചെയ്തു. വിവാദമാകാന്‍ സാധ്യതയുള്ളതിനാല്‍ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പലരും സ്വന്തം പ്രൊഫൈല്‍ ഉപയോഗിച്ചാണ് വാട്സ് ആപ്പ് ഗ്രൂപ്പ് നടത്തിയത്. ഇത് പൊലീസിന് സഹായകരമായി.

whatsapp-harthal

ഗ്രൂപ്പിൽ പരന്നത് വർഗീയ നിറംമാറ്റം

ചോദ്യം ചെയ്യലില്‍ സുപ്രധാന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. അഡ്മിനുകളുടെ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു ‘സൈബര്‍ അണികളുടെ’ പ്രവര്‍ത്തനം. തുടക്കത്തില്‍ അമര്‍നാഥായിരുന്നു ഗ്രൂപ്പുകള്‍ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ ആളുകള്‍ കൂടുതലായി എത്തിയതോടെ എല്ലാ നിയന്ത്രണങ്ങളും നഷ്ടമായി. വടക്കന്‍ കേരളത്തിലെ ഗ്രൂപ്പുകളില്‍ ചില മതസംഘടനാ പ്രവര്‍ത്തകര്‍ വര്‍ഗീയചുവയുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. അമര്‍നാഥിന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നു. അക്രമം സംഘടിപ്പിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നെന്നും പ്രതിഷേധമാണ് ഉദ്ദേശിച്ചതെന്നും അമര്‍നാഥ് പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിക്ക് നീതി ലഭിക്കാനാണ് സന്ദേശം അയച്ചത്. സന്ദേശം വഴിതിരിച്ച് വിട്ടതിലും മലപ്പുറം ജില്ലയില്‍ അക്രമം നടന്നതിലും തനിക്കു പങ്കില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. പ്രതിഷേധ സന്ദേശങ്ങള്‍ ചില മതസംഘടനകളിലെ പ്രവര്‍ത്തകരുടെ കയ്യിലെത്തിയപ്പോള്‍ വര്‍ഗീയത വളര്‍ത്തുന്ന സന്ദേശങ്ങളായി മാറുകയായിരുന്നെന്നു പൊലീസ് പറയുന്നു. രണ്ടായിരത്തോളം പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. പലരുടേയും ഫോണുകള്‍ നിരീക്ഷണത്തിലാണ്. കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. തീവ്രവാദ ബന്ധമോ, വിദേശസഹായമോ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഗൂഢാലോചന ഉണ്ടോ എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നു.

harthal-whatsapp

അന്വേഷണത്തിൽ വെളിപ്പെട്ട ‘യൂത്ത് മെന്റാലിറ്റി’

പ്രധാനികളെയും പ്രചരിപ്പിച്ചവരെയും പൊലീസ് അറസ്റ്റു ചെയ്തതോടെ പല അഡ്മിന്‍മാരും ഗ്രൂപ്പുകളുടെ പേരുമാറ്റി. ‘അഡ്മിനെ പൊലീസ് പൊക്കി’ എന്നപേരിലും ഗ്രൂപ്പു കണ്ടെത്താനായി. പൊലീസ് പിടിമുറുക്കിയതോടെ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് കുറ്റമാണെന്ന തരത്തില്‍ അഡ്മിന്‍മാര്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാവരെയും പിടികൂടുമെന്ന നിശ്ചയദാര്‍ഢ്യത്തോടെ പൊലീസും മുന്നേറുന്നു. വാട്സാപ് ഗ്രൂപ്പുകളില്‍ കടന്നു കയറിയ പൊലീസ് ചാരന്‍മാര്‍ക്ക് യുവാക്കളുടെ മാറുന്ന ‘ജീവിത ശൈലി’യെക്കുറിച്ചും ചില വിവരങ്ങള്‍ ലഭിച്ചു. ലൈംഗികവിഷയത്തിലെ ചാറ്റുകളും, ഗ്രൂപ്പുകളും യുവാക്കള്‍ക്കിടയില്‍ വര്‍ധിക്കുന്നതായാണ് കേസിന്റെ ഭാഗമായി മനസിലാക്കാനായത്. അഞ്ചുമുതല്‍ പത്തു വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രധാന പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കശ്മീരിലെ പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചതിന് പോക്സോ അനുസരിച്ചും കേസെടുത്തിട്ടുണ്ട്.

സൈബര്‍ വിഭാഗത്തിന് പറയാനുള്ളത്: അപരിചിതരായ വ്യക്തികളോട് ചാറ്റു ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. സ്വകാര്യവിവരങ്ങള്‍ കൈമാറരുത്. എത്ര അടുപ്പമുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലെ പാസ്‌വേഡുകള്‍ മറ്റാര്‍ക്കും നല്‍കരുത്. സമൂഹമാധ്യമങ്ങളില്‍ കൈമാറി വരുന്ന സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുമ്പോള്‍ ജാഗ്രത പാലിക്കുക. ഒരു ലൈക് പോലും നിങ്ങളെ കുഴപ്പത്തിലാക്കാം. വര്‍ഗീയത നിറഞ്ഞതോ, ദേശവിരുദ്ധമോ ആയ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ വിവരം അറിയിക്കുക.

related stories