Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരാപ്പുഴ കസ്റ്റഡി മരണം: സിഐ ക്രിസ്പിൻ അറസ്റ്റിൽ; കേസിലെ അഞ്ചാം പ്രതി

Sreejith Custody Death, Crispin Sam കൊല്ലപ്പെട്ട ശ്രീജിത്ത് (ഇടത്), ക്രിസ്പിന്‍ സാം (വലത്)

ആലുവ∙ വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ വടക്കൻ പറവൂർ സിഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്തു. കേസിൽ അഞ്ചാംപ്രതിയാണു ക്രിസ്പിൻ. അന്യായമായി തടങ്കലിൽ വയ്ക്കുക, തെളിവു നശിപ്പിക്കുക, രേഖകളിൽ തിരിമറി നടത്തുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. സംഭവം നടന്ന വരാപ്പുഴ പൊലീസ് സ്റ്റേഷന്റെ ചുമതല ക്രിസ്പിനായിരുന്നു. അതേസമയം ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല.  ശ്രീജിത്തിനെ മർദിച്ചവരുടെ കൂട്ടത്തിൽ ക്രിസ്പിന്‍ ഇല്ലാതിരുന്നുവെന്നു വ്യക്തമായതിനെത്തുടർന്നാണിത്.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണു നിലവിൽ ചുമത്തിയിരിക്കുന്നത്. എന്നാൽ ജാമ്യം നൽകേണ്ടെന്നാണു പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. നാളെ കോടതിയിൽ ഹാജരാക്കും. ആലുവ പൊലീസ് ക്ലബിൽ ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ്. 

എസ്ഐയും മറ്റു പൊലീസുകാരും നടത്തിയ കൊടിയ മര്‍ദനത്തെക്കുറിച്ച് ക്രിസ്പിൻ അറിഞ്ഞില്ല; അറിയാന്‍ ആ ഭാഗത്തേക്കു തിരിഞ്ഞു‍നോക്കിയതേയില്ല. മേല്‍നോട്ടത്തിലെ ഈ പിഴവാണു സിഐ ക്രിസ്പിന്‍ സാമിനു വിനയാകുന്നത്. രാത്രിയില്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളെ അറസ്റ്റ് ചെയ്തത് രാവിലെ എന്ന മട്ടില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ രേഖകളില്‍ ഒപ്പിട്ടുനല്‍കുകയും ചെയ്തു. ഇങ്ങനെ അന്യായ തടങ്കലിന് സിഐ ഒത്താശ ചെയ്തുവെന്നു കണക്കുകൂട്ടിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെത്തുടർന്ന് നിലവിൽ സസ്പെൻഷനിലാണ് ക്രിസ്പിൻ സാം.