Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍റെ മോള് നിന്നുകത്തി, യാചിച്ചിട്ടും ആരും സഹായിച്ചില്ല: നെഞ്ചുപൊട്ടി ജനാർദനൻ

jeethu-father കൊല്ലപ്പെട്ട ജീതുവും അച്ഛൻ ജനാർദനനും.

തൃശൂർ∙ മകളെ രക്ഷിക്കണമെന്നു യാചിച്ചിട്ടും ആരും സഹായിച്ചില്ലെന്നു തൃശൂരില്‍ കൊല്ലപ്പെട്ട ജീതുവിന്റെ അച്ഛന്‍ ജനാര്‍ദനന്‍. പഞ്ചായത്തംഗം ഉള്‍പ്പെടെ നാട്ടുകാര്‍ കാഴ്ചക്കാരായി. പൊള്ളലേറ്റ ജീതുവിനെ ഓട്ടോറിക്ഷയില്‍ കയറ്റാന്‍പോലും ആരും ശ്രമിച്ചില്ല. പ്രതി വിരാജിന്റെ സഹോദരന്‍ ഭീഷണിപ്പെടുത്തിയെന്നും ജനാര്‍ദനന്‍ ‘മനോരമ ന്യൂസി’നോടു പറഞ്ഞു.

‘പലിശ കയറിയാണു കടം കുമിഞ്ഞത്. ഒന്നും ഇല്ലാത്തവരാണു ഞങ്ങള്‍. ഒരു ജനപ്രതിനിധിയാണ് അവളെ പലപ്പോഴും ഭീഷണിപ്പെടുത്തിയത്. പെട്രോള്‍ ഒഴിച്ചപ്പോള്‍ എന്റെ മോള്‍ ഓടി. ഞാന്‍ അപ്പോള്‍ കുറച്ചപ്പുറത്തു സംസാരിച്ചു നില്‍ക്കുകയായിരുന്നു. അയാൾ പിന്നാലെ ഓടി ലൈറ്റര്‍ കൊണ്ടു തീകൊളുത്തി. എന്‍റെ മോള് നിന്നുകത്തുകയായിരുന്നു. ആരും സഹായിച്ചില്ല. ആരോ ഒരാള്‍ കുറച്ചു വെള്ളം ഒഴിച്ചു. വാര്‍ഡ് മെമ്പറടക്കം അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ വിളിച്ചുവരുത്തിയതാണ് എന്നോര്‍ക്കണം...’– ജനാര്‍ദനന്‍ വിങ്ങലോടെ പറഞ്ഞു.

സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം ഇങ്ങനെ:

തൃശൂര്‍ ചെങ്ങാലൂരിലാണു ജനക്കൂട്ടം നോക്കിനില്‍ക്കെ ദലിത് യുവതിയെ ഭര്‍ത്താവ് പെട്രോളൊഴിച്ചു കത്തിച്ചത്. ഭര്‍ത്താവിനെ തടയാനോ പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ എത്തിക്കാനോ ജനക്കൂട്ടം തയാറായില്ല. നാടുവിട്ട ഭര്‍ത്താവിനായി പൊലീസിന്റെ തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു സംഭവം.

തൃശൂര്‍ ചെങ്ങാലൂര്‍ സ്വദേശി വിരാജും വെള്ളിക്കുളങ്ങര സ്വദേശിനി ജീതുവും ആറുവര്‍ഷമായി ദമ്പതികളായിരുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍മൂലം ഇരുവരും സംയുക്തമായി വിവാഹമോചനത്തിനു തയാറായി. ഭര്‍ത്താവിന്റെ വീടിനടുത്തുള്ള കുടുംബശ്രീയില്‍നിന്ന് ജീതു വായ്പയെടുത്തിരുന്നു. വായ്പ കുടിശിക തീര്‍ക്കാന്‍ നേരിട്ടു വരാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അച്ഛനോടൊപ്പം ജീതു ഓട്ടോറിക്ഷയില്‍ എത്തി.

കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വിരാജ് പെട്രോള്‍ ഒഴിച്ച് ജീതുവിനെ തീകൊളുത്തി. അടുത്തുണ്ടായിരുന്ന അച്ഛന്‍ തടയാന്‍ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ആശുപത്രിയിലേയ്ക്കു കൊണ്ടുപോകാന്‍ ആരും സഹായിച്ചില്ലെന്നാണ് ആക്ഷേപം. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളജിലേയ്ക്കു മാറ്റി. ചികില്‍സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചു. സംഭവത്തെക്കുറിച്ചു ജീതു മജിസ്ട്രേറ്റിനു മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ട്.

സംഭവത്തിനു ദൃക്സാക്ഷിയായ അച്ഛന്‍ ജനാര്‍ദനന്‍ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ്. കണ്ടുനിന്ന ജനക്കൂട്ടം യുവതിയേയും അച്ഛനേയും സഹായിച്ചില്ലെന്ന ആക്ഷേപം സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചു. പ്രതി വിരാജിനെ പ്രാദേശിക സിപിഎം നേതാക്കള്‍ ഒളിവില്‍ പോകാന്‍ സഹായിച്ചെന്നു കെപിഎംഎസ് ആരോപിച്ചു.

related stories