Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാറില്ലെങ്കിലും സിം കാർഡ് നൽകാം: മൊബൈൽ കമ്പനികളോട് കേന്ദ്രസർക്കാർ

aadhar-mobile

ന്യൂഡൽഹി∙ ആധാർ കാർഡില്ലെങ്കിലും ആവശ്യക്കാർക്ക് സിം കാർഡ് നല്‍കാൻ കേന്ദ്രസർ‌ക്കാർ അനുമതി. ഡ്രൈവിങ് ലൈസൻസ്, പാസ്പോര്‍ട്ട്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും രേഖ ആധാറിനു പകരമായി സ്വീകരിച്ച് സിംകാർഡ് വിതരണം ചെയ്യാനാണ് നിർദേശം. ഉപഭോക്താക്കൾക്കു ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനായി ഇക്കാര്യം അടിയന്തരമായി നടപ്പാക്കാനാണ് മൊബൈല്‍ കമ്പനികളെ അറിയിച്ചിരിക്കുന്നതെന്ന് ടെലികോം സെക്രട്ടറി അരുണാ സുന്ദരരാജൻ പറഞ്ഞു.

അധാർ കാർഡില്ലാത്ത കാരണം പറഞ്ഞു രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് മൊബൈൽ സിം നിഷേധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അധാർ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുന്നതുവരെ ആധാറില്ലാതെയും സിം കാർഡ് വിതരണം ചെയ്യാമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നതാണ്. മറ്റു കെവൈസി (നോ യുവർ കസ്റ്റമർ) രേഖകൾ സ്വീകരിച്ച് സിം കാർഡ് നൽകുന്നതു തുടരാനാണ് ടെലികോം കമ്പനികളെ അറിയിച്ചിരിക്കുന്നതെന്നും അരുണ സുന്ദരരാജൻ വ്യക്തമാക്കി.

നേരത്തെ ടെലികോം മന്ത്രാലയത്തിൽ നിന്നു ലഭിച്ച നിർദേശപ്രകാരം ആധാർ രേഖകൾ ഉപയോഗിച്ചാണ് മൊബൈൽ കമ്പനികൾ പരിശോധനകൾ പൂർത്തിയാക്കിയിരുന്നത്. വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരെയും രാജ്യം സന്ദർശിക്കുന്ന വിദേശികളെയുമാണ് ഇത് കൂടുതൽ ബാധിച്ചത്. ആധാർ കാർഡില്ലാത്തതിനാൽ പലർക്കും സിം കാർഡ് നിഷേധിക്കുന്നത് പതിവാകുകയായിരുന്നു. സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് എസ്എംഎസ്, ഫോൺ കോൾ എന്നിവയിലൂടെ കമ്പനികൾ ഉപഭോക്താക്കളെ അറിയിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. സർക്കാർ നിർദേശം തങ്ങൾ പകർത്തുകയാണെന്നു മാത്രമായിരുന്നു കമ്പനികൾ ഇതിനായി ന്യായീകരണം പറഞ്ഞിരുന്നത്. എന്നാൽ ഇതിനായുള്ള അവസാന തീയതി ഏതാണെന്ന് സന്ദേശങ്ങളിൽ പറയുന്നുമില്ല.

related stories