Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപതിരഞ്ഞെടുപ്പ് വെല്ലുവിളി; ബിജെപിയുടെ മുഴുവൻ ജില്ലാനേതാക്കളും ചെങ്ങന്നൂരിലേക്ക്

ps-sreedharan-pillai

പാലക്കാട്∙ ഉപതിരഞ്ഞെടുപ്പു നേരിടാൻ ബിജെപിയുടെ മുഴുവൻ ജില്ലാനേതാക്കളും ചെങ്ങന്നൂരിലേക്ക്. ബൂത്തുതല പ്രചാരണത്തിന്റെ ചുമതല ജില്ലാനേതാക്കൾക്കു നൽകാൻ പാർട്ടി സംസ്ഥാന ഭാരവാഹികളുടെ യേ‍ാഗത്തിൽ തീരുമാനിച്ചു. കഴിഞ്ഞയാഴ്ച സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ അധ്യക്ഷതയിൽ എറണാകുളത്തു നടന്ന പാർട്ടി ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തിലാണു ജില്ലാ നേതാക്കൾക്കു ബൂത്തുചുമതല എന്ന നിർദ്ദേശം ഉയർന്നത്. ആർഎസ്എസിന്റെ പഞ്ചായത്തുതല കേ‍ാ–ഒ‍ാർഡിനേറ്റർമാരും പേജ് പ്രമുഖർമാർക്കും പുറമെയാണിത്.

പാർട്ടിക്ക് അനുകൂലമായാലും പ്രതികൂലമായാലും കർണാടക തിരഞ്ഞെടുപ്പു ഫലം ചെങ്ങന്നൂരിനെ കാര്യമായി സ്വാധീനിക്കുമെന്നതിനാലാണു ബിജെപിയുടെ പടയെ‍ാരുക്കം. ആർഎസ്എസിന്റെ മൈക്രേ‍‌ാതല തിരഞ്ഞെടുപ്പു പ്രചാരണം സംസ്ഥാനത്ത് ആദ്യമായി ചെങ്ങന്നൂരിൽ ആരംഭിച്ചുവെന്നതും പ്രത്യേകതയാണ്. സംഘത്തെ സഹായിക്കാൻ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പരിചയമുളള ജില്ലാനേതാക്കളെ നിയേ‍ാഗിച്ചു.

പ്രാ‍യേ‍ാഗിക രാഷ്ട്രീയത്തിലെ മുഴുവൻ നീക്കങ്ങളും മണ്ഡലത്തിൽ കൃത്യമായി പ്രയേ‍ാഗിക്കണമെന്നാണു ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. ചെങ്ങന്നൂർ സംസ്ഥാന ഘടകത്തിനു വലിയ ഉത്തരവാദിത്തമാണു നൽകിയിരിക്കുന്നതെന്നു യേ‍ാഗത്തിൽ മുതിർന്ന നേതാക്കൾ ആവർത്തിച്ചു വ്യക്തമാക്കി. കർണാടകയിൽ ഫലം അനുകൂലമാകുകയും ചെങ്ങന്നൂരിൽ പിന്നാക്കംപേ‍ാകുകയും ചെയ്താൽ കേന്ദ്രനേതൃത്വത്തിനു മുൻപിൽ പിടിച്ചുനിൽക്കാൻ കഴിയില്ല. അതിനാൽ റിസൾട്ട് കാണിച്ചേ കഴിയൂ. അല്ലെങ്കിൽ ഒരേ‍ാ വീഴ്ചയ്ക്കും കേന്ദ്രത്തിനു മറുപടി നൽകേണ്ടിവരുമെന്ന ആശങ്കയിലാണു സംസ്ഥാന നേതൃത്വം. ത്രിപുര പേ‍ാലും കീഴടക്കിയ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പു പ്രവർത്തനം ദേശീയ നേതാക്കൾ നീരീക്ഷിക്കുന്നുണ്ട്. അതിനാൽ സംസ്ഥാന നേതൃത്വത്തിനു സംഘടനാ തലത്തിലും ശക്തമായ വെല്ലുവിളിയാണ് ഈ തിരഞ്ഞെടുപ്പ്.

ഒരേ‍ാ ബൂത്തിന്റെയും ചുമതല ജില്ലാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർക്കു വീതിച്ചു നൽകി. ഇനിയുള്ള 25 ദിവസം ജില്ലാ ഭാരവാഹികൾ മണ്ഡലത്തിൽ ഉണ്ടാകണം എന്നാണു വ്യവസ്ഥ.. അടുത്തദിവസം വിവിധ ജാഥകളും ആരംഭിക്കുന്നതിനാൽ കൃത്യമായ പ്രവർത്തന പട്ടിക തയാറാക്കാനാണു ജില്ലാ ഘടകങ്ങൾക്കുള്ള നിർദ്ദേശം. സ്ഥാനാർഥിയെ ഔദ്യേ‍ാഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ പി.എസ്. ശ്രീധരൻപിളള മണ്ഡലത്തിൽ ഇറങ്ങിയെങ്കിലും ആവശ്യത്തിനു പ്രചരണ സാമഗ്രികൾ ഒരുക്കാൻ കഴിഞ്ഞില്ലെന്നു യേ‍ാഗത്തിൽ ചിലർ പറഞ്ഞു. ആളുകൾ ധാരാളം എന്നാൽ, നയിക്കാൻ കൃത്യമായ സംഘമില്ലെന്നും തിരഞ്ഞെടുപ്പിന്റെ ചുമതലയുളളയാൾ സ്ഥിരമായി മണ്ഡലത്തിൽ ഇല്ലെന്നും വിമർശനം ഉയർന്നു.

ഉപതിരഞ്ഞെടുപ്പിനിടയിൽ രാഷ്ട്രീയയാത്ര നടത്തുന്നതിനെ സംസ്ഥാന വൈസ് പ്രസി‍ഡന്റുമാരിൽ ഒരാൾ വിമർശിച്ചതിനെ മറ്റുനേതാക്കൾ എതിർത്തു. ബിഡിജെഎസ് നടത്തുന്നതു വിലപേശൽ തന്ത്രമാണെന്ന് ആരേ‍ാപിച്ച അദ്ദേഹത്തെ മുതിർന്ന നേതാക്കൾ ശക്തമായി താക്കീതു ചെയ്തു. സംസ്ഥാന ഭാരവാഹി യേ‍ാഗത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഉപതിരഞ്ഞെടുപ്പു സംബന്ധിച്ചു നേരിട്ടു പറയാതെ ബിജെപി കേരളത്തിലും ഭരണത്തിലെ നിർണായക ശക്തിയാകണമെന്ന് ആവശ്യപ്പെട്ടു.

related stories