Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

40 ലക്ഷം തൊഴിൽ, 5 ജി, 50 എംബിപിഎസ് നെറ്റ് വേഗം; ടെലികോം വിപ്ലവത്തിന് കേന്ദ്രം

Telecom Sector പ്രതീകാത്മക ചിത്രം.

ന്യൂഡൽഹി∙ ടെലികോം മേഖലയെ രക്ഷിക്കാനുള്ള നിർദേശങ്ങളടങ്ങിയ കരട് ടെലികോം നയത്തിനു കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കി. 2022ൽ 40 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍, 5ജി സേവനം, ഇന്റർനെറ്റിന് 50 എംബിപിഎസ് വേഗം തുടങ്ങിയവയാണു പ്രധാന നിർദേശങ്ങൾ. ‘ദേശീയ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി 2018’ എന്ന പേരിലാണു ടെലികോം നയം അവതരിപ്പിച്ചത്. നിർമിത ബുദ്ധി, റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ക്ലൗഡ് കംപ്യൂട്ടിങ്, മെഷീൻ ടു മെഷീൻ (എംടുഎം) തുടങ്ങിയ നൂതന സംരംഭങ്ങൾക്കും ഊന്നലുള്ളതാണു കരടുനയം.

പരിഷ്കാരങ്ങളുടെ ഫലമായി ഡിജിറ്റൽ ആശയവിനിമയ മേഖലയിൽ 100 ബില്യൻ ഡോളര്‍ വരുമാനമാണു ലക്ഷ്യമിടുന്നത്. ലൈസന്‍സ് ഫീസ്, സ്‌പെക്‌ട്രം ഉപയോഗ ചാര്‍ജ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നു നയത്തിൽ പറയുന്നു. എല്ലാവര്‍ക്കും ബ്രോഡ്ബാന്‍ഡ് കണ‌ക്‌ഷൻ നല്‍കുന്നതിലൂടെയാണു 40 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നു കണക്കാക്കുന്നത്. ഇതിലൂടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) എട്ട് ശതമാനമാകുമെന്നും പ്രതീക്ഷിക്കുന്നു.

രാജ്യത്തെ 50 ശതമാനം വീടുകളിലും ബ്രോഡ്ബാന്‍ഡ് സംവിധാനവും പോര്‍ട്ടബലിറ്റി ലാന്‍ഡ് ലൈന്‍ സേവനവും നല്‍കും. 2020ൽ എല്ലാ പൗരന്മാർക്കും 50 എംബിപിഎസ് വേഗത്തിലും എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരു ജിഗാബിറ്റ് വേഗത്തിലും ഇന്റര്‍നെറ്റ് ലഭ്യമാക്കും. 2022ല്‍ ഇത് 10 ജിഗാബിറ്റായി ഉയര്‍ത്തും. 7.8 ലക്ഷം കോടിയോളം രൂപയുടെ നഷ്ടം നേരിടുന്ന ടെലികോം മേഖലയുടെ പ്രധാനപ്രശ്നം ഉയര്‍ന്ന സ്‌പെക്‌ട്രം വിലയും അനുബന്ധ ചെലവുകളുമാണ്. ഇതു പരിഹരിക്കാൻ ‘ഒപ്ടിമൽ പ്രൈസിങ് ഓഫ് സ്പെക്ട്രം’ നടപ്പാക്കുമെന്നും നയത്തിൽ വിശദമാക്കുന്നു.