Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭരണം ചോദ്യം ചെയ്താൽ നഖങ്ങൾ വെട്ടിമാറ്റും: വീണ്ടും വിവാദപ്രസ്താവനയുമായി ബിപ്ലബ് ദേബ്

Biplab Kumar Deb ബിപ്ലബ് കുമാർ ദേബ്

അഗർത്തല∙ മാധ്യമങ്ങൾ‌ക്കു മുന്നിൽ മസാല വിളമ്പുന്നുവെന്ന ആരോപണങ്ങൾക്കിടെ വീണ്ടും വിവാദത്തിലകപ്പെട്ട് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. മുൻലോകസുന്ദരി ഡയാന ഹെയ്ഡനെതിരായ പരാമർശത്തിനു മാപ്പു പറഞ്ഞതിനു പിന്നാലെ ഭരണത്തെക്കുറിച്ചു നടത്തിയ പ്രസംഗമാണ് ഇപ്പോൾ വിവാദത്തിലേക്കു നയിച്ചിരിക്കുന്നത്. അപകീർത്തികരമായ പ്രസംഗത്തിന് ഡയാനയോട് മാപ്പു പറഞ്ഞതിനു പിന്നാലെ അഗർത്തലയിൽ സിവിൽ സർവീസസ് ദിനത്തോട് അനുബന്ധിച്ചുനടന്ന ചടങ്ങിലായിരുന്നു ബിപ്ലബിന്റെ വിവാദപരാമർശം. സമൂഹമാധ്യമങ്ങളിലൂടെ ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

തന്റെ സർക്കാരിലോ ജനങ്ങൾക്കുമേലോ കൈകടത്താൻ അനുവദിക്കില്ല. ബിപ്ലബ് ദേബല്ല സർക്കാർ, ജനങ്ങളാണ് സർക്കാരെന്ന് വിഡിയോയിൽ ബിപ്ലബ് പറയുന്നു. കാണികൾക്കുനേരെ വിരൽചൂണ്ടിയായിരുന്നു ബിപ്ലബിന്റെ പ്രസംഗം. ഹാളിൽ നിശബ്ദത തുടരുന്നതിനിടെ ആർക്കും ജനത്തിനുമേൽ കൈകടത്താൻ ആകില്ലെന്ന് അദ്ദേഹം ആവർത്തിക്കുന്നു. എന്റെ ചെറുപ്പത്തിൽ സർക്കാർ ഭൂമി ആണെങ്കിൽ എന്തും ചെയ്യാമെന്നാണ് ആളുകൾ പറഞ്ഞിരുന്നത്. രാവിലെ എട്ടുമണിക്ക് ചന്തയിലെത്തിക്കുന്ന പാവയ്ക്ക് ഒൻപതുമണിയാകുമ്പോഴേക്കും നഖത്തിന്റെ പോറലേറ്റ് വാടിപ്പോകും. എന്റെ സർക്കാർ അങ്ങനെയല്ല. അധികാരത്തിൽ നഖത്തിന്റെ പാടുകൾ അവശേഷിക്കാൻ അനുവദിക്കില്ല. അത്തരം അനുഭവമുണ്ടാക്കാൻ ശ്രമിക്കുന്നവരുടെ നഖങ്ങൾ മുറിച്ചുമാറ്റുമെന്നും ബിപ്ലബ് പറഞ്ഞു.

അധികാരത്തിലേറി 50 ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ വിവാദങ്ങളുടെ തോഴനായി മാറിയിരിക്കുകയാണ് ബിപ്ലബ് കുമാർ ദേബ്. സിവിൽ സർവീസിൽ സിവിൽ എൻജിനീയർമാരെയാണു വേണ്ടതെന്നും മഹാഭാരത കാലത്ത് ഇന്റർനെറ്റും സാറ്റലൈറ്റ് വാർത്താവിനിമയവും ഉണ്ടായിരുന്നെന്നും അടുത്തയിടെ ബിപ്ലബ് അഭിപ്രായപ്പെട്ടിരുന്നു. ഡയാന ഹെയ്ഡനു ലോക സുന്ദരിപ്പട്ടം നൽകിയതിനെ വിമർശിച്ച ബിപ്ലബ് പിന്നീടു ക്ഷമ ചോദിച്ചിരുന്നു. മാധ്യമങ്ങൾക്കു ‘മസാല’ വിളമ്പരുതെന്നു ബിജെപി നേതാക്കളോടു പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചെങ്കിലും ബിപ്ലബ് വായടച്ചില്ല. ബുധനാഴ്ച കൂടിക്കാഴ്ച നടത്താൻ ബിപ്ലബിനെ മോദി ഡൽഹിയിലേക്കു വിളിപ്പിച്ചിട്ടുണ്ട്.  

related stories