Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറംകടലിൽ ആറു ദിവസം മരണത്തെ മുഖാമുഖം കണ്ട് 12 പേർ

Boat-Rescue പുറംകടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളെയും ബോട്ടിനെയും കരയ്ക്കെത്തിച്ചപ്പോൾ. ചിത്രം: മനോരമ

കാഞ്ഞങ്ങാട് ∙ ബോട്ട് തകരാറിലായി ആറു ദിവസം പുറംകടലിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾക്കു പുനർജന്മം. കേരള, തമിഴ്നാട് സ്വദേശികളായ 12 തൊഴിലാളികളാണു ബോട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ 25നു കർണാടകയിലെ മലപ്പയിൽനിന്നു പുറപ്പെട്ട ‘അൽ അമീൻ’ ബോട്ടാണ് അപകടത്തിൽ പെട്ടത്. തീരദേശ പൊലീസ്, ഫിഷറീസ് വകുപ്പ് എന്നിവരുടെ സംയുക്ത ദൗത്യത്തിലാണു തൊഴിലാളികളെ രക്ഷിച്ച് പുലർച്ചെ നാലോടെ അഴിത്തല ബോട്ടുജെട്ടിയിൽ എത്തിച്ചത്.

ബോട്ടിന്റെ പ്രൊപ്പലർ പൊട്ടി കടലിൽ പോയതിനെ തുടർന്നു നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 160 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപ്പോൾ ബോട്ടിന്റെ സ്ഥാനം. ബോട്ടിന്റെ നിയന്ത്രണം നഷ്ടമായതോടെ മത്സ്യതൊഴിലാളികൾ കടലിൽ കുടുങ്ങി. പുറംകടലിൽ ബോട്ട് അലക്ഷ്യമായി ഒഴുകുന്നതു കണ്ട മറ്റു മത്സ്യതൊഴിലാളികളാണു വിവരം തീരദേശ സംരക്ഷണ സേനയെ അറിയിച്ചത്. എറണാകുളം സ്വദേശിയുടേതാണു കടലിൽ കുടുങ്ങിയ ബോട്ട്. 

തീരസംരക്ഷണ സേനയുടെ ബോട്ട് അപകടത്തിൽപെട്ടവരെ ലക്ഷ്യമാക്കി നീങ്ങി. മത്സ്യ തൊഴിലാളികളെ രക്ഷിക്കാൻ സേന ശ്രമിച്ചെങ്കിലും ബോട്ടടക്കം കരയ്ക്ക് എത്തിക്കണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം സേന കലക്ടർ കെ.ജീവൻ ബാബുവിനെ അറിയിച്ചു. കലക്ടർ ഇടപെട്ട് കോസ്റ്റൽ പൊലീസിന്റെയും ഫിഷറിസ് വകുപ്പിന്റെയും കീഴിലുള്ള റെസ്ക്യൂ ബോട്ടിനെ രക്ഷാപ്രവർത്തനത്തിന് അയയ്ക്കുകയായിരുന്നു. അപകടത്തിൽ പെട്ട ബോട്ടിനെ മംഗളൂരുവിലെ ‘പ്രിയ’എന്ന ബോട്ടിൽ കെട്ടിവലിച്ചു കരയിൽനിന്നു 45 നോട്ടിക്കൽ മൈൽ വരെയെത്തിച്ചു. അവിടെ നിന്നാണ് റെസ്ക്യു ബോട്ട് തൊഴിലാളികളെയും ബോട്ടിനെയും അഴിത്തല ജെട്ടിയിലെത്തിച്ചത്.

കന്യാകുമാരി സ്വദേശികളായ മുത്തപ്പൻ (30), ജാൻ എഡിസൺ (31), ആൽബർട്ട് (64), ജയപാൽ (21) , സുനിൽ (37), വിഴിഞ്ഞം സ്വദേശികളായ സുരേഷ് (21), ബെപ്സൺ (37), പൂന്തുറ സ്വദേശി ബേബി ജോൺ (37), തിരുവനന്തപുരം സ്വദേശി ബല്ലാർമിൻ (40), തോപ്പുംപടി സ്വദേശികളായ ജോൺസൺ (48), ജോബി (32), ആസാം സ്വദേശിയായ സിജിൻദാസ് (19) എന്നിവരാണു കടലിൽ കുടുങ്ങിയത്. റെസ്ക്യു ബോട്ടിലെ മനു, ധനീഷ്, നാരായണൻ, കെ.കണ്ണൻ, സിപിഒ ഉണ്ണിരാജൻ എന്നിവർ രക്ഷപ്രവർത്തനത്തിനു നേതൃത്വം നൽകി. 

related stories