Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

sreejith-death മരിച്ച ശ്രീജിത്ത് (ഇടത്), ഭാര്യ അഖില (വലത്)

തിരുവനന്തപുരം∙ പൊലീസ് കസ്റ്റഡിയിൽ മരിച്ച വാരാപ്പുഴ ദേവസ്വംപാടംകരയിൽ ശ്രീജിത്തിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നു പത്തുലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഈ തുക മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കും. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് യോഗ്യതയ്ക്കനുസരിച്ച് ക്ലാസ് 3 തസ്തികയിൽ സർക്കാർ ജോലി നൽകാനും തീരുമാനിച്ചു.

ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി ലഭിക്കാൻ വേണ്ട ഇടപെടലുകൾ നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. ശ്രീജിത്തിന്റെ വീടുസന്ദർശിച്ചതിനു ശേഷമായിരുന്നു പ്രതികരണം.

മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങൾ:

∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) ജീവനക്കാർക്ക് 2014 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം അനുവദിക്കാൻ തീരുമാനിച്ചു. ∙ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്പ്മെൻറിലെ ജീവനക്കാർക്ക് 2014 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തോടെ ശമ്പളപരിഷ്കരണം അനുവദിക്കും.
∙ മേലാറ്റൂർ ആർ.എം.ഹൈസ്കൂളിലെ മലയാളം അധ്യാപകനായ സ്പീക്കർ പി. ശ്രീരാമകൃഷ്ണനു സ്വയം വിരമിക്കൽ പദ്ധതി പ്രകാരം വിരമിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചു.
∙ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ ദി ഹെറിറ്റേജ് ഓഫ് കോസ്റ്റൽ കേരള പ്രവർത്തനം ആരംഭിക്കുന്നതുവരെ പ്രഫ, കേശവൻ വെളുത്താട്ടിനെ പുനർനിയമന വ്യവസ്ഥയിൽ മുസിരിസ് പ്രൊജക്ട് ലിമിറ്റഡിൽ കൺസൾട്ടൻറായി നിയമിക്കാൻ തീരുമാനിച്ചു.