Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിഗയെ കൊന്നത് പീഡനശ്രമത്തിനിടെ; അറസ്റ്റിന് ഒരുങ്ങി പൊലീസ്

liga ലിഗ.

തിരുവനന്തപുരം∙ വിദേശ വനിത ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള രണ്ടുപേര്‍ കുറ്റം സമ്മതിച്ചതായി സൂചന. പീഡനശ്രമത്തിനിടെയാണു കൊലപാതകമെന്നു പ്രതികൾ സമ്മതിച്ചതായാണു വിവരം. പ്രദേശവാസികളായ ഇരുവരുടെയും അറസ്റ്റ് ഉടനുണ്ടായേക്കുമെന്നു പൊലീസ് സൂചന നല്‍കി. അതിനിടെ ലിഗയുടെ കയ്യിലുള്ള പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണു കൊലപാതകമെന്നും റിപ്പോർട്ടുകളുണ്ട്. കസ്റ്റഡിയിലുള്ള രണ്ടാമൻ ഇത്തരമൊരു മൊഴി നൽകിയതായാണു വിലയിരുത്തൽ

തുടക്കം മുതല്‍ തന്നെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും നൽകുന്നത്. കഴിഞ്ഞദിവസം മുതലാണു കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ പ്രതികള്‍ ആരംഭിച്ചത്. ബോട്ടിങ്ങിനെന്നു പറഞ്ഞു ലിഗയെ കൊണ്ടുപൊയിരുന്നതായി പ്രതികളിലൊരാള്‍ സമ്മതിച്ചിരുന്നു. രണ്ടുപേരും രണ്ടുകാരണങ്ങൾ പറഞ്ഞതു പൊലീസിനെ ഇപ്പോഴും കുഴക്കുന്നുണ്ട്. ആറു ദിവസത്തിലേറെ നീണ്ട ചോദ്യം ചെയ്യലിലാണു പ്രതികള്‍ കുറ്റസമ്മതത്തിലേക്ക് എത്തുന്നത്.

അതിനിടെ, കേസില്‍ നിർണായകമാകുന്ന ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചിട്ടില്ല. ലിഗയുടെ മൃതദേഹം കണ്ട കാട്ടിൽനിന്നു ശേഖരിച്ച തെളിവുകളുടെ ഫൊറൻസിക് ഫലവും കിട്ടാനുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിലൂടെ മാത്രമേ മാനഭംഗശ്രമം നടന്നിട്ടുണ്ടോയെന്നു സ്ഥിരീകരിക്കാനാവു. മാനഭംഗശ്രമം നടന്നതായി സ്ഥിരീകരിച്ചാൽ അതു ചെറുത്തതാണു കൊലയ്ക്കു കാരണമെന്ന പൊലീസ് അനുമാനം ശരിയാകും.

കാട്ടിൽനിന്നു ശേഖരിച്ച വിരലടയാളങ്ങളും മുടിയിഴകളും ആരുടെതെന്നു വ്യക്തമാക്കുന്നതാവും ഫൊറൻസിക് ഫലം. കസ്റ്റഡിയിലുള്ളവരുടെതാണ് ഇതെങ്കിൽ അവർക്കെതിരെയുള്ള ശാസ്ത്രീയ തെളിവാകുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു. ഇവ രണ്ടും ലഭിച്ചാൽ മാത്രമേ അറസ്റ്റിലേക്കു പോകാനാവൂ. അതേസമയം ലിഗയുടെ സഹാദരി ഇലിസിനെ സഹായിച്ച പൊതുപ്രവർത്തക അശ്വതി ജ്വാലയ്ക്കെതിരെ പരാതി നൽകിയവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. വ്യാജ പരാതിയാണോയെന്നു പരിശോധിച്ച ശേഷം മാത്രം ആരോപണത്തെക്കുറിച്ച് അന്വേഷിച്ചാൽ മതിയെന്നാണു തീരുമാനം.