Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുക്കൗട്ട് സർക്കുലറിലെ പേരിനോട് സാമ്യം; പ്രവാസി ദമ്പതികളെ തടഞ്ഞതിനു പിഴ

court-order-representational-image Representational Image

ന്യൂഡൽഹി∙ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചു പുറത്തിറക്കിയ ലുക്കൗട്ട് സർക്കുലറിലെ പേരിനോടു സാമ്യമുള്ളതിനാൽ പ്രവാസി ദമ്പതികളെ ഇന്ത്യയിലെ രണ്ടു വിമാനത്താവളങ്ങളിൽ തടഞ്ഞ സംഭവത്തിൽ കോടതിയുടെ ഇടപെടൽ. മൂന്നുതവണയാണു ദമ്പതികൾക്ക് സ്വന്തരാജ്യത്ത് ഈ ദുരനുഭവം വരുന്നത്. ഉത്തരവിറക്കിയ ഹൈക്കോടതിയെത്തന്നെ സമീപിച്ചാണ് ഇപ്പോഴവർ ആശ്വാസം കണ്ടെത്തിയിരിക്കുന്നത്.

തുടർന്ന്, ദുബായിൽനിന്നുള്ള ഈ ദമ്പതികൾക്ക് ഇനി മേലാൽ ഇത്തരം ദുരനുഭവം ഉണ്ടാകാതിരിക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഹൈക്കോടതി കർശന നിർദേശം നൽകിയിരിക്കുകയാണ്. മാത്രമല്ല, ദമ്പതികളെ അപമാനിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതിന് 20,000 രൂപയുടെ പിഴയും ആഭ്യന്തരമന്ത്രാലയത്തിന് ഏർപ്പെടുത്തിയിട്ടുമുണ്ട്.

പിഴ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി രാജീവ് ശക്ധെറിനെ മന്ത്രാലയം സമീപിച്ചെങ്കിലും ഉത്തരവു പിൻവലിക്കാൻ ജഡ്ജി തയാറായില്ല. ഇതേത്തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുൻപാകെ അപ്പീൽ നൽകിയെങ്കിലും അതും ബുധനാഴ്ച തള്ളി. ദമ്പതികൾക്കു പണം നൽകാൻ മടിക്കുന്ന മന്ത്രാലയം അപ്പീലിനായി എത്ര തുക നൽകിയെന്നും ജഡ്ജിമാരായ എസ്. രവീന്ദ്ര ഭട്ട്, എ.കെ. ചൗള എന്നിവരുടെ ബെഞ്ച് ചോദിച്ചു. ഇതിനുശേഷമാണ് അപ്പീൽ തള്ളിയത്.

2016 ജൂലൈയിലാണു ദമ്പതികളുടെ പേരിനോടു സാമ്യമുള്ളവരുടെ പേരിൽ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയത്. ദമ്പതികളെ 2017 നവംബർ 19ന് ന്യൂഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽവച്ചാണ് (ഐജിഐ) ആദ്യമായി തടഞ്ഞുവച്ചത്. കുറച്ചു മണിക്കൂറുകൾക്കുശേഷം തെറ്റു മനസ്സിലാക്കി വിട്ടയച്ചു. ഇതിനുപിന്നാലെ ആഭ്യന്തരമന്ത്രാലയത്തിന് ദമ്പതികൾ നിയമപരമായി നോട്ടിസ് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. പിന്നീടും രണ്ടുതവണ ഇവരെ ഐജിഐ, ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളങ്ങളിലും വച്ചു തടയുകയുണ്ടായി.