Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എസ്എൽസിക്ക് 97.84 ശതമാനം വിജയം; 34,313 പേർക്ക് മുഴുവൻ എ പ്ലസ്

SSLC Students Representational image

തിരുവനന്തപുരം∙ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 97.84 ശതമാനം പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ (2017 ൽ 95.98 ശതമാനം, 2016 ൽ 96.59 ശതമാനം) കൂടുതലാണ് ഇത്തവണത്തെ വിജയം. പരീക്ഷ എഴുതിയ 4,40,679 പേരിൽ 4,31,162 പേർ ഉപരിപഠനത്തിനു യോഗ്യത നേടി. 34,313 പേർ മുഴുവൻ എ പ്ലസ് നേടി; (2017 ലേതിനേക്കാൾ 13,346 പേർ അധികം) മുൻ വർഷം 20,967. പ്രൈവറ്റായി പരീക്ഷ എഴുതിയ 2784 പേരിൽ 2085 വിദ്യാർഥികൾ വിജയിച്ചു; 75.67%.

Read: അവിട്ടം വീട്ടിലെ മൂന്നു നക്ഷത്രങ്ങൾക്ക് ഫുൾ എ പ്ലസാണ് !

ജില്ലകളിൽ എറണാകുളമാണു മുന്നിൽ– 99.12 ശതമാനം. പിന്നിൽ വയനാട്– 93.87 ശതമാനം. മികച്ച ജയം രേഖപ്പെടുത്തിയ വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ് – 99.82 ശതമാനം.

മലപ്പുറത്താണു കൂടുതൽ എപ്ലസുകാർ– 2435. ഗൾഫ് മേഖലകളിൽ പരീക്ഷ എഴുതിയ 544 പേരിൽ 538 വിദ്യാർഥികൾ വിജയിച്ചു. 517 സർക്കാർ സ്കൂളുകളും 659 എയ്ഡഡ് സ്കൂളുകളും 389 അൺ എയ്ഡഡ് സ്കൂളുകളും 100 ശതമാനം വിജയം നേടി. ആകെ 1565 സ്കൂളുകളാണ് 100 ശതമാനം ജയം നേടിയത്. മുൻവർഷം ഇത് 1174 ആയിരുന്നു.

ടിഎച്ച്എസ്എൽസിയിൽ 3279 പേർ പരീക്ഷ എഴുതിയപ്പോൾ 3234 വിദ്യാർഥികൾ വിജയം കരസ്ഥമാക്കി– 98.6%.

പ്ലസ് വണ്ണിനു മാത്രം 4.2 ലക്ഷത്തിലേറെ സീറ്റുകളുണ്ടെന്നും പ്രവേശനനടപടികൾ ഒൻപതിനു തുടങ്ങുമെന്നും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ഇത്തവണ മാർക്ക് ദാനമോ മോഡറേഷനോ നൽകിയിട്ടില്ലെന്നു മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഫലം കാണുന്നു. സേ പരീക്ഷ മേയ് 21 മുതൽ 25 വരെ നടക്കും. പുനർമൂല്യനിർണയത്തിന് മേയ് 10 വരെ അപേക്ഷിക്കാം. 

പരീക്ഷാഫലം അറിയാൻ സന്ദർശിക്കുക:

http://keralapareekshabhavan.in,
http://results.kerala.nic.in,
keralaresults.nic.in,
www.kerala.gov.in,
www.prd.kerala.gov.in,
http://results.itschool.gov.in

PRD Live ആപ്പിലും ഫലം ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പിആർഡി ലൈവ് ആപ് ഡൗൺലോഡ് ചെയ്യാം. എസ്എസ്എൽസി ഒഴികെയുള്ള പരീക്ഷകളുടെ ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (http://keralapareekshabhavan.in) മാത്രമേ ലഭ്യമാകുകയുള്ളൂ.