Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൾണറബിലിറ്റി മാപ്പിങ് രണ്ടാം ഘട്ടം വൻ വിജയം; 77 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം

KudumbaSree Logo

തിരുവനന്തപുരം∙ കുടുംബശ്രീ മുഖേന നടത്തിയ അരക്ഷിതാവസ്ഥാ പഠനം വൾണറബിലിറ്റി മാപ്പിങ് രണ്ടാം ഘട്ടവും വൻവിജയമാകുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും സാമ്പത്തിക സാമൂഹിക വികസനവും ലക്ഷ്യമിട്ടു സിഡിഎസുകൾ സമർപ്പിച്ച 77 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അംഗീകാരം നൽകി.

2016 നവംബറിലാണു പദ്ധതിക്കു തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ 28 പഞ്ചായത്തുകളിൽ നടത്തിയ വൾണറബിലിറ്റി മാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ സമർപ്പിച്ച 12 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് 140 പഞ്ചായത്തുകളിലേക്കു പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ പിന്തുണയോടെ പ്രത്യേക പരിശീലനം ലഭിച്ച കുടുംബശ്രീ കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാർ, ജെൻഡർ റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവരാണു മാപ്പിങ്ങിനാവശ്യമായ വിവരശേഖരണം നടത്തിയത്.

വീടുകൾ, വിദ്യാലയങ്ങൾ, തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന വിവിധ സ്ഥാപനങ്ങൾ, അയൽസഭ, അയൽക്കൂട്ടങ്ങൾ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച സർവേയിൽ ഓരോ പ്രദേശത്തും പ്രദേശവാസികൾ നേരിടുന്ന പ്രശ്‌നങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിന്റെ അപര്യാപ്‌തതകൾ കാരണം അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും വ്യക്തമായിരുന്നു. ഇപ്രകാരം പദ്ധതി നടപ്പാക്കിയ ഓരോ പഞ്ചായത്തിൽനിന്നു ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ടു തയാറാക്കിയിരുന്നു. ഇതിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്‌സൺ മുഖേന അതതു തദ്ദേശ സ്ഥാപനങ്ങളിൽ സമർപ്പിച്ച 77 കോടി രൂപയുടെ പദ്ധതികൾക്കാണ് ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചത്.

വൾണറബിലിറ്റി മാപ്പിങ് നടപ്പാക്കിയ 140 പഞ്ചായത്തുകളിൽ വനിതാ വികസനം (10.65 കോടി രൂപ), ഉപജീവനവും തൊഴിൽ പരിശീലനവും (രണ്ടു കോടി രൂപ), ജെൻഡർ വികസനം (5.98 കോടി രൂപ), പട്ടികജാതി പട്ടികവർഗ വികസനം (1.71 കോടി രൂപ), അടിസ്ഥാന സൗകര്യ വികസനം (21 കോടി രൂപ), വെള്ളം, ആരോഗ്യം, ശുചിത്വം (11.61 കോടി രൂപ), കൃഷി- മൃഗസംരക്ഷണം (15.53 കോടി രൂപ) ഭിന്നശേഷിക്കാർ (3.76) ശിശുവികസനം (1.64), വയോജന പരിചരണം (2.95 കോടി) എന്നിങ്ങനെ വിവിധ മേഖകളിലായി സമർപ്പിച്ച പദ്ധതികൾക്കാണു തദ്ദേശ സ്ഥാപനങ്ങൾ അംഗീകാരം നൽകിയത്.

ആദ്യഘട്ടത്തിൽ മാപ്പിങ്ങിലൂടെ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപ്പാരൽ യൂണിറ്റ്, വനിതാ മെഡിക്കൽ ലാബ്, പ്ലാസ്റ്റിക് സംസ്കരണം തുടങ്ങി നിരവധി തൊഴിൽ പദ്ധതികൾക്കൊപ്പം ജെൻഡർ റിസോഴ്‌സ് സെന്ററുകൾ, വയോജനങ്ങൾക്കു പകൽവീട്, വിധവ ഉപജീവനം, ഭിന്നശേഷിക്കാർക്കു ട്രൈസൈക്കിൾ, നിർഭയയുടെ തുടർപ്രവർത്തനങ്ങൾ, പെൺ സൗഹൃദ ടോയ്‌ലെറ്റുകൾ, ബഡ്‌സ് സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പുവരുത്തുന്ന 12 കോടി രൂപയുടെ വ്യത്യസ്തങ്ങളായ പദ്ധതികൾക്കു പഞ്ചായത്തുകൾ തുക വകയിരുത്തി അംഗീകാരം നൽകിയിരുന്നു.