Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേംബ്രിജ് അനലിറ്റിക്ക പ്രവർത്തനം നിർത്തുന്നു; ‘അപകീർത്തി’ തിരിച്ചടിയായെന്നു വിശദീകരണം

cambridge-analytica

ലണ്ടൻ ∙ ഫെയ്സ്ബുക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ടു വിവാദത്തിലായ വിവര വിശകലന സ്ഥാപനമായ കേംബ്രിജ് അനലിറ്റിക്കയും (സിഎ) അതിന്റെ ബ്രിട്ടനിലെ മാതൃ സ്ഥാപനവുമായ എസ്‌സിഎൽ ഇലക്‌ഷൻസും പ്രവർത്തനം നിർത്തുന്നു. വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട വിവിധ മാധ്യമ വാർത്തകൾ കമ്പനിയുടെ ഉപയോക്താക്കളെയും മറ്റും ബാധിച്ചതിനാൽ തുടർപ്രവർത്തനങ്ങൾക്കു പണം കണ്ടെത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കേംബ്രിജ് അനലിറ്റിക്ക ലണ്ടനിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 

ഓൺലൈൻ പരസ്യരീതിയുടെ ഭാഗമായി നിയമപരവും പൊതുവിൽ സ്വീകാര്യവുമായ നിലയിൽ പ്രവർത്തിച്ച കമ്പനിക്ക് പരിഹരിക്കാനാകാത്ത അപകീർത്തിയാണ് ഇത്തരം മാധ്യമ വാർത്തകൾ സൃഷ്ടിച്ചതെന്നും വാർത്താക്കുറിപ്പിൽ സൂചനയുണ്ട്. യുകെയിലും ന്യൂയോർക്കിലെ ഫെഡറൽ കോടതിയിലും കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കാനുളള നിയമനടപടികൾക്കായി കേംബ്രിജ് അനലിറ്റിക്ക ഹർജി നൽകി. അതേസമയം, കേംബ്രിജ് അനലിറ്റിക്ക പ്രവർത്തനം നിർത്തിയാലും വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിനെതിരായി ആരംഭിച്ച നിയമനടപടികൾ തുടരാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. 

വിവര വിശകലന സ്ഥാപനമാണു കേംബ്രിജ് അനലിറ്റിക്കയെന്നും രാഷ്ട്രീയ നിലപാടുകൾ മാറ്റിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 2014 ൽ ഫെയ്സ്ബുക് വഴി മാത്രം ലോകമാകെ 8.70 കോടി പേരുടെ വ്യക്തിവിവരങ്ങളാണു നഷ്ടപ്പെട്ടതെന്നാണു കണക്കുകൾ. ഏറ്റവുമധികം യുഎസിൽ; 7.06 കോടി പേർ. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങൾ നഷ്ടമായ ഇന്ത്യ ഇക്കാര്യത്തിൽ ഏഴാം സ്ഥാനത്താണ്. വ്യക്തികളുടെ താൽപര്യങ്ങൾ, അഭിരുചികൾ, ഇഷ്ടങ്ങൾ, ബന്ധങ്ങൾ എന്നിവയടങ്ങിയ വിവരശേഖരമാണു ചോർത്തിയത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പ്രചാരകർക്കുവേണ്ടി കേംബ്രിജ് അനലിറ്റിക്ക ഫെയ്സ്ബുക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ വാർത്തയാണ് കമ്പനിക്കു തിരിച്ചടിയായത്. ഫെയ്സ്ബുക്കിനു പിന്നാലെ ട്വിറ്ററും കഴിഞ്ഞയാഴ്ച ഡേറ്റാ ചോർത്തൽ വിവാദത്തിൽപ്പെട്ടിരുന്നു. ലോകത്തെ മുൻനിര സമൂഹമാധ്യമങ്ങളിലൊന്നായ ട്വിറ്ററിനെതിരെയും വിവരച്ചോർച്ച ആക്ഷേപമുണ്ടായതോടെ ‘ഡേറ്റ ചോർത്തൽ’  വീണ്ടും വാർത്തകളിൽ ഇടം നേടി. ഇതിനിടെയാണ് കേംബ്രിജ് അനലിറ്റിക്ക പ്രവർത്തനം നിർത്തുന്നുവെന്ന വാർത്ത പുറത്തുവരുന്നത്. കേംബ്രി‍ജ് സർവകലാശാലയിലെ ഗവേഷകൻ അലക്സാണ്ടർ കോഗൻ വികസിപ്പിച്ച 'ദിസ് ഈസ് യുവർ ഡിജിറ്റൽ ലൈഫ്' എന്ന മൂന്നാംകക്ഷി ആപ്പിലൂടെയാണ് കേംബ്രിജ് അനലിറ്റിക്ക വ്യക്തിവിവരങ്ങൾ ചോർത്തിയത്. ഇതേ കോഗൻ സ്ഥാപിച്ച ഗ്ലോബല്‍ സയന്‍സ് റിസര്‍ച് (ജിഎസ്‌ആര്‍)എന്ന സ്ഥാപനം 2015ല്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് ‘ദ് സൺഡേ ടെലഗ്രാഫാ’ണ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത്.

related stories