Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ പരിപാടിയിൽ ഇ.പി.ജയരാജൻ എംഎൽഎയെ ഒഴിവാക്കി; സിപിഎമ്മിൽ വിവാദം

EP-Jayarajan ഇ.പി.ജയരാജൻ

കണ്ണൂർ∙ മന്ത്രി പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടിയിൽനിന്നു സ്ഥലം എംഎൽഎയെ ഒഴിവാക്കിയാൽ എന്തു ചെയ്യും. പ്രതിപക്ഷ എംഎൽഎ ആണെങ്കിൽ അവകാശലംഘനത്തിനു നോട്ടിസ് നൽകാം. പക്ഷേ ഒഴിവാക്കിയതു മുൻമന്ത്രി കൂടിയായ മുതിർന്ന സിപിഎം നേതാവിനെ ആണെങ്കിലോ? കണ്ണൂർ സിപിഎമ്മിൽ ചൂടുപിടിക്കുന്ന പുതിയ വിവാദത്തിന്റെ ഒരു ഭാഗത്തു മന്ത്രി കെ.കെ.ശൈലജയാണ്. മറുഭാഗത്ത് ഇ.പി.ജയരാജൻ എംഎൽഎയും. 

മട്ടന്നൂർ മണ്ഡലത്തിലെ ഊരത്തൂരിൽ ആരംഭിക്കുന്ന രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനം വിലയിരുത്താൻ മന്ത്രി ശൈലജയുടെ നേതൃത്വത്തിലെത്തിയ സംഘത്തിൽനിന്നാണു ഇ.പി.ജയരാജനെ ഒഴിവാക്കിയത്. കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും പദ്ധതി പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് നേതൃത്വവും ഉൾപ്പെട്ട സംഘത്തിൽ നിന്നാണു സ്ഥലം എംഎൽഎയായ ജയരാജനെ ഒഴിവാക്കിയത്. മട്ടന്നൂർ മണ്ഡലത്തിലെ ഊരത്തൂരിൽ 300 ഏക്കർ ഭൂമിയിലാണ് 300 കോടി രൂപ മുതൽമുടക്കിൽ രാജ്യാന്തര ആയുർവേദ ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നത്.  

സിപിഎം പ്രാദേശികനേതൃത്വം ഇതു സംബന്ധിച്ചു ജില്ലാ നേതൃത്വത്തിനു പരാതി നൽകി. കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും സംഭവം ചർച്ചയായി. സർക്കാർ നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ടു മന്ത്രി നടത്തിയ ഔദ്യോഗിക സന്ദർശനം സ്ഥലം എംഎൽഎയെ അറിയിക്കാത്തതു അവകാശലംഘനമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷ എംഎൽഎ ആണെങ്കിൽ അവകാശ ലംഘനത്തിനു നോട്ടീസ് നൽകാവുന്ന വിഷയമാണിതെന്നും ഇവർ പറയുന്നു. 

കഴിഞ്ഞ നിയമസഭാ സീറ്റുനിർണയകാലത്ത് ഉടലെടുത്ത കണ്ണൂർ പാർട്ടിയിലെ വിഭാഗീയതയാണു ജയരാജനെ ഒഴിവാക്കിയതിനു പിന്നിലെന്ന് ആരോപണമുണ്ട്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഒരു വർഷത്തോളം മട്ടന്നൂർ നഗരസഭയുടെ പരിപാടികളിൽ നിന്നു ജയരാജനെ അകറ്റി നിർത്തിയിരുന്നതായും ആരോപണമുണ്ടായിരുന്നു. ഇതു മട്ടന്നൂർ മണ്ഡലത്തിൽനിന്ന് ജയരാജനെ മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പിന്നീടു ബന്ധുനിയമന വിവാദകാലത്തു കണ്ണൂർ പാർട്ടിയിലെ വിഭാഗീയത പുതിയ തലങ്ങളിലെത്തി.

ഇതിന്റെ തുടർച്ചയായാണു മന്ത്രിയുടെ പരിപാടികളിൽ നിന്ന് എംഎൽഎയെ ഒഴിവാക്കുന്നതിലെത്തി നിൽക്കുന്നതെന്നു പാർട്ടിക്കുള്ളിൽ സംസാരമുണ്ട്. ഏപ്രിൽ 29നാണു മന്ത്രി ശൈലജയുടെ നേതൃത്വത്തിലുള്ള സംഘം ഊരത്തൂരിലെ ഭൂമി സന്ദർശിച്ചത്. കലക്ടർ മിർ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവർക്കു പുറമെ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.