Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎസ്എസ് വോട്ട് ചെയ്താലും എൽഡിഎഫ് സ്വീകരിക്കും: കാനം രാജേന്ദ്രൻ

Kanam Rajendran

കൊല്ലം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർഎസ്എസ് വോട്ട് ചെയ്താലും എൽഡിഎഫ് സ്വീകരിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആർഎസ്എസ് ഒഴികെയുള്ള ആരുടെ വോട്ടും സ്വീകരിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ ഒരാളുടെ വോട്ട് വേണ്ടെന്നു പറയാൻ എന്താണ് അധികാരമെന്നായിരുന്നു കാനത്തിന്റെ മറുപടി.

എൽഡിഎഫിനു വോട്ട് ചെയ്യാമെന്ന് ആർഎസ്എസുകാർക്കു തോന്നുകയാണെങ്കിൽ വേണ്ടെന്നു ‍ഞങ്ങൾ പറയില്ല. അവർ ആർക്കാണു വോട്ട് ചെയ്തതെന്നു പോയി നോക്കാനും പറ്റില്ല. കേരള കോൺഗ്രസ് എമ്മിന്റെ കാര്യത്തിലുള്ള നിലപാടിൽ മാറ്റമില്ല. കഴിഞ്ഞ പ്രാവശ്യം അവർ യുഡിഎഫിലായിരുന്നപ്പോഴാണു ഞങ്ങൾ ജയിച്ചത്. അതിൽനിന്ന് എൽഡിഎഫ് പിന്നോട്ടു പോകേണ്ട കാര്യമില്ല.‌

ആർക്കു വോട്ട് ചെയ്യുമെന്നു പറയാത്ത പാർട്ടിയാണു കേരള കോൺഗ്രസ് (എം). അവരെ മുന്നണിയിലെടുക്കുന്ന കാര്യം എൽഡിഎഫ് ചർച്ച ചെയ്തിട്ടില്ല. അഭിപ്രായസമന്വയമില്ലാതെ ഒരു പാർട്ടിയെ മുന്നണിയിലെടുക്കാനാകില്ല. എൽഡിഎഫ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണു മുൻപ് ഡിഐസിയുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയത്.

കേരളത്തിൽ ഇല്ലാത്ത ബിജെപിയല്ല ചെങ്ങന്നൂരിൽ എൽഡിഎഫിന്റെ മുഖ്യശത്രുവെന്നും യുഡിഎഫിനെ പരാജയപ്പെടുത്തുകയാണു കേരളത്തിലെ ലക്ഷ്യമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. എൽഡിഎഫും യുഡിഎഫും തമ്മിലാണു മത്സരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ത്രികോണ മത്സരതലത്തിലേക്കു വന്നിട്ടുണ്ട്. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങൾ നടക്കുമ്പോൾ അതിന്റെ തൊപ്പിയിലെ പൊ‍ൻതൂവലാകും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനതലത്തിൽ അധിഷ്ഠിതമായ ചിന്തകളാണു ബിജെപിയെ പരാജയപ്പെടുത്താൻ സ്വീകരിക്കുക. ദേശീയതലത്തിലുള്ള ഐക്യം ചിന്തിച്ചിട്ടു പോലുമില്ല.