Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചീഫ് ജസ്റ്റിസിനെതിരായ കുറ്റവിചാരണ നോട്ടിസ്; കോണ്‍ഗ്രസ് സുപ്രീംകോടതിയിൽ

sonia-rahul-manmohan

ന്യൂഡൽഹി∙ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരായ കുറ്റവിചാരണ നോട്ടിസ് തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍. ഉപരാഷ്ട്രപതിയുടെ തീരുമാനം നിയമവശം പരിഗണിക്കാതെയാണെന്നു രാജ്യസഭാ എംപിമാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണ സമിതി രൂപീകരിക്കുക മാത്രമായിരുന്നു ഉപരാഷ്ട്രപതിയുടെ ജോലിയെന്നും എന്നാല്‍ അദ്ദേഹം അതു നിര്‍വഹിച്ചില്ലെന്നും എംപിമാര്‍ ആരോപിച്ചു. ഹര്‍ജി നാളെ ശ്രദ്ധയില്‍പ്പെടുത്താന്‍ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ നിര്‍ദേശിച്ചു. 

സ്വീകരിക്കാൻ യുക്തിസഹമായ കാരണമില്ലെന്ന നിരീക്ഷണത്തോടെയാണു രാജ്യസഭാധ്യക്ഷൻ നോട്ടിസ് തള്ളിയത്. പ്രതിപക്ഷത്തിന്റെ നോട്ടിസിൽ പറയുന്ന അഞ്ച് ആരോപണങ്ങളും സുപ്രീം കോടതി തന്നെ പരിഹാരം കാണേണ്ട ആഭ്യന്തര പ്രശ്നങ്ങളാണ്. സുപ്രീം കോടതിയുടെ സ്വാതന്ത്ര്യം ഭരണഘടനയുടെ അടിസ്ഥാന പ്രമാണമാണ്. അതിനെതിരായ വെല്ലുവിളിയാണ് ആരോപണങ്ങൾ. സംശയം, ഊഹം, നിഗമനം എന്നിവയുടെ അടിസ്ഥാനത്തിലാണ് ആരോപണങ്ങൾ, ഉന്നയിക്കുന്നവർക്കു തന്നെ ഉറപ്പില്ല. ഭരണനിർവഹണത്തിന്റെ നെടുംതൂണുകളെ ദുർബലപ്പെടുത്തുന്ന ചിന്തകളും വാക്കുകളും പ്രവൃത്തിയും അനുവദിക്കാനാവില്ല– എന്നീ നിരീക്ഷണങ്ങളും നോട്ടിസ് തള്ളിക്കൊണ്ട് ഉപരാഷ്ട്രപതി നടത്തിയിരുന്നു. 

ഒരു മാസം നീണ്ട ആലോചനകൾക്കും പഠനത്തിനും ശേഷമാണു ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം നൽകിയ കുറ്റ‌വിചാരണ നോട്ടിസ് നിരാകരിച്ചതെന്ന് ഉപരാഷ്ട്രപതി പിന്നീടു വ്യക്തമാക്കി. കുറ്റവിചാരണ നോട്ടിസ് നിരാകരിച്ച തീരുമാനം തിടുക്കത്തിൽ കൈക്കൊണ്ടതാണെന്നും കീഴ്‌വഴക്കങ്ങൾക്കെതിരാണെന്നുമാണു പ്രതിപക്ഷ നിലപാട്.