Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചലച്ചിത്ര പുരസ്കാര വിതരണ വിവാദം രാഷ്ട്രീയ പ്രേരിതം: സിൻജാർ സിനിമയുടെ നിർമാതാവും സംവിധായകനും

film-award-sandeep-pampally

കൊച്ചി∙ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ വിവാദം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നു ദേശീയ അവാർഡ് കരസ്ഥമാക്കിയ ‘സിൻജാർ’ സിനിമയുടെ നിർമാതാവും സംവിധായകനും. രാഷ്ട്രം നൽകുന്ന പരമോന്നത അവാർഡ് നിരസിക്കുകയല്ല പ്രതിഷേധിക്കാനുള്ള മാർഗം. ചിലർ രാഷ്ട്രീയ പ്രേരിതമായി സംഭവം വിവാദമാക്കുകയായിരുന്നുവെന്നും സംവിധായകൻ സന്ദീപ് പാമ്പള്ളി, നിർമാതാവ് ഷിബു ജി. സുശീലൻ എന്നിവർ പറഞ്ഞു.

റിഹേഴ്സൽ സമയത്താണ് രാഷ്ട്രപതിയല്ല എല്ലാവർക്കും അവാർഡ് വിതരണം ചെയ്യുന്നതെന്ന വിവരം അറിയുന്നത്. എന്നാൽ മലയാളികളായിട്ടും ഇക്കാര്യത്തിൽ തങ്ങളെ മാറ്റി നിർത്തിയാണു മലയാള സിനിമാ രംഗത്തുള്ളവർ അവാർഡ് ബഹിഷ്കരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അവാർഡു വാങ്ങിയ ശേഷം തിരിച്ചെത്തിയ തങ്ങൾക്കെതിരെ ചിലർ സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉന്നയിക്കുകയായിരുന്നു. എന്നാൽ താൻ കഷ്ടപ്പെട്ട പണം കൊണ്ടു നിർമിച്ച സിനിമയ്ക്കു ലഭിച്ച അവാർഡ് വാങ്ങണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു മറ്റുള്ളവരല്ലെന്നും നിർമാതാവ് ഷിബു പറഞ്ഞു.

അവാർഡ് രാഷ്ട്രപതിയിൽനിന്നു തന്നെ വാങ്ങണമെന്നാണ് തങ്ങളുടെയും ആഗ്രഹമെന്ന് സംവിധായകൻ സന്ദീപ് പാമ്പള്ളി പറഞ്ഞു. എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് അവാർഡ് വിതരണ സമയത്ത് മുഴുവനായി രാഷ്ട്രപതി ഇല്ലെന്ന് അറിയിച്ചാൽ അത് ഉൾക്കൊള്ളുകയേ മാർഗമുള്ളു. ചെമ്മീൻ സിനിമയ്ക്കു ലഭിച്ച അവാർഡ് അക്കാലത്തു കേന്ദ്രമന്ത്രിയിൽനിന്നാണ് സ്വീകരിച്ചത്. അന്ന് ആരും രാഷ്ട്രപതി നൽകണമെന്നാവശ്യപ്പെട്ടു സമരം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അവാർഡ് വാങ്ങിയശേഷം എല്ലാവർക്കും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിക്കാമായിരുന്നു. വേണമെങ്കിൽ സർക്കാർ ഏർപ്പെടുത്തിയിരുന്ന വിരുന്നു സൽക്കാരം ബഹിഷ്കരിക്കുകയോ, കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി പ്രതിഷേധിക്കുകയോ ചെയ്യാമായിരുന്നു. എന്നാൽ ഇതിലൊന്നുമായിരുന്നില്ല ചിലരുടെ താൽപര്യമെന്നും ഇരുവരും ആരോപിച്ചു. ലക്ഷദ്വീപിലെ ജസരി ഭാഷയിൽ നിർമിച്ചിരിക്കുന്ന സിഞ്ജാർ എന്ന ചിത്രം നോമ്പിനു ശേഷം തിയറ്ററിലെത്തുമെന്നും ഇരുവരും അറിയിച്ചു.