Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര കള്ളക്കടത്തു കേസ്: ബിഷു ഷെയ്ക്കിനു ജാമ്യം; സിബിഐയ്ക്കു കോടതിയുടെ വിമർശനം

court-order-1 Representational image

തിരുവനന്തപുരം∙ രാജ്യാന്തര കള്ളക്കടത്തു കേസിൽ അറസ്റ്റിലായ മുഹമ്മദ് ഇമാമുൽ ഹഖ് എന്ന ബിഷു ഷെയ്ക്കിനു കർശന ഉപാധികളോടെ സിബിഐ കോടതി ജാമ്യം നൽകി. കേസിൽ കുറ്റപ്പത്രം നൽകാനോ പ്രതികൾക്കെതിരെ ശക്തമായ തെളിവു ഹാജരാക്കാനോ സിബിഐക്കു കഴിയാതെ വന്നതോടെയാണു കോടതി ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരം ജില്ല വിട്ടുപോകാൻ പാടില്ല, രണ്ടു ദിവസത്തിനകം പാസ്പോർട്ട് കോടതിയിൽ നൽകണം, ബിഎസ്എഫ് ജീവനക്കാരുമായി ബന്ധപ്പെടാൻ ശ്രമിക്കരുത്‌, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ കൊച്ചിയിലെ സിബിഐ ഓഫിസിൽ ഹാജരാകണം, ജാമ്യം നിൽക്കുന്നവർ കേരളത്തിൽനിന്നുള്ളവർ ആകണം എന്നീ വ്യവസസ്ഥകളോടെയാണു ജാമ്യം. കേസിൽ ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്ത സിബിഐ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമർശിച്ചു.

മാത്രമല്ല കേസിൽ പല കുറ്റവും ആരോപിക്കുന്നുണ്ടെങ്കിലും അതിനെ ശരിവയ്ക്കുന്ന റിപ്പോർട്ട് സിബിഐ സമർപ്പിച്ചിട്ടില്ല. നിയമപരമായി പ്രതകൾക്കു ജാമ്യം അനുവദിക്കാനുള്ള സമയം ആയതിനാലാണു ജാമ്യം നൽകുന്നതെന്നും ഉത്തരവിൽ പറയുന്നു. ജാമ്യ ഹർജിയിൽ വാദം പരിഗണിച്ചപ്പോൾ തന്നെ പ്രതികൾക്കു ജാമ്യം അനുവദിക്കാനുള്ള സമയം കാത്തിരിക്കുകയാണോയെന്നു സിബിഐയോടു കോടതി ചോദിച്ചിരുന്നു. എന്നിട്ടും സിബിഐ അന്വേഷണ സംഘം ഒന്നും ചെയ്തില്ല.

നേരത്തെ കേസിലെ ഒന്നാം പ്രതി ജിബു ഡി. മാത്യുവിനും കോടതി ഇത്തരം സാഹചര്യയത്തിലായിരുന്നു ജാമ്യം നൽകിയത്. ബിഷു ഷെയ്ക്ക് കഴിഞ്ഞ രണ്ടു മാസമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മാർച്ച് നാലിനാണു ബിഎസ്എഫ് കമൻഡാന്റ് ‌ജിബു ഡി.മാത്യവിനു കൈക്കൂലി നൽകിയിരുന്ന ബിഷു ഷെയക്കിനെ സിബിഐ കൊൽക്കത്തയിൽനിന്നു പിടികൂടിയത്. ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിൽ എത്തുന്ന കള്ളക്കടത്തുകാർക്കു ജിബു ‌വഴിവിട്ട സഹായങ്ങൾ ചെയ്‌തിരുന്നതു ബിഷു ഷെയ്ക്കിന്റെ നിർദ്ദേശ പ്രകാരമാണെന്നാണു സിബിഐ ആരോപണം. അര കോടി രൂപയുമായി യാത്ര ചെയ്യവെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വച്ചാണു ജിബുവിനെ സിബിഐ പിടികൂടുന്നത്. ഈ കേസിലെ രണ്ടാം പ്രതിയായ ബിഷു ഷെയ്ക്കിനു വേണ്ടി മുൻ സോളിസിസ്റ്റർ ജനറൽ ഫാറൂഖ് എം. റസാക്ക് ഹാജരായി.