Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയുടേത് നയങ്ങളല്ല, മണ്ടൻ ആശയങ്ങൾ; സമ്പദ്‌ വ്യവസ്ഥയെ നശിപ്പിച്ചെന്നും മൻമോഹൻ

Narendra-Modi-Manmohan-Singh നരേന്ദ്രമോദി, മൻമോഹൻ സിങ്.

ബെംഗളൂരു∙ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നശിപ്പിച്ചെന്നു മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ്. ഏറെ വർഷങ്ങളെടുത്താണ് ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറ്റിയെടുത്തത്. എന്നാൽ അതിപ്പോൾ ഘട്ടംഘട്ടമായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്– കർണാടകയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായെത്തിയ മൻമോഹൻ സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ മോദി സർക്കാർ എങ്ങനെ വികലമാക്കിയെന്ന് ഓരോ വിഷയത്തിലുമൂന്നിയായിരുന്നു മൻമോഹൻ വിശദീകരിച്ചത്.

‘എല്ലാം നല്ലതിനു വേണ്ടി’ എന്നു പറഞ്ഞു മോദി നടപ്പാക്കിയ എല്ലാ പദ്ധതികളും രാജ്യത്തിനു വൻ നഷ്ടമാണുണ്ടാക്കിയത്. കൃത്യമായി വിശകലം ചെയ്യാതെയും യുക്തിരഹിതമായും നയങ്ങൾ നടപ്പാക്കിയതിന്റെ ബാക്കിപത്രമാണിത്. മോദി സർക്കാരിനു കീഴെ ഇന്ത്യ ഇന്ന് അനുഭവിക്കുന്ന പല പ്രശ്നങ്ങളും കൃത്യമായ ആസൂത്രണമുണ്ടായിരുന്നെങ്കിൽ ഒഴിവാക്കാനാകുമായിരുന്നു. 2013 സെപ്റ്റംബറിൽ വിവിധ ബാങ്കുകളെ കബളിപ്പിച്ച് തട്ടിയെടുത്ത പണത്തിന്റെ കണക്ക് 28,416 കോടി രൂപയായിരുന്നു. എന്നാൽ 2017 സെപ്റ്റംബറായപ്പോൾ അത് 1.11 ലക്ഷം കോടി കടന്നു. എന്നാൽ ഇതിനു കാരണക്കാരായവരാകട്ടെ യാതൊരു കുഴപ്പവും പറ്റാതെ രക്ഷപ്പെട്ടു നടക്കുന്നു. ഇത്തരത്തിൽ സമ്പദ്‌വ്യവസ്ഥയെ യാതൊരു അച്ചടക്കവുമില്ലാതെ കൈകാര്യം ചെയ്യുന്ന മോദിയുടെ രീതി ബാങ്കിങ് മേഖലയെക്കുറിച്ചു ജനങ്ങൾക്കുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. 

രാജ്യം ഇന്ന് ഏറെ ദുഷ്കരമായ അവസ്ഥയിലൂടെയാണു കടന്നുപോകുന്നത്. യുവാക്കൾക്കു ജോലിയില്ല. കർഷകരുടെ ജീവനോപാധി നിലച്ചിരിക്കുന്നു. സാധിക്കാവുന്ന നേട്ടത്തിലേക്കു പോലും എത്താനാകാതെ സമ്പദ് വ്യവസ്ഥ തളരുകയുമാണ്.  ഈ വിഷമഘട്ടങ്ങളെയെല്ലാം പൂർണമായും ഒഴിവാക്കാവുന്നതായിരുന്നു. എന്നാൽ വെല്ലുവിളികളെ നേരിടാതെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നവരെ നിശബ്ദരാക്കാനാണു കേന്ദ്രം ശ്രമിക്കുന്നത്, ഇതു വേദനാജനകമാണ്. 

സാമ്പത്തിക നയങ്ങൾ ജനങ്ങളുടെ ജീവിതത്തെ ഏറെ ബാധിക്കുമെന്നോർക്കണം. നിർണായക തീരുമാനങ്ങളെടുക്കാൻ ചുമതലപ്പെട്ടവർ നയങ്ങളെയും പദ്ധതികളെയും പറ്റിയാണു ചിന്തിക്കേണ്ടത്. മനസ്സിൽ തോന്നുന്ന കാര്യങ്ങളും വിചിത്രഭാവനകളും അനുസരിച്ചല്ല നയങ്ങൾ രൂപീകരിക്കേണ്ടത്. ഇന്ത്യയെന്നത് സങ്കീർണവും വൈവിധ്യമാർന്നതുമായ രാജ്യമാണ്. ഇവിടെ എല്ലാ അറിവിന്റെയും ‘കേന്ദ്ര’മായി ഒരാൾക്കു മാത്രം നിലനിൽക്കാനാകില്ലെന്നു മോദിയെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടു മൻമോഹൻ വ്യക്തമാക്കി. 

ബിജെപി സർക്കാരിന്റെ ദുരന്തപൂർണമായ നയങ്ങളെപ്പറ്റി ആരെങ്കിലും ചോദ്യം ചെയ്താൽ ‘എല്ലാം നല്ലതിനു വേണ്ടി’ എന്നാണു മറുപടി. നല്ലതിനാണെന്ന് അവകാശവാദം ഉന്നയിക്കുമ്പോള്‍ പോലും രാജ്യത്തിനു വൻ നഷ്ടമാണ് അത്തരം നയങ്ങളുണ്ടാക്കുന്നത്. പല നയങ്ങളും യുക്തിഭദ്രമല്ല, വിശകലനത്തിനും വിധേയമാക്കിയിട്ടില്ല – ഇതിന്റെ നഷ്ടം ഇന്ത്യയൊട്ടാകെ അനുഭവിക്കുകയാണ്. യുപിഎ സര്‍ക്കാരിനു കീഴെ ഇന്ത്യയുടെ ശരാശരി  വളർച്ചാ നിരക്ക് ഏഴു ശതമാനമായിരുന്നു. രാജ്യാന്തരതലത്തിൽ മോശം സാഹചര്യങ്ങളായിരുന്നിട്ടു കൂടി ആ വളർച്ച എട്ടു ശതമാനത്തിലുമെത്തിയിട്ടുണ്ട്. എന്നാൽ ഇന്ധനവില കുറഞ്ഞിട്ടും രാജ്യാന്തര തലത്തിൽ മികച്ച അന്തരീക്ഷമുണ്ടായിട്ടും എൻഡിഎ സർക്കാർ വളർച്ചയെ താഴോട്ടടിക്കുകയാണു ചെയ്തതെന്നും മൻമോഹൻ ചൂണ്ടിക്കാട്ടി. 

മോദി സർക്കാരിന്റെ രണ്ടു മണ്ടൻ തീരുമാനങ്ങളാണ് നോട്ട് അസാധുവാക്കലും തിരക്കിട്ട് ജിഎസ്ടി നടപ്പാക്കിയതും. ഇവ കാരണം സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടായ തിരിച്ചടി ഏറ്റവും രൂക്ഷമായി ബാധിച്ചത് സൂക്ഷ്മ–ഇടത്തരം– ചെറുകിട വ്യാപാരമേഖലയെയാണ്. ലക്ഷക്കണക്കിനു പേർക്കു തൊഴിൽ നഷ്ടപ്പെടാനും നയങ്ങളെന്ന പേരിൽ നടപ്പാക്കിയ ഈ ‘മണ്ടത്തരങ്ങൾ’ കാരണമായി.

രാജ്യത്തു നിന്നുള്ള കയറ്റുമതി കഴിഞ്ഞ 14 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയിരിക്കുന്നു. രാജ്യാന്തര സമ്പദ്‌വ്യവസ്ഥ ഉണർവിന്റെ പാതയിലായിരിക്കെയാണ് ഇത്. വിയറ്റ്നാം പോലുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നു കയറ്റുമതി വൻതോതിൽ കൂടുകയും ചെയ്യുന്നു. ക്രൂഡ് ഓയിൽ വില ഇടിഞ്ഞിട്ടും ചരിത്രത്തിലെ ഏറ്റവും വലിയ വർധനവാണ് ഇന്ത്യയിൽ പെട്രോൾ–ഡീസൽ വിലയിൽ ഉണ്ടായിരിക്കുന്നത്. മോദി സർക്കാർ വൻതോതിൽ ചുമത്തിയ എക്സൈസ് ഡ്യൂട്ടിയാണ് ഇതിനു കാരണം. വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങളിലേക്കെത്തിക്കുന്നതിനു പകരം അവരെ ശിക്ഷിക്കുന്ന നിലപാടാണു മോദി സര്‍ക്കാർ സ്വീകരിക്കുന്നതെന്നും മൻമോഹൻ സിങ് കുറ്റപ്പെടുത്തി.

related stories