Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇത് എന്റെ അവസാന വിഡിയോ ആയിരിക്കും’; ബിജെപിയെ കുരുക്കി പെൺകുട്ടിയുടെ പരാതി

187550172 Representative image

മംഗളൂരു∙ ഇതരമതത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ പെൺകുട്ടിയെ വീട്ടുതടങ്കലിലാക്കിയെന്നു പരാതി. മംഗളൂരുവിൽ ബിജെപി നേതാവിന്റെ സഹായത്തോടെ പാർപ്പിച്ച വീട്ടിൽനിന്നു കഴിഞ്ഞ ദിവസം കർണാടക പൊലീസെത്തിയാണു പെൺകുട്ടിയെ മോചിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ ഇപ്പോൾ പൊലീസ് സംരക്ഷണത്തിൽ മംഗളൂരുവിലെ മഹിളാമന്ദിരത്തിലാക്കിയിരിക്കുകയാണ്. ബിജെപി നേതാവിന്റെ കീഴിലുള്ള വീട്ടിൽ തടവിലാണു താനെന്നും രക്ഷിക്കണമെന്നുമാവശ്യപ്പെട്ടു പെൺകുട്ടി പുറത്തുവിട്ട വിഡിയോ വൈറലായതിനെത്തുടർന്നാണു പൊലീസ് നടപടി. മംഗളൂരു പാണ്ഡേശ്വരം വനിതാ പൊലീസ് സ്റ്റേഷനിലാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടിയെ അനധികൃതമായി വീട്ടുതടങ്കലിലാക്കിയതിന് അമ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരെ പിന്നീട് ഇടക്കാല ജാമ്യത്തിൽ വിട്ടയച്ചു.

അതേസമയം കർണാടകയിൽ തിരഞ്ഞെടുപ്പു സമയമായതിനാൽ കേസിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിടുന്നില്ല. മംഗലാപുരം ബർക്കെ സ്റ്റേഷൻ പരിധിയിലുള്ള ബിജെപി നേതാവിന്റെ വീട്ടിലാണു പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത്. അതല്ല, വീട് കണ്ടെത്തിക്കൊടുക്കാൻ പെൺകുട്ടിയുടെ അമ്മയെ നേതാവ് സഹായിച്ചതാണെന്നും പറയപ്പെടുന്നു.

അമ്മയ്ക്കൊപ്പം താമസിച്ചു വരവെയാണ് തന്നെ രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചു തൃശൂർ സ്വദേശി പെൺകുട്ടി വിഡിയോ പുറത്തുവിട്ടത്. മേയ് ഒന്നിനാണു പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രാദേശിക പൊലീസ് ഉൾപ്പെടെ സംഭവത്തിൽ നിശബ്ദത പാലിച്ചെങ്കിലും പെൺകുട്ടിയെ രക്ഷപ്പെടുത്തി മഹിളാമന്ദിരത്തിലെത്തിച്ചതോടെ വാർത്ത പുറത്തുവരികയായിരുന്നു.

‘ഇത് എന്റെ അവസാനത്തെ വിഡിയോ ആയിരിക്കും. ജീവന് അത്രയും ഭീഷണിയായിട്ടാണ് ഈ വിഡിയോ ചെയ്യുന്നത്. റിസ്കെടുത്താണ് ചെയ്യുന്നത്. എനിക്കു നാളെ എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി എന്റെ അമ്മയാണ്. രണ്ടു വർഷമായി അനുഭവിക്കാൻ ഇനി ബാക്കിയൊന്നുമില്ല. രണ്ടു മാസം മാനസിക രോഗത്തിനാണെന്നു പറഞ്ഞ് എന്നെ കൊച്ചിയിലെ ആശുപത്രിയിലാക്കി. പിന്നെ രണ്ടു രണ്ടര മാസത്തോളം ആർഎസ്എസിന്റെ ഒരു ഓർഫനേജിൽ കഴിഞ്ഞു.

ഇപ്പോൾ മംഗലാപുരത്താണ്. അതും ബിജെപിക്കു കീഴിൽ ഒരു വീട് വാടകയ്ക്കെടുത്ത്. എന്നെ ഇവിടെ കൊണ്ടു ചെന്നാക്കിയ ആൾ വൃത്തികെട്ട സ്വഭാവക്കാരനാണ്. എന്നെ ഒറ്റയ്ക്ക് ഇയാളുടെ കൂടെ നിർത്തിയാണ് അമ്മ നാട്ടിലേക്കു പോകുന്നത്. രണ്ടു വർഷമായി ഞാൻ നാട്ടിലേക്കു പോകുന്നില്ല. ഞാനിവിടെ ജോലി ചെയ്ത് അമ്മയെ നോക്കി ജീവിക്കുകയാണെന്നാണു നാട്ടിൽ പറഞ്ഞിരിക്കുന്നത്. പക്ഷേ അതല്ല ഇവിടെ നടക്കുന്നത്.

നാട്ടിൽ പോകണമെന്നു പറഞ്ഞാൽ തല്ലാണ്. ദേഹം മുഴുവൻ അടി കിട്ടിയ പാടുകളാണ്. അച്ഛന്റെ വീട്ടുകാർക്ക് അമ്മയോടുള്ള ദേഷ്യത്താലാവാം എന്നെ സഹായിക്കാനെത്താത്തത്. രക്ഷപ്പെടാൻ വേറൊരു വഴിയുമില്ല. രണ്ടു വർഷത്തോളം പിടിച്ചു നിന്നു. ഇപ്പോൾ അവന്റെ കൂടെ ജീവിക്കാമെന്നുള്ള വിശ്വാസവുമില്ല. അതിനാലാണ് വിഡിയോ ചെയ്യുന്നത്. ഇവിടെ ബിജെപി ഫുൾ ഫോഴ്സായിട്ടാണുള്ളത്. രണ്ടാഴ്ചയ്ക്കെന്നു പറഞ്ഞു വന്നിട്ട് രണ്ടു വർഷത്തോളമായി ഞാനിവിടെ... ഫോൺ ഉപയോഗിച്ചെന്നറിഞ്ഞാൽ അവരെന്നെ ജീവനോടെ വച്ചേക്കില്ല. സഹായിക്കണം, രക്ഷിക്കണം...’ മൂന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ പെൺകുട്ടി കരഞ്ഞു പറയുന്നു.

തുടർന്നു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെ തിരിച്ചറിഞ്ഞ മംഗളൂരു സിറ്റി പൊലീസ് ഇവർ താമസിക്കുന്ന വാടകവീട്ടിലെത്തിയാണു രക്ഷപ്പെടുത്തിയത്. അമ്മയും ഒപ്പമുണ്ടായിരുന്നു. അമ്മയ്ക്കൊപ്പം പോകില്ലെന്നു പറഞ്ഞ പെൺകുട്ടിയെ മംഗളൂരു സെക്കൻഡ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ നിര്‍ദേശ പ്രകാരം മഹിളാമന്ദിരത്തിലേക്കു മാറ്റുകയായിരുന്നു. രണ്ടു മാസം മുൻപ് മൊബൈൽ ലഭിച്ചപ്പോൾ യുവാവിന് പെൺകുട്ടി വാട്സാപ്പിൽ അയച്ച വിഡിയോ ആണു പിന്നീട് പ്രചരിപ്പിക്കപ്പെട്ടതും രക്ഷയായതും.