Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ നിലപാടു മാറ്റി ലണ്ടൻ മേയർ, ട്രംപിനെ കാണുന്നതിൽ സന്തോഷമേയുള്ളെന്ന് സാദിഖ് ഖാൻ

sadiq-khan സാദിഖ് ഖാൻ

ലണ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളെയും നിലപാടുകളെയും ഇസ്‌ലാംവിരുദ്ധ പ്രസ്താവനകളെയും തുറന്നെതിർക്കുന്ന ലണ്ടൻ മേയർ സാദിഖ് ഖാൻ ഒടുവിൽ നിലപാടു മയപ്പെടുത്തി. ജൂലൈയിൽ ബ്രിട്ടനിലെത്തുന്ന ട്രംപിനെ കാണാനായാൽ സന്തോഷമേയുള്ളൂ എന്നാണു സാദിഖിന്റെ പുതിയ നിലപാട്. ലണ്ടനിലെത്തിയാൽ ട്രംപിനു ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ഇതുവരെ പരസ്യമായി നിലപാടെടുത്തിരുന്ന മേയർ കഴിഞ്ഞദിവസം ബിബിസിയുടെ ഒരു ഷോയിൽ പങ്കെടുക്കവേയാണു നിലപാട് മയപ്പെടുത്തിയത്. ‌‌

പ്രസിഡന്റിന്റെ സന്ദർശനം എന്തായാലും നടക്കുമെന്ന് ഉറപ്പായ ഘട്ടത്തിൽ പരസ്യമായ എതിർപ്പു തുടരുന്നതു രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് ഈ നിലപാടു മാറ്റത്തിനു കാരണം. രാജ്യാന്തര വിഷയങ്ങളിൽ ബ്രിട്ടന്റെ എക്കാലത്തെയും സഖ്യകക്ഷിയായ അമേരിക്കയെ തുറന്നെതിർത്തുള്ള രാഷ്ട്രീയനിലനിൽപ് സാധ്യമാകില്ലെന്ന തിരിച്ചറിവാണ് ഈ മാറ്റത്തിനു പിന്നിലെന്നാണു വിലയിരുത്തൽ.

ട്രംപിന്റെ ബ്രെക്സിറ്റ് അനുകൂല നിലപാടുകളിലും ഇസ്‌ലാം വിരുദ്ധ പ്രസ്താവനകളിലും പ്രതിഷേധിച്ചാണു സാദിഖ് ഖാൻ അദ്ദേഹത്തിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നത്. ലണ്ടനിൽ ട്രംപിനു ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന സാദിഖിന്റെ നിലപാടാണു പലവട്ടം ട്രംപിന്റെ സന്ദർശനം മാറ്റിവയ്ക്കാൻ കാരണമായയും. മേയറുടെ നിലപാട് ട്രംപ് വിരുദ്ധർക്കും വലിയ കരുത്തായിരുന്നു.

എന്നാൽ ട്രംപിനെ കാണുന്നതിൽ സന്തോഷമേ ഉള്ളൂവെന്നും ലണ്ടൻ നഗരത്തിന്റെ സാംസ്കാരിക വൈവിധ്യവും അതിന്റെ ശക്തിയും അദ്ദേഹത്തിനു മനസിലാക്കിക്കൊടുക്കുമെന്നുമാണ് ഇപ്പോൾ സാദിഖ് ഖാൻ നിലപാടെടുത്തിരിക്കുന്നത്. പക്ഷേ, സാദിഖിനെ കാണാൻ ട്രംപ് തയാറാകുമോ എന്നാണ് ഇനി അറിയേണ്ടത്. എന്തായാലും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇതുവരെ നടപടികളൊന്നും ആയിട്ടില്ല.

ജൂലൈ 13നാണ് ട്രംപിന്റെ ആദ്യത്തെ ബ്രിട്ടിഷ് സന്ദർശനം പ്ലാൻ ചെയ്തിട്ടുള്ളത്. ഔദ്യോഗിക സന്ദർശനം എന്ന വിശേഷണം ഒഴിവാക്കി വർക്കിങ് വിസിറ്റ് എന്ന ലേബലിലാണു ട്രംപ് യുകെയിൽ എത്തുന്നത്.