Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എ.വി. ജോർജിന്റെ സസ്പെൻഷനും വകുപ്പുതല അന്വേഷണവും തന്ത്രമോ ?

av-george

കൊച്ചി∙ വരാപ്പുഴ കസ്റ്റഡി കൊലക്കേസി‍ൽ മുൻ റൂറൽ എസ്പി: എ.വി.ജോർജിനെ സസ്പെൻഡ് ചെയ്തെങ്കിലും വകുപ്പുതല അച്ചടക്ക നടപടിക്കുള്ള ശുപാർശ പ്രതിസ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഒഴിവാക്കാനുള്ള നീക്കമെന്ന് ആരോപണം. പ്രോസിക്യൂഷൻ നടപടികൾക്കു പകരം വകുപ്പുതല അച്ചടക്ക നടപടിക്കു ശുപാർശ ചെയ്തതു തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെടുന്നു.

കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബാംഗങ്ങളെ പ്രീണിപ്പിച്ചു സിബിഐ അന്വേഷണമെന്ന ആവശ്യത്തിൽനിന്നു പിന്മാറ്റാനും ശ്രമം തുടങ്ങി. ശ്രീജിത്തിന്റെ ഭാര്യയാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ജോർജിന്റെ നേരിട്ടുള്ള പങ്കാളിത്തം പരാമർശിക്കാതെ റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) രൂപീകരിച്ചതിലെ ചട്ടലംഘനത്തിൽ ഊന്നിയുള്ളതാണു സസ്പെൻഷനെന്നാണു സൂചന.

എറണാകുളം റൂറൽ പൊലീസിന്റെ ടൈഗർ ഫോഴ്സ് സംവിധാനത്തെ കുറിച്ചു നേരത്തെ അറിയാവുന്നവർ തന്നെയാണു ഡിജിപി ലോക്നാഥ് ബെഹ്റയും മറ്റു മേലധികാരികളും. ഔദ്യോഗിക യോഗങ്ങൾക്കിടയിൽ ഈ സംവിധാനത്തെ പ്രശംസിച്ചു ഡിജിപി സംസാരിച്ചിട്ടുണ്ടെന്നും എസ്പിയുമായി അടുത്ത കേന്ദ്രങ്ങൾ പറഞ്ഞു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ പ്രത്യേക താൽപര്യ പ്രകാരമാണു വരാപ്പുഴ കേസിൽ എസ്പി ഇടപെട്ടതെന്ന ആരോപണം ശക്തമാണ്. ഇതു ബോധ്യപ്പെടുന്ന ടെലിഫോൺ സംഭാഷണ രേഖകൾ അടക്കം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

കേസിൽ പ്രതിയാക്കിയാൽ, അറസ്റ്റിലായ മറ്റു പൊലീസുകാർ എസ്പിക്കെതിരെ സംസാരിച്ചതു പോലെ, എസ്പി സിപിഎമ്മിന്റെ പങ്കു വെളിപ്പെടുത്തുമെന്ന ആശങ്ക അധികാര കേന്ദ്രങ്ങളിലുണ്ട്.

സാധാരണ കസ്റ്റഡി മരണക്കേസുകളിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയശേഷം സിബിഐ അന്വേഷണമെന്ന ആവശ്യം ഉന്നയിക്കപ്പെടുമ്പോൾ സർക്കാർ ശക്തമായി എതിർക്കാറില്ല. എന്നാൽ വരാപ്പുഴക്കേസിന്റെ അന്വേഷണം ഒരു കാരണവശാലും സിബിഐക്കു കൈമാറരുതെന്ന നിലപാടിലാണു സംസ്ഥാന സർക്കാരും പൊലീസ് നേതൃത്വവും.