Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരാപ്പുഴ കസ്റ്റഡി കൊലക്കേസ്: ആലുവ മുൻ റൂറൽ എസ്പി ജോർജിന് സസ്പെൻഷൻ

av-george എ.വി.ജോർജ്

കൊച്ചി∙ വാരാപ്പുഴ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ആലുവ മുൻ റൂറൽ എസ്പി എ.വി.ജോർജിന് സസ്പെൻഷൻ. അദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു. നേരത്തേ എസ്പിയുടെ വീഴ്ചകള്‍ വിശദീകരിച്ചു ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക്  റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു നടപടി. സംഭവം കസ്റ്റഡിക്കൊലയിലേക്ക് എത്തിച്ച സാഹചര്യങ്ങളിലും പിന്നീട് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ച നടപടികളിലും എസ്പിയുടെ പങ്കു വിശദീകരിച്ചു കൊണ്ടായിരുന്നു റിപ്പോര്‍ട്ട്.

ആര്‍ടിഎഫ് എന്ന പേരില്‍ സ്ക്വാഡ് രൂപീകരിച്ച എസ്പിയുടെ നടപടികളില്‍ ഗുരുതര പിഴവ് ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. ഇവയുടെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടിക്കാണ് അന്വേഷണ സംഘം ശുപാര്‍ശ ചെയ്തത്. വകുപ്പുതല നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ജോർജിനെതിരെ നിയമ നടപടിക്കുള്ള ‘അനുവാദം’ കൂടിയാണിത്.

നേരത്തേ സിഐ ക്രിസ്പിൻ സാം ഉൾപ്പെടെ നാലു പേരെ കേസുമായി ബന്ധപ്പെട്ടു സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരെ പിന്നീട് കേസിൽ പ്രതി ചേർത്തു. ജോർജിനെയും കേസിൽ പ്രതി ചേർക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഏതു തരത്തിൽ, എത്രാമതു പ്രതി ചേർക്കുന്നു എന്നതാണ് ഇനി അറിയേണ്ടത്.