Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെങ്ങന്നൂർ: ഉപസമിതി തീരുമാനിക്കുമെന്ന് മാണി, ഒന്നും മിണ്ടാതെ പി.ജെ.ജോസഫ്

K.M. Mani

പാല∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എന്തു നിലപാട് സ്വീകരിക്കുമെന്നതു സംബന്ധിച്ചു കേരള കോൺഗ്രസിൽ ഭിന്നത തുടരുന്നു. ഇക്കാര്യത്തിൽ ചേർന്ന നിർണായക സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുക്കാനാകാതെ പിരിഞ്ഞു. തിരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കുമെന്നതിൽ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് കെ.എം.മാണി പറഞ്ഞു. ഇതിനായി ഒൻപതംഗം സമിതിയെ ചുമതലപ്പെടുത്തി. യോഗത്തിനു ശേഷമുള്ള വാർത്താ സമ്മേളനത്തിൽ പി.ജെ.ജോസഫും മോൻസ് ജോസഫും പങ്കെടുത്തില്ല. നിലപാടിലെ വിയോജിപ്പ് പ്രകടമാക്കിയാണ് ഇവർ വാർത്താസമ്മേളനം ബഹിഷ്കരിച്ചതെന്നാണു സൂചന.

ജോസ് കെ. മാണി എംപിയുടെ വീട്ടിൽ പാർലമെന്ററി പാർട്ടി യോഗം ചേർന്നതിനു ശേഷമായിരുന്നു സ്റ്റിയറിങ് കമ്മിറ്റി. യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന നിലപാടിലാണ് പി.ജെ.ജോസഫ് വിഭാഗം. പാർട്ടി യുഡിഎഫിലേക്കു തിരികെ പോകണമെന്ന അഭിപ്രായവും ഇവർക്കുണ്ട്. എന്നാൽ ഇതിനെതിരെ രൂക്ഷഭാഷയിലാണു ജോസ് കെ.മാണി പ്രതികരിച്ചത്.

യുഡിഎഫ് കൂട്ടുകെട്ട് വിടുന്നതിന്റെ ഭാഗമായാണു ചരൽക്കുന്നിലെ തീരുമാനമുണ്ടായത്. ഒരിക്കൽ വഞ്ചിച്ചവർക്കൊപ്പം ഇനിയും ചേരണോ എന്ന ചോദ്യവും ജോസ് കെ.മാണി ഉന്നയിച്ചു. ജോസഫ് വിഭാഗത്തിനുള്ള പരോക്ഷ മുന്നറിയിപ്പു കൂടിയായിരുന്നു അത്. ഈ സാഹചര്യത്തിലാണ് ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഉപസമിതിയെ നിയോഗിച്ചത്.

ഇടുക്കിയിൽ ‘ഭായി ഭായി’

തൊടുപുഴ∙ ഇടുക്കിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥാനങ്ങൾ പങ്കിടുന്നതു സംബന്ധിച്ച് കോൺഗ്രസും കേരള കോൺഗ്രസും(എം) തമ്മിലുള്ള ധാരണകൾ പാലിക്കാൻ ഇരുപാർട്ടികളുടെയും നേതാക്കളുടെ യോഗം തീരുമാനിച്ചു.  കരിങ്കുന്നം, കരിമണ്ണൂർ, അറക്കുളം പഞ്ചായത്തുകളിലെ കേരള കോൺഗ്രസ്(എം) പ്രസിഡന്റുമാർ ഈ മാസം 30ന് അകം രാജി വയ്ക്കണമെന്നു തീരുമാനിച്ചതായി ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. ഈ മൂന്നു പഞ്ചായത്തുകളിലും പകരം കോൺഗ്രസ് പ്രസിഡന്റുമാർ വരും.