Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ‘യുദ്ധം’ പോസ്റ്റ്പെയ്ഡില്‍; ജിയോയുടെ വരവിൽ ഇടിഞ്ഞ് ‘എതിരാളി’ ഓഹരികൾ

പിങ്കി ബേബി
jio

മുംബൈ∙ റിലയൻസ് ജിയോ ഇൻഫോകോം പുതിയ പോസ്റ്റ്പെയ്ഡ് പദ്ധതി അവതരിപ്പിച്ചപ്പോഴേ തുടങ്ങി മറ്റു ടെലികോം കമ്പനികൾക്കു തലവേദന. ജിയോ പോസ്റ്റ്പെയ്ഡ് വരുന്നൂ എന്ന വാർത്തപുറത്തുവന്നു നിമിഷങ്ങൾക്കുള്ളിൽ ഐഡിയ, വൊഡാഫോൺ, എയർടെൽ  ഓഹരികൾ ശക്തമായി ഇടിഞ്ഞു. വ്യാപാരം അവസാനിക്കുമ്പോൾ 12.9 ശതമാനമാണ് ഐഡിയയ്ക്കു നേരിട്ട നഷ്ടം. 50 രൂപ 80 പൈസയാണ് ഐഡിയ ഓഹരിയുടെ ഇപ്പോഴത്തെ വില. ഭാരതി എയർടെൽ ഓഹരി 7.5 ശതമാനവും ഇടിഞ്ഞു. വൊഡാഫോൺ ഓഹരികളും നഷ്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്.

199 രൂപയിൽ സൗജന്യ കോളുകളും 25 ജിബി ഡേറ്റാ അലവസൻസോടും കൂടിയാണ് റിലയൻസ് പോസ്റ്റ് പെയ്ഡ് അവതരിപ്പിച്ചത്. 15 മുതൽ സേവനം ലഭ്യമാകും. ഐഎസ്ഡി കോളിങ് സൗകര്യവും പ്ലാനിൽ നൽകുന്നുണ്ട്. എയർടെല്ലിനും ഐഡിയയ്ക്കും വൊഡാഫോണിനും ആകെ ഉപയോക്താക്കളിൽ ഏഴു ശതമാനം വരെ മാത്രമാണ് പോസ്റ്റ്–പെയ്ഡ് ഉപയോക്താക്കൾ.

പക്ഷേ, മൂന്നു കമ്പനികളുടെയും വരുമാനത്തിൽ 20 ശതമാനത്തിലേറെ സംഭാവന ചെയ്യുന്നത് ഈ പോസ്റ്റ്–പെയ്ഡ് ഉപയോക്താക്കളാണ്. ജിയോ പ്രീപെയ്ഡ് രംഗത്തേക്കു കടന്നുവന്നതോടെയാണു കടുത്ത മത്സരം നേരിടാനാകാതെ രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം കോളിങ്, ഡേറ്റാ നിരക്കുകൾ കുത്തനെ കുറച്ചത്.  അപ്പോഴും പോസ്റ്റ് പെയ്ഡിന്റെ നിരക്കിൽ കാര്യമായ കുറവു വരുത്തിയില്ല. ജിയോ ഈ മേഖലയിലേക്കു കൂടി കടന്ന സാഹചര്യത്തിൽ ഇനി പോസ്റ്റ് പെയ്ഡ് നിരക്കുകളും ഈ കമ്പനികൾക്കു കുറയ്ക്കേണ്ടതായി വരും. 20 ശതമാനം വരുമാനം ഇതോടെ ഒറ്റ അക്കത്തിലേക്കു ചുരുങ്ങുകയും ചെയ്യും.

ഈ സാഹചര്യം മുൻകൂട്ടിക്കണ്ടാണു നിക്ഷേപകർ ടെലികോം ഓഹരികൾ കൈവിട്ടത്. പോസ്റ്റ് പെയ്ഡ് നിരക്കിൽ പത്തു ശതമാനം കുറവു വരുത്തേണ്ടിവന്നാൽത്തന്നെ ഐഡിയയുടെ വരുമാനത്തിൽ 12 ശതമാനവും എയർടെല്ലിന്റെ വരുമാനത്തിൽ ആറു ശതമാനവും ഇടിവു നേരിടുമെന്നാണു സാമ്പത്തിക വിദഗ്ധർ പറയുന്നത്. രണ്ടാം നിരക്കുയുദ്ധം ഇനി കാണാനിരിക്കുന്നതേയുള്ളു.