Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ 70 ശതമാനം പോളിങ്; വിജയം അവകാശപ്പെട്ട് ബിജെപി, കോൺഗ്രസ്

Karnataka Election Mysuru കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താനെത്തിയവർ. മൈസൂരുവിൽനിന്നുള്ള കാഴ്ച.

ബെംഗളൂരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 70 ശതമാനം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചതായി തിരഞ്ഞെടുപ്പു കമ്മിഷൻ. വൈകിട്ട് ആറുമണിക്ക് വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെയാണ് 70 ശതമാനം പേർ വോട്ടു ചെയ്തതായി തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചത്. വൈകിട്ട് ആറു മണിക്കുള്ളിൽ ബൂത്തുകളിലെത്തിയവരെ വോട്ടു ചെയ്യാൻ അനുവദിക്കുന്നതിനാൽ അന്തിമ കണക്കെടുപ്പിൽ പോളിങ് ശതമാനത്തിൽ ചെറിയ വ്യത്യാസം വരും. മേയ് 15നാണു കർണാടകയിൽ വോട്ടെണ്ണൽ.

വോട്ടിങ് യന്ത്രത്തിലെ തകരാർ നിമിത്തം വോട്ടെടുപ്പു തടസ്സപ്പെട്ട ഹെബ്ബാളിലെ ഒരു പോളിങ് ബൂത്തിൽ റീ പോളിങ് നടത്തുമെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. മേയ് 14ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാകും റീ പോളിങ്.

Karnataka Shobha Karandlaje വോട്ടു രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങിയ ബിജെപി നേതാവ് ശോഭാ കരന്തലാജെ.

ബിജെപി 150നു മുകളിൽ സീറ്റു നേടി അധികാരം പിടിക്കുമെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെഡിയൂരപ്പയും, കോൺഗ്രസിന് 120നു മുകളിൽ സീറ്റ് ഉറപ്പാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും അവകാശപ്പെട്ടു. അതിനിടെ, ബി.ശ്രീരാമുലുവിനെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ട് വിഡിയോ സഹിതം വാർത്ത നൽകിയതിന് പത്ര, ദൃശ്യ മാധ്യമങ്ങൾക്കെതിരെ റിട്ടുമായി ബിജെപി കർണാടക ഹൈക്കോടതിയെ സമീപിച്ചു.

വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയതിനാൽ രാമനഗര, ബെംഗളൂരുവിലെ ചാമരാജ്പേട്ട് എന്നിവിടങ്ങളിൽ വോട്ടെടുപ്പു വൈകി. വിവിധ സ്ഥലങ്ങളിൽ അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. അതിനിടെ, അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയില്ലെന്നു ആരോപിച്ച് കലബുറഗിയിൽ 5000 വോട്ടർമർ തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചു. റായിച്ചൂരിലെ ലിംഗസുഗൂർ, ചിത്രദുർഗ എന്നിവിടങ്ങളിലും ഒട്ടേറെ ഗ്രാമീണർ വോട്ടെടുപ്പു ബഹിഷ്കരിച്ചു. വിജയപുരയിലെ മുദ്ദെബിഹാലിൽ വോട്ടു ചെയ്യാൻ പോകുന്നതിനിടെ 45 വയസുള്ള വീട്ടമ്മ ബൈക്ക് അപകടത്തിൽ മരിച്ചു. ബെൽത്തങ്ങാടിയിൽ വോട്ടു ചെയ്യാനെത്തിയ അണ്ണെ ആചാര്യ (70) എന്നയാൾ ഹൃദയാഘാതത്തെ തുടർന്നു കുഴഞ്ഞുവീണു മരിച്ചു.

വോട്ടെടുപ്പിനിടെ സംഘർഷം

ധാർവാഡിലെ കാരാഡിഗുഡ്ഡയിൽ പോളിങ് ഓഫിസർമാർ വോട്ടർമാരോട് കോൺഗ്രസ് സ്ഥാനാർഥി വിനയ് കുൽക്കർണിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ബിജെപി ബൂത്തിനു മുന്നിൽ പ്രകടനം നടത്തി. ബെംഗളൂരുവിലെ ബൊമ്മനഹള്ളിയിൽ ക്യൂവിൽ നിന്ന വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് സ്ഥാനാർഥി സുഷമാ രാജഗോപാല റെഡ്ഡി ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ രംഗത്തെത്തിയതും നേരിയ തോതിൽ സംഘർഷത്തിന് ഇടയാക്കി.

Karnataka Election വോട്ടു രേഖപ്പെടുത്തിയ ശേഷം സെൽഫിയെടുക്കുന്ന യുവതി. ചിത്രം ബെംഗളൂരുവിൽ നിന്ന്.

വിജയനഗർ ഹംപിനഗറിൽ കോൺഗ്രസ് പ്രവർത്തകരുമായുള്ള സംഘർഷത്തെ തുടർന്ന് ബിജെപി നേതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാസനിലെ ഹൊളെനരസീപുരയിൽ കോൺഗ്രസ് സ്ഥാനാർഥി ബി.പി. മഞ്ചെഗൗഡയ്ക്ക് കല്ലേറിൽ പരുക്കേറ്റു. ജെഡിഎസ് നേതാവ് എച്ച്.ഡി. രേവണ്ണ മലൽസരിക്കുന്ന മണ്ഡലമാണിത്.

മുഖത്തു നിന്നു ബുർഖ മാറ്റാൻ വിസമ്മതിച്ചതിനെ തുടർന്നു ബെളഗാവിയിൽ വനിതാ വോട്ടറെ പോളിങ് ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് മറയ്ക്കുള്ളിൽ കയറ്റി വനിതാ പൊലീസ് പരിശോധിച്ച ശേഷമാണ് ഇവരെ വോട്ടു ചെയ്യാൻ അനുവദിച്ചത്.

വോട്ടു ചെയ്ത് താരനിര

മുഖ്യമന്ത്രി സിദ്ധരാമയ്യ വരുണയിലെ സിദ്ധരാമനഹുണ്ഡിയിലും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ് യെഡിയൂരപ്പ ശിവമൊഗ്ഗയിലെ ശിക്കാരിപുരയിലും ജനതാദൾ (എസ്) സംസ്ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി രാമനഗരയിലും വോട്ടു രേഖപ്പെടുത്തി. മൈസൂരു കിരീടാവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ കന്നിവോട്ടു രേഖപ്പെടുത്തി. കർണാടക തിരഞ്ഞെടുപ്പ് ഐക്കണും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ രാഹുൽ ദ്രാവി‍ഡ് ഇന്ദിരാനഗറിൽ സമ്മതിദാനം രേഖപ്പെടുത്തി. ലിംഗായത്ത് പരമാചാര്യനും തുമക്കൂരു സിദ്ധഗംഗാ മഠാധിപതിയുമായ ശിവകുമാര സ്വാമിജി (111) മഠത്തിനു സമീപത്തെ ബൂത്തിൽ സ്വാമിജിമാർക്കൊപ്പമെത്തി വോട്ടു ചെയ്തു.

കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖർഗെ, കേന്ദ്രമന്ത്രിമാരായ സദാനന്ദ ഗൗഡ, അനന്ത്കുമാർ ഹെഗ്ഡെ, ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവെഗൗഡ, കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ. ജോർജ്, ബിജെപി നേതാവും എംപിയുമായ രാജീവ് ചന്ദ്രശേഖർ, ശോഭാ കരന്തലാജെ, ശ്രീ ശ്രീ രവിശങ്കർ, ക്രിക്കറ്റ് താരം അനിൽ കുംബ്ലെ തുടങ്ങിയവരും വോട്ടു രേഖപ്പെടുത്തിയവരിലുണ്ട്.

തിരഞ്ഞെടുപ്പിൽ ട്രാൻസ്‌ജെൻഡേഴ്സും ഇത്തവണ സജീവമായി. മംഗളൂരു സൗത്ത് മണ്ഡലത്തിൽ കൂട്ടമായെത്തിയാണ് ഇവർ വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് ജോലിയിലായതിനാൽ ഒട്ടേറെ ബിഎംടിസി ബസ് സർവീസുകൾ റദ്ദാക്കി. ഒല, ഊബർ കാബ് സർവീസുകളും വളരെ കുറവായിരുന്നു.

222 സീറ്റുകളിൽ വോട്ടെടുപ്പ്

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാൻ വഴിയൊരുക്കുന്നതാകും ഈ തിരഞ്ഞെടുപ്പു വിധിയെഴുത്തെന്നാണു വിലയിരുത്തൽ. രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാൽ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടന്നത്. ഒരു നാമനിർദേശ സീറ്റ് ഉൾപ്പെടെ 225 സീറ്റുകളാണ് കർണാടകയിലുള്ളത്.

ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നു തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ സംഭവത്തെത്തുടർന്ന് ആർആർ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റിയിട്ടുണ്ട്. ഇവിടെ 31നാണു വോട്ടെണ്ണൽ. ജയനഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി പ്രചാരണത്തിനിടെ മരിച്ചതിനാൽ അവിടെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

ആറു മേഖലകളിലായി സംസ്ഥാനത്ത് ആകെ 2654 സ്ഥാനാർഥികളാണു ജനവിധി തേടിയത്. ആകെയുള്ള 56,695 പോളിങ് സ്റ്റേഷനുകളിൽ 450 എണ്ണം പൂർണമായും വനിതകളുടെ നിയന്ത്രണത്തിലാണ് പ്രവർത്തിച്ചത്.

related stories