Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെസ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്

Jesna Missing Case ജെസ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചുള്ള പൊലീസ് പോസ്റ്റർ.

തിരുവനന്തപുരം∙ എരുമേലി മുക്കൂട്ടുതറയിൽനിന്നു കാണാതായ ബിരുദ വിദ്യാർഥിനി ജസ്ന മരിയ ജെയിംസിനെ കണ്ടെത്താൻ സഹായകരമായ വിവരം നൽകുന്നവർക്കു പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. രണ്ടുലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. വിവരം തിരുവല്ല ഡിവൈഎസ്പിയെയാണു അറിയിക്കേണ്ടത്. ഫോൺ: 9497990035.

അതിനിടെ ജസ്നയെ അന്വേഷിച്ച് ബെംഗളൂരുവിലേക്കും അവിടെ നിന്നു മൈസൂരുവിലേക്കും പോയ കേരള പൊലീസ് സംഘം വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനെത്തുടർന്നു മടങ്ങിപ്പോന്നു. ധർമാരാമിലെ ആശ്വാസഭവനിലും നിംഹാൻസ് ആശുപത്രിയിലും ജെസ്നയോടു സാമ്യമുള്ള പെൺകുട്ടിയെയും മുടി നീട്ടിവളർത്തിയ യുവാവിനെയും കണ്ടുവെന്ന സൂചനയെ തുടർന്നു ബെംഗളൂരുവിലെത്തിയ പൊലീസ് രണ്ടിടത്തെയും സിസി ക്യാമറകൾ പരിശോധിച്ചു. എന്നാൽ, ഇവയിലൊന്നും ജെസ്നയുടെ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു വടശേരിക്കര സിഐ എം.ഐ.ഷാജി പറഞ്ഞു. 

ജെസ്നയുടെ ചിത്രം കാണിച്ച് നിംഹാൻസിലെ ജീവനക്കാരോടും വിവരങ്ങൾ തേടി. അവർക്കും ജെസ്നയെ കണ്ടതായി ഓർമയില്ല. അതേസമയം ആശ്രമത്തിൽ ജെസ്നയെ കണ്ടുവെന്ന് പറയുന്ന പൂവരണി സ്വദേശി മൊഴിയിൽ ഉറച്ചു നിൽക്കുകയാണെന്നും സിഐ പറഞ്ഞു. എഎസ്ഐ നാസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു മാത്യു, റെജി എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് ബെംഗളൂരുവിൽ തങ്ങിയിരുന്നത്. 

ജെസ്നയ്ക്കൊപ്പം തൃശൂർ സ്വദേശിയായ യുവാവും ഉണ്ടായിരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിൽ മറ്റൊരു സംഘം തൃശൂരിലും അന്വേഷണം നടത്തുന്നുണ്ട്. ഇയാൾ മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതെന്നാണ് വിവരം. ടവർ ലൊക്കേഷൻ ഉപയോഗിച്ച് ഇയാളെ കണ്ടെത്താമെന്ന പ്രതീക്ഷയാണ് പൊലീസിന്. ഇവർ മൈസൂരുവിലേക്കു കടന്നതായുള്ള മൊഴിയെത്തുടർന്ന് അവിടെയും പരിശോധന നടത്തി. ജെസ്ന കേസ് അന്വേഷിക്കുന്ന സംഘം മൂന്നായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്.