Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർണാടകയിൽ നടക്കുന്നതു മനുഷ്യക്കച്ചവടം; കുതിരകളെ വെറുതെ വിടൂ...

Siddaramaiah, Kumarasamy, Yeddyurappa

കർണാടക രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം പൊടിപൊടിക്കുന്നു: പത്രങ്ങളിലും ചാനലുകളിലുമെല്ലാം ഇപ്പോൾ അതാണു പ്രധാന വാർത്തകളിലൊന്ന്. ന്യൂനപക്ഷ സർക്കാരുകൾ ഭൂരിപക്ഷം തെളിയിക്കേണ്ടി വരുന്ന സാഹചര്യങ്ങളിലെല്ലാം ‘കുതിരക്കച്ചവടങ്ങൾ’ ഇങ്ങനെ പൊടിപൊടിക്കാറുണ്ട്. പക്ഷേ, രാഷ്ട്രീയ എതിർപാളയങ്ങളിൽ നിന്നു പിന്തുണ വില കൊടുത്തു വാങ്ങുന്നതിനെ കുതിരക്കച്ചവടമെന്നു വിളിക്കുന്നതെന്തിന് എന്നാണു ജന്തുസ്നേഹികളുടെ ചോദ്യം.

അധികാര മോഹിയായ മനുഷ്യൻ വിലപേശി സ്വയം വിൽക്കുന്നതിനു കുതിരകൾ എന്തു പിഴച്ചു എന്നും അവർ ചോദിക്കുന്നു. വ്യാഴാഴ്ച പുലർച്ചെ സുപ്രീം കോടതിയിലെ ആറാം നമ്പർ കോടതി മുറിയിലെ വാദത്തിനിടെ കോൺഗ്രസ് അഭിഭാഷകൻ അഭിഷേക് മനു സിങ് വി ചൂണ്ടിക്കാട്ടി: ഇതു കുതിരക്കച്ചവടമല്ലാ, മനുഷ്യക്കച്ചവടമാണ്.

നേരും നെറിയുമില്ലാത്ത അധികാര രാഷ്ട്രീയ കച്ചവടത്തെ കുതിരക്കച്ചവടമെന്ന പേര് ആദ്യം വിളിച്ചത് ആരെന്നു ചരിത്രരേഖകളിൽ വ്യക്തമല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലെ ‘പൊയ്ക്കാല’നാളുകളിൽ (gilded age) അമേരിക്കയിലെ കുതിരവിപണിയിൽ നിലനിന്നിരുന്ന അധാർമിക രീതികളിൽ നിന്നാണു ‘കുതിരക്കച്ചവടം’ ഒരു ‘അശ്ലീല’ വിനിമയമായി മാറിയത്. എല്ലാം സ്വച്ഛശാന്ത സമൃദ്ധസുന്ദരമെന്നു പുറമേയ്ക്കു തോന്നിപ്പിക്കുമ്പോളും അകമേ എല്ലാം അശാന്തവും അസ്വസ്ഥവുമായിരുന്നു അമേരിക്കൻ ‘പൊയ്’ക്കാലത്ത്. ആഭ്യന്തര യുദ്ധത്തിന്റെ ക്ഷീണം മാറിയിരുന്നില്ല. സമൃദ്ധിയുടെ പൊയ്മുഖത്തിനടിയിൽ പട്ടിണിയും ദാരിദ്ര്യവും ഒളിഞ്ഞു കിടന്നു.

കുതിരകളായിരുന്നു അക്കാലത്തു വിലപ്പെട്ട ആസ്തികളിൽ പ്രധാനം. കുതിരയെ വിൽക്കുമ്പോൾ വില പേശൽ കഠിനമാവും. കുതിരയുടെ പോരായ്മകൾ ഒരു നോട്ടത്തിൽ തിരിച്ചറിയാനാകില്ല. അതു കൊണ്ടു തന്നെ, എടുക്കാച്ചരക്കുകളെയും വലിയ വായിൽ വില പേശി പൊന്നും വിലയ്ക്കു വിൽക്കും. എന്തു കള്ളവും അതിനു വേണ്ടി പറയും. കുതിരക്കച്ചവടം അങ്ങനെ ചിലരെ വലിയ സമ്പന്നരാക്കി. മറ്റു ചിലരെ ഇല്ലാതെയുമാക്കി.

അമേരിക്കൻ കുതിരക്കച്ചവടത്തിലെ ആ വിലപേശലുകൾ തന്നെയാണു പിന്നീടെപ്പോഴോ അധികാര രാഷ്ട്രീയത്തിലെ വിലപേശലുകൾക്കും കുതിരക്കച്ചവടമെന്നു പേരിട്ടത് എന്നാണു ചരിത്രം. എന്തായാലും, അഭിഷേക് സിങ് വി ചൂണ്ടിക്കാണിച്ചതു പോലെ, കർണാടകയിലേതു കുതിരക്കച്ചവടമല്ല, മനുഷ്യക്കച്ചവടം തന്നെ.

related stories