Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിസിടിഎ പണിമുടക്ക് മാറ്റിവച്ചു

കണ്ണൂർ∙ നിലവിലുള്ള സർക്കാർ യുജിസി നിയമങ്ങൾക്കു വിരുദ്ധമായി വെറും സർക്കുലറുകളിലൂടെ പിജി വെയ്റ്റേജ് മരവിപ്പിച്ച് കോളേജുകളിൽ നിയമന നിരോധനം കഴിഞ്ഞ രണ്ടു വർഷമായി അടിച്ചേൽപ്പിച്ച സർക്കാർ നടപടി ഉത്തരവിലൂടെ പിൻവലിച്ചതിനെ തുടർന്ന് കെപിസിടിഎ ഇതിനെതിരെ ജൂൺ 29ന് നടത്താനിരുന്ന പണിമുടക്കും സെക്രട്ടറിയേറ്റ് ധർണ്ണയും മാറ്റിവച്ചു.

പിജി വെയ്റ്റേജ് മരവിപ്പിച്ചതിനെതിരെ കെപിസിടിഎ കേരളത്തിലുടനീളം കരിദിനം ആചരിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കോളജ് വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച പിജി വെയ്റ്റേജ് മരവിപ്പിക്കൽ ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പുതിയ ഉത്തരവും അധ്യാപക വിരുദ്ധമാണെന്നു കെപിസിടിഎ വിലയിരുത്തി. യുജിസി നിബന്ധനകളും സർക്കാർ ഉത്തരവുകളും അനുസരിച്ച് അസോഷ്യേറ്റ് പ്രഫസർക്കു 14 മണിക്കൂറും അസിസ്റ്റന്റ് പ്രഫസർക്കു 16 മണിക്കൂറുമാണ് ജോലി ഭാരം.

കൂടാതെ വകുപ്പ് തലവൻമാർക്ക് രണ്ടു മണിക്കൂർ ഇളവ് അനുവദിച്ചിരുന്നു. പുതിയ ഉത്തരവിൽ ഇതെല്ലാം അട്ടിമറിക്കപ്പെട്ടു. പുതിയ തസ്തികക്കുള്ള ആറു മണിക്കുർ ജോലിഭാരം എന്നത് ഒൻപതു മണിക്കൂറാക്കി വർധിപ്പിച്ചു. ഫലത്തിൽ അനേകം തസ്തികകൾ നഷ്ടപ്പെടുമെന്നും നിയമന നിരോധനം നീങ്ങിയിട്ടില്ലെന്നും കെപിസിടിഎ പ്രവർത്തക സമിതി വിലയിരുത്തി. അപാകതകൾ പരിഹരിച്ച് നിയമപരമായ ഉത്തരവുകൾ ഇറക്കണമെന്നു യോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.

കോളജുകളിൽ പ്രഫസർ തസ്തിക അനുവദിക്കണമെന്നും വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന അസിസ്റ്റന്റ് പ്രഫസർമാരുടെ പ്രമോഷൻ ഉടൻ നടപ്പാക്കണമെന്നും കെപിസിടിഎ പ്രവർത്തക സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സമരപരിപാടികളുമായി ഉചിതസമയത്ത് മുമ്പോട്ട് പോകുമെന്ന് കെപിസിടിഎ അറിയിച്ചു. യോഗത്തിൽ ഡോ. ജയചന്ദ്രൻ കീഴോത്ത്, ഡോ. അബ്ദുൽ കലാം, ഡോ. കെ.എം. നസീർ, പ്രൊഫ: വി.ജെ തോമസ്, ഡോ: ജീജീ, ഡോ. ചെറിയാൻ ജോൺ, ഡോ.ജോബി തോമസ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.