Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നിലുള്ളത് നിര്‍ണായകമായ 24 മണിക്കൂര്‍, കര്‍ണാടകയില്‍ ചടുല നീക്കങ്ങള്‍

karnataka-protest കര്‍ണാടകത്തില്‍ ബിജെപി ഭരണത്തിനു ഗവര്‍ണര്‍ സഹായിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് ബെംഗളൂരുവില്‍ നടത്തിയ ചലോ രാജ്ഭവന്‍‌ മാര്‍ച്ചില്‍ ബിജെപിയുടെ കുതിരക്കച്ചവടത്തെ പ്രതീകാത്മകമായി സൂചിപ്പിച്ചു കുതിരപ്പുറത്ത് എത്തിയവര്‍. ചിത്രം: ജോസ്കുട്ടി പനയ്ക്കല്‍ ∙ മനോരമ

ബെംഗളൂരു∙ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്കും തടയാന്‍ കോണ്‍ഗ്രസ് - ജനതാദള്‍ (എസ്) സഖ്യത്തിനും മുന്നിലുള്ളത് 24 മണിക്കൂര്‍. നിര്‍ണായകമായ ഈ സമയ പരിധിക്കുള്ളില്‍ കയ്യിലുള്ള ആയുധങ്ങളെല്ലാം പ്രയോഗിക്കാനുള്ള ഓട്ടത്തിലാണ് പാര്‍ട്ടികള്‍. വിജയം അനിവാര്യമായതിനാല്‍ ഇനിയുള്ള മണിക്കൂറുകളില്‍ ഏത് ആയുധവും പരീക്ഷിക്കപ്പെടാം.

അധികാരം പിടിക്കാനുള്ള കളികള്‍ സുപ്രീംകോടതിയിലെത്തിയതോടെ ആത്മവിശ്വാസം വര്‍ധിച്ചിരിക്കുന്നത് കോണ്‍ഗ്രസ് - ജനാതാദള്‍ (എസ്) സംഖ്യത്തിനാണ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് ഗവര്‍ണര്‍ അനുവദിച്ച 15 ദിവസമെന്ന കാലാവധി തള്ളിയ സുപ്രീംകോടതി നാളെ വൈകിട്ട് നാലു മണിക്ക് വിശ്വാസവോട്ടെടുപ്പു നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നയപരമായ തീരുമാനങ്ങളെടുക്കരുതെന്നും എംഎല്‍എമാരെ സുരക്ഷിതരായി നിയമസഭയില്‍ എത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജി കോടതിയുടെ പരിഗണനയിലായതിനാല്‍ തന്ത്രങ്ങള്‍ രൂപീകരിക്കുമ്പോള്‍ പാര്‍ട്ടികള്‍ക്ക് രണ്ടുവട്ടം ആലോചിക്കേണ്ടിവരും.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞതോടെ ആത്മവിശ്വാസത്തിലായിരുന്ന ബിജെപിക്ക് കോടതിവിധി തിരിച്ചടിയാണ്. അവകാശവാദങ്ങളുണ്ടെങ്കിലും ഭൂരിപക്ഷം തികയ്ക്കാനാവശ്യമായ എംഎല്‍എമാരെ അണിനിരത്താന്‍ ഇതുവരെ പാര്‍ട്ടിക്കു കഴിഞ്ഞിട്ടില്ല. കോടതിയുടെ നിര്‍ദേശമുള്ളതിനാല്‍ നയപരമായ തീരുമാനങ്ങളിലൂടെ സാഹചര്യത്തെ അനുകൂലമാക്കാനും സാധിക്കില്ല. 

karnataka-protest1 കര്‍ണാടകത്തില്‍ ബിജെപി ഭരണത്തിനു ഗവര്‍ണര്‍ സഹായിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് ബെംഗളൂരുവില്‍ നടത്തിയ ചലോ രാജ്ഭവന്‍‌ മാര്‍ച്ചില്‍ പങ്കെടുക്കുന്ന ഗുലാംനബി ആസാദ്, അശോക് ഗെലോട്ട് എന്നിവര്‍ സുരക്ഷാഭടനോടു മുന്നോട്ടുപോകാന്‍ നിര്‍ദേശിക്കുന്നു. ചിത്രം: ജോസ്കുട്ടി പനയ്ക്കല് ‍∙ മനോരമ

കര്‍ണാടകയില്‍ പരാജയപ്പെട്ടാല്‍ അതിന്റെ അലയൊലികള്‍ ദേശീയ തലത്തില്‍ വ്യാപിക്കുമെന്ന് ബിജെപിക്കറിയാം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ എന്തു വിലകൊടുത്തും എംഎല്‍എമാരെ കൂടെ കൂട്ടാനാണ് ബിജെപി തയാറെടുക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ‘സുരക്ഷിത താവളങ്ങളിലായതിനാല്‍’ കുടുംബാംഗങ്ങള്‍ വഴിയാണ് വിലപേശല്‍. മറുവശത്തേക്കു ചാടാന്‍ തയാറായവര്‍ക്കു മന്ത്രിപദവിയും കുടുംബാംഗങ്ങള്‍ക്കു പദവികളും വാഗ്ദാനം ചെയ്യപ്പെടുന്നതായി ആരോപണമുണ്ട്. 

224 അംഗ സഭയാണ് കര്‍ണാടകയിലേത്. ബിജെപി സ്ഥാനാര്‍ഥി ബി.എന്‍. വിജയകുമാര്‍ മരിച്ച ജെ.നഗറിലും വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയ രാജരാജേശ്വരി മണ്ഡലത്തിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതേയുള്ളൂ. അവയൊഴികെ ഇപ്പോള്‍ സീറ്റുകളുടെ എണ്ണം 222 ആണ്. ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി. കുമാരസ്വാമി രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചു- രാമനഗരയിലും, ചന്നപട്ടണയിലും. ഏതെങ്കിലും ഒരു മണ്ഡലം ഒഴിയേണ്ടിവരും. അങ്ങനെ വരുമ്പോള്‍ അംഗങ്ങളുടെ എണ്ണം 221 ആകും. ഭൂരിപക്ഷം തെളിയിക്കാന്‍ 111 അംഗങ്ങള്‍ വേണം. ബിജെപിക്ക് ഉള്ളത് 104 അംഗങ്ങളാണ്. ഏഴുപേരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 

ലിംഗായത്ത് എംഎല്‍എമാരില്‍ ചിലരെയും ബെള്ളാരി മേഖലയിലെ ചില എംഎല്‍എമാരെയും സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി പരിശ്രമിക്കുന്നുണ്ട്. ബെള്ളാരി സഹോദരന്‍മാരാണ് ഇതിനു നേതൃത്വം നല്‍കുന്നത്. പാര്‍ട്ടികളെ പിളര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എതിര്‍പാര്‍ട്ടിയിലെ എംഎല്‍എമാരെ രാജിവയ്പ്പിച്ച് അംഗങ്ങളുടെ ഭൂരിപക്ഷം കുറയ്ക്കാനും നീക്കമുണ്ട്. സഭയിലെ മുതിര്‍ന്ന നേതാവിനെ പരിഗണിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം തള്ളി ബിജെപി നേതാവ് ബൊപ്പണ്ണയെ പ്രോടേം സ്പീക്കറായി നിയമിച്ചിട്ടുണ്ട്. പ്രോടേം സ്പീക്കറാണ് സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്. സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കി നേരിട്ട് വിശ്വാസപ്രമേയ വോട്ടെടുപ്പിലേക്കു പോകാനും പ്രോടേം സ്പീക്കര്‍ക്കു കഴിയും. സാഹചര്യങ്ങള്‍ അനുകൂലമാക്കാനാണ് ബിജെപിയുടെ ഈ നീക്കം.

മറുവശത്ത് കോണ്‍ഗ്രസ്- ജനതാദള്‍ (എസ്) സഖ്യത്തിന് 116 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശവാദം. കോണ്‍ഗ്രസിന് 76 എംഎല്‍എമാര്‍.  മുളബാഗിലു സംവരണ മണ്ഡലത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച എച്ച്.നാഗേഷ്, കെപിജെപിയുടെ റണെബെന്നൂരില്‍നിന്നുള്ള എംഎല്‍എ ആര്‍.ശങ്കര്‍ എന്നിവരുടെ പിന്തുണ കൂടിയാകുമ്പോള്‍ 78. ദളിന് 36 എംഎല്‍എമാരുണ്ട്. ഒരു ബിഎസ്പി എംഎല്‍എ കൂടി ചേരുമ്പോള്‍ 116 പേരായി. 

ഹംനാബാദില്‍നിന്നുള്ള എംഎല്‍എ രാജശേഖര്‍ ബസവരാജ് പാട്ടീല്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന റിസോർട്ടില്‍നിന്ന് പോയെങ്കിലും പിന്നീടു തിരിച്ചെത്തി.  കോണ്‍ഗ്രസിന്റെ ആനന്ദസിങ്, പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരെ കാണാനില്ലെന്നാണ് അഭ്യൂഹം‍. കോണ്‍ഗ്രസിന്റെ ക്രൈസിസ് മാനേജര്‍ ഡി.കെ.ശിവകുമാര്‍ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. രണ്ടുപേരെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നുണ്ടെന്നാണ് പാര്‍ട്ടിയുടെ അവകാശവാദം. എല്ലാ വാദങ്ങള്‍ക്കും ഇനി മുന്നിലുള്ള സമയം 24 മണിക്കൂര്‍ മാത്രം.

related stories