Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ദൈവമേ, ഉരുക്കുമുഷ്ടിയുള്ള ഇയാളോടാണല്ലോ ഇടപെടേണ്ടത്’; ഡോവൽപേടിയിൽ പാക്കിസ്ഥാൻ

narendra-modi-ajit-dovel പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും.

ന്യൂഡൽഹി / ഇസ്‍ലാമാബാദ് ∙ പാക്ക് ചാരസംഘടന ഐഎസ്ഐയുടെ മുൻ മേധാവിയുടെ മകൻ മൂന്നുവർഷം മുമ്പ് കേരളത്തിൽ, നമ്മുടെ സ്വന്തം കൊച്ചിയിൽ ജോലി ചെയ്തിരുന്ന കാര്യം അറിഞ്ഞിരുന്നോ? വീസാ ചട്ടം ലംഘിച്ച അയാളെ ഇന്ത്യയുടെ വിദേശ ഇന്റലിജൻസ് ഏജൻസി റോ ‘ഒരു പോറൽ പോലുമേൽക്കാതെ’ സ്വരാജ്യത്തേക്കു മടക്കിഅയച്ചത് കേട്ടിരുന്നോ? കശ്മീരിലെ അശാന്തിയെപ്പറ്റി പാക്കിസ്ഥാനു കുറ്റബോധമുണ്ടോ? ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പാക്കിസ്ഥാൻ ഭയക്കുന്നുണ്ടോ ?

സർക്കാരിലെയും ഉദ്യോഗസ്ഥതലത്തിലെയും ഉന്നതർക്കു മാത്രം അറിയാവുന്ന രഹസ്യവിവരങ്ങൾ ഇനി പൊതുജനങ്ങളിലേക്ക്. ശത്രുതയിലുള്ള രണ്ട് അയൽരാജ്യങ്ങൾ. ഇരുഭാഗത്തും ശക്തമായ രഹസ്യ, ചാര സംഘടനകൾ. ജനത്തിനു പിടികിട്ടാത്ത ‘കൊടുക്കൽ വാങ്ങലുകൾ’, നുഴഞ്ഞുകയറ്റങ്ങൾ, വേഷം മാറലുകൾ. എവിടെയൊക്കെയോ രഹസ്യത്തിന്റെ കരിമ്പടം മൂടിയതാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം. കേട്ടാലും മതിവരാത്ത അപസർപ്പക കഥകൾ പോലെ.

നേരിന്റെ അംശമുള്ള ഈ സംഭവകഥകൾ പങ്കുവയ്ക്കുകയാണ് ‘ചാരവൃത്തിയുടെ ഇതിഹാസം’ (The Spy Chronicles: RAW, ISI and the Illusion of Peace) എന്ന പുസ്തകം. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മുന്‍ സെക്രട്ടറി അമര്‍ജിത് സിങ് ദുലത്, പാക്ക് ചാരസംഘടന ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) മുന്‍ മേധാവി ലഫ്. ജനറല്‍ അസദ് ദുറാനി എന്നിവരുടെ സംഭാഷണങ്ങളാണു പുസ്തകത്തിൽ. ആദ്യമായി റോ, ഐഎസ്ഐ മേധാവിമാർ സംയുക്തമായി പുറത്തിറക്കുന്ന അപൂർവ പുസ്തകം തയാറാക്കിയത് മാധ്യമപ്രവര്‍ത്തകൻ ആദിത്യ സിന്‍ഹയാണ്.

ഒരു ‘രക്ഷപ്പെടുത്തൽ’ കഥ

ബോളിവുഡ് ത്രില്ലറുകളെ വെല്ലുന്ന വഴിത്തിരിവുകളാണ് മുൻ ഐഎസ്ഐ മേധാവി അസദ് ദുറാനിയുടെ മകൻ ഉസ്മാൻ ദുറാനിയുടെ കൊച്ചിയിൽനിന്നുള്ള രക്ഷപ്പെടലിലുള്ളത്. 2015 ൽ മുംബൈയിൽ അറസ്റ്റിലായ ഉസ്മാൻ, സുരക്ഷിതമായി പാക്കിസ്ഥാനിൽ മടങ്ങിയെത്തി എന്നതാണ് കഥയിലെ ട്വിസ്റ്റ്; വഴിയൊരുക്കിയത് മറ്റാരുമല്ല, റോ! ദ് സ്പൈ ക്രോണിക്കിൾസിലേതാണ് വെളിപ്പെടുത്തൽ.

മേയ് 2015. ഒരു ജർമൻ കമ്പനിയിൽ ‘ജോലിക്കായി’ ഉസ്മാൻ ദുറാനി കൊച്ചിയിലെത്തി. അധികം കഴിയുംമുമ്പ് ഉസ്മാനെ കൊച്ചിയിൽനിന്നും രാജ്യത്തുനിന്നും ‘എക്സിറ്റ്’ അടിച്ചു. വന്നവഴി തിരിച്ചു പോകണമെന്നാണു വീസാ ചട്ടം. പക്ഷേ അദ്ദേഹത്തിന്റെ കമ്പനി ടിക്കറ്റ് ബുക്ക് ചെയ്തത് മുംബൈ വഴിക്കുള്ള വിമാനത്തിൽ. മുംബൈയിലെത്തിയ ഉസ്മാനെ വിമാനത്താവള അധികൃതർ പിടിച്ചുവച്ചു. വിവരമറിഞ്ഞ അസദ് ദുറാനി പരിഭ്രമത്തിലായി. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, മുൻ ഐഎസ്ഐ മേധാവിയുടെ മകൻ അതേ നഗരത്തിൽ എത്തിയാലുള്ള അവസ്ഥയോർത്ത് അസദ് ഭയപ്പെട്ടു.

a-s-dulat-asad-durrani ഐഎസ്ഐ മുൻ മേധാവി ലഫ്. ജനറൽ അസദ് ദുറാനി, റോ മുൻ മേധാവി അമർജിത് സിങ് ദുലത്. ചിത്രം – ട്വിറ്റർ

മുംബൈ സ്പെഷൽ ബ്രാഞ്ച് ഉസ്മാനെ അറസ്റ്റ് ചെയ്ത് ജയിലിലിടാൻ ഒരുങ്ങി. ഈ സമയം അമര്‍ജിത് സിങ് ദുലത്തിനെ തേടി അസദിന്റെ വിളിയെത്തി. മകനെ സഹായിക്കണം എന്ന് അഭ്യർഥിച്ചു. ‘നിങ്ങൾ അല്ലാഹുവിനോടു പ്രാർഥിക്കുക, ദൈവത്തിൽ എനിക്കും വിശ്വാസമുണ്ട്. എല്ലാം ശരിയാവും’– അസദിനോടു ദുലത് പറഞ്ഞു. അന്നത്തെ റോ മേധാവി രജീന്ദർ ഖന്ന ഉൾപ്പെടെ ഒരുപാടു പേരെ ദുലത്തും വിളിച്ചു. 24 മണിക്കൂറിനകം കാര്യങ്ങൾ മാറിമറിഞ്ഞു.

ഒരു ദിവസത്തെ കസ്റ്റഡി വാസം. ഇന്ത്യയുടെ തടവറയിൽ കഴിയേണ്ടിയിരുന്ന ഉസ്മാൻ ഒരു പോറലുമേൽക്കാതെ ജർമനിയിലേക്കു പറന്നു. അവിടെനിന്നു പാക്കിസ്ഥാനിലേക്ക്. സഹായപ്രവൃത്തിക്കു നന്ദി പറയാൻ രജീന്ദർ ഖന്നയെ ദുലത്ത് വിളിച്ചു. ‘ഇതു നമ്മുടെ ചുമതലയാണ്. എന്തൊക്കെയായാലും അദ്ദേഹവും നമ്മളും ഒരേ തൊഴിലെടുക്കുന്നവരാണ്’– ദുറാനിയെ ഉദ്ദേശിച്ച് ഖന്ന മറുപടി പറഞ്ഞു.

ഉരുക്കുമുഷ്ടിയുള്ള ഡോവൽ‌

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈ ആയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പാക്കിസ്ഥാൻ കാണുന്നത്. 2005 വരെ ഇന്ത്യയുടെ ചാരസംഘടനകളിൽ അംഗമായിരുന്നു ഡോവൽ. രാജ്യത്തിന്റെ നയങ്ങളിൽ മാറ്റം വരുത്താൻ ഡോവലിന് സാധിച്ചിട്ടില്ല. എന്നാൽ ഉരുക്കുമുഷ്ടിയോടെയാണു ഭരണമെന്ന് അസദ് ദുറാനി പറയുന്നു.

pakistan's army and isi പാക്ക് സൈന്യത്തിനും ഐഎസ്ഐയ്ക്കും പിന്തുണ പ്രഖ്യാപിച്ച് പാക്കിസ്ഥാനിൽ നടന്ന പ്രകടനം (ഫയൽ ചിത്രം).

കൂടുതൽ ബഹളമുണ്ടാക്കുന്ന, പരുക്കനായ, അന്തരീക്ഷത്തിന്റെ ചൂടേറ്റുന്ന ഉദ്യോഗസ്ഥനാണു ഡോവൽ. ഇതായിരിക്കും കുറച്ചുകാലം ഇന്ത്യയുടെ വിദേശനയം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെപ്പോലെ ചൂടൻ വർത്തമാനമാണു ഡോവലിന്റേതും. തന്റെ ബോസിനു വേണ്ടതാണു ഡോവൽ ചെയ്യുന്നത്. 1980 കളിൽ ഇസ്‍ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ ഡോവൽ പ്രവർത്തിച്ചിരുന്നു. ‘ദൈവമേ, ഉരുക്കുമുഷ്ടിയുള്ള ഇയാളോടാണല്ലോ രാജ്യം ഇടപെടേണ്ടത്’ എന്നാണത്രേ അന്ന് പാക്കിസ്ഥാനും ഐഎസ്ഐയും വിചാരിച്ചിരുന്നത്.

സഹപ്രവർ‌ത്തകനും നല്ല സുഹൃത്തുമാണ് ഡോവൽ എന്നാണ് ദുലത് പറയുന്നത്. നമ്മുടെ കാലഘട്ടത്തിലെ മികവേറിയ ഉദ്യോഗസ്ഥൻ. ആരെയും അത്രയധികം വിശ്വസിക്കാത്ത പ്രകൃതക്കാരൻ. ‘പാക്കിസ്ഥാനുമായി ഇടപെടുമ്പോൾ എപ്പോഴും കടുപ്പക്കാരനല്ല അദ്ദേഹം. മോദിയുടെ മാത്രമല്ല, മണി ദീക്ഷിതിന്റെയും എം.കെ.നാരായണന്റെയും പാത ഡോവൽ പിന്തുടരാറുണ്ട്’- ദുലത് വാദിച്ചു.

‘ഇപ്പോൾ മോദിയാണു കാര്യങ്ങൾ തീരുമാനിക്കുന്നത്. അദ്ദേഹം മിടുക്കനാണ്. അവസരങ്ങൾ കളഞ്ഞുകുളിക്കാറില്ല. പാക്കിസ്ഥാനുമായി സ്ഥിരതയുള്ള ബന്ധമുണ്ടാക്കാൻ മോദിക്കു പക്ഷേ സാധിക്കുമെന്നുറപ്പില്ല. അടുത്ത തവണ അദ്ദേഹം ലഹോറിലോ ഇസ്‍ലാമാബാദിലോ വന്നേക്കാം. എന്നാൽ ദീർഘകാലത്തേക്ക് ഇതൊന്നും ഗുണപ്പെടില്ല’– ദുറാനി പറഞ്ഞു.

2016 ൽ ഡൽഹിയിൽ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആറു മുൻ പാക്ക് ഹൈക്കമ്മിഷണർമാരെ പങ്കെടുപ്പിച്ച് യോഗം ചേർന്നു. ഔദ്യോഗിക യോഗത്തിനു ചേരാത്തവിധം അസ്വഭാവികമായിരുന്നു ഡോവലിന്റെ പെരുമാറ്റം. ‘ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. നല്ലതല്ലാത്ത കാര്യങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞാലോ പഠാൻകോട്ട്, മുംബൈ ഭീകരാക്രമണങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നു കണ്ടെത്തിയാലോ പ്രത്യാഘാതമുണ്ടാകും’ എന്നുപറഞ്ഞ് ഡോവൽ പുറത്തേക്കു നടന്നു. ഉദ്യോഗസ്ഥർക്കു കൈ കൊടുക്കാതെയായിരുന്നു ഡോവലിന്റെ മടക്കം.

കശ്മീരിൽ കയ്യബദ്ധം പറ്റി

ഹുറിയത്ത് കോൺഫറൻസ് ഐഎസ്ഐയുടെ സൃഷ്ടിയാണെന്നും കശ്മീരിൽ പാക്കിസ്ഥാനു വലിയ കയ്യബദ്ധം പറ്റിയെന്നും അസദ് ദുറാനി പറഞ്ഞു. ആദ്യമായാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ കുറ്റസമ്മതമുണ്ടാകുന്നത്. അസദിന്റെ കാലത്ത് വിഘടനവാദികളുടെ നേതൃത്വത്തിൽ വലിയ തോതിലുള്ള ആക്രമണങ്ങളാണു കശ്മീരിലുണ്ടായത്.

‘പ്രതിരോധത്തിന് രാഷ്ട്രീയദിശ കാണിക്കാനാകുമെന്നാണു ഹുറിയത്തിന്റെ തുടക്കത്തിൽ കരുതിയിരുന്നത്. പക്ഷേ എല്ലാം കൈവിട്ടു. അങ്ങനെ കരുതിയതല്ല. ചോര നിറഞ്ഞ് കശ്മീർ അശാന്തമായി. കശ്മീരി യുവാക്കളെ ആയുധം കയ്യിലെടുക്കാൻ പ്രേരിപ്പിച്ചത് ഇസ്‍ലാമാബാദാണ്. കുപ്‍വാര ജില്ലയിലെ അമാനുല്ല ഗിൽഗിറ്റിയെ ഒരിക്കൽ പരിചയപ്പെട്ടിരുന്നു. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ (ജെകെഎൽഎഫ്) ആദ്യകാല പ്രാദേശിക പ്രവർത്തകനാണ് അമാനുല്ല. അയാളെ പിന്തിരിപ്പിക്കാൻ അന്ന് സാധിക്കാതിരുന്നതിൽ കുറ്റബോധമുണ്ട്. അവരിലൂടെയാണു ഭീകരവാദം വളർന്നത്. ആദ്യം അമാനുല്ല, പിന്നെ സയിദ് സലാഹുദ്ദീൻ, ഹാഫിസ് സയിദ്..  ഇവരുടെ നിര നീളുകയാണ്. പാക്കിസ്ഥാന്റെ സംഘമാണു ഹുറിയത്ത്. ഇന്ത്യയ്ക്കും സംഘമുണ്ട്. രണ്ടിനുമിടയിലാണ് കശ്മീരികൾ’– അസദ് വ്യക്തമാക്കി.

രഹസ്യത്തിന്റെ ഇതിഹാസം വന്നവഴി

അവരവരുടെ മാതൃരാജ്യത്തുവെച്ച്‌ പരസ്​പരം കണ്ടുമുട്ടാതെയാണു രചയിതാക്കൾ പുസ്തകത്തിനായി സംഭാഷണം നടത്തിയത്. 1.7 ലക്ഷം വാക്കുകളുള്ള പുസ്തകത്തിലേക്കായി ഇരുവരും ഇസ്തംബുള്‍, ബാങ്കോക്ക്, കാഠ്മണ്ഡു എന്നിവിടങ്ങളിലായിരുന്നു കൂടിക്കാഴ്ചകള്‍. 'പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടിട്ടില്ല' എന്ന ആശയത്തിലൂന്നിയാണു പുസ്തകം മുന്നോട്ടുനീങ്ങുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രണ്ടു സുപ്രധാന രാജ്യങ്ങളുടെ ചാരത്തലവന്മാരുടെ കണ്ണുകളിലൂടെ മേഖലയിലെ രാഷ്ട്രീയത്തിലേക്കുള്ള എത്തിനോട്ടമാണ് ഉദ്ദേശിക്കുന്നതെന്ന് പുസ്തകം തയാറാക്കിയ ആദിത്യ സിന്‍ഹ പറഞ്ഞു. മുംബൈ ഭീകരാക്രമണം, കുല്‍ഭൂഷണ്‍ ജാദവ്, പഠാന്‍കോട്ട് ആക്രമണം, മിന്നലാക്രമണങ്ങള്‍, ഉസാമ ബിന്‍ലാദന്‍, ഇന്ത്യ-പാക്ക് ബന്ധത്തിലെ യുഎസ്- റഷ്യ ഇടപെടലുകള്‍, പൊഖ്റാൻ സ്ഫോടനം, നരേന്ദ്ര മോദി, അടൽ ബിഹാരി വാജ്‍പേയി തുടങ്ങിയ നിരവധി വിഷയങ്ങളാണു പുസ്തകം പരാമർശിക്കുന്നത്.