Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുചിത പെരുമാറ്റം: ചിലെയിൽ കത്തോലിക്കാ സഭയുടെ 14 വൈദികർക്കു സസ്പെൻഷൻ

chile-bishops ചിലെ ബിഷപ്പ് കോൺഫെറൻസ് അംഗങ്ങളായ ലൂയി ഫെർനാണ്ടോ റാമോസ് പെരസും (ഇടത്) ജുവാൻ ഇഗ്നാഷ്യോ ഗോൺസാലെസും കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയപ്പോൾ.

സാന്റിയാഗോ∙ ‘അനുചിതമായ പെരുമാറ്റ’ത്തെത്തുടർന്നു ചിലെയിൽ കത്തോലിക്കാ സഭയുടെ 14 വൈദികരെ സസ്പെൻഡ് ചെയ്തു. ചിലെയുടെ തലസ്ഥാനമായ സാന്റിയാഗോയുടെ തെക്കുള്ള റാൻകാഗ്വയിലാണു സംഭവം. വൈദികർക്കെതിരായ ലൈംഗിക ആരോപണങ്ങൾ വർധിച്ചതിനെത്തുടർന്ന് അതീവ പ്രതിസന്ധി ഘട്ടത്തിലാണു ചിലെയിൽ സഭ. ഇതിനിടയിലാണ് വൈദകർക്കെതിരെ നടത്തിയ അന്വേഷണത്തിന്റെ വെളിച്ചത്തിൽ സസ്പെൻഷനും പുറത്തുവരുന്നത്.

റാൻകാഗ്വ രൂപതയിലെ 68 വൈദികരുടെ യോഗത്തിനുശേഷമാണു നടപടി പ്രഖ്യാപിച്ചത്. മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു രൂപതയുടെ വികാരി ജനറൽ ഗബ്രിയേൽ ബെകെറ അറിയിച്ചു. ചിലെയിലെ സഭയുടെ നേർക്ക് ഉയർന്നിരിക്കുന്ന ലൈംഗിക വിവാദങ്ങളെത്തുടർന്നു രാജ്യത്തെ എല്ലാ ബിഷപ്പുമാരും രാജിവയ്ക്കാൻ ഒരുങ്ങിയിരുന്നു. ഇതിനുപിന്നാലെ ഫ്രാൻസിസ് മാർപാപ്പ പീഡനങ്ങൾക്കിരയായവരുമായി കൂടിക്കാഴ്ചയും നടത്തി.

സംഭവവികാസങ്ങൾ വത്തിക്കാനെ അറിയിച്ചിട്ടുണ്ടെന്നും കത്തോലിക്കാ സഭയുടെ മൂല്യങ്ങളും നയങ്ങളും വ്യതിചലിക്കപ്പെടുന്ന എല്ലാ സാഹചര്യങ്ങളിലും പ്രവൃത്തികളിലും അത്യന്തം ദുഃഖം രേഖപ്പെടുത്തുന്നുവെന്നും രൂപത പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇരകളായവരോടുള്ള ഐക്യദാർഢ്യവും രൂപത അറിയിച്ചു.