Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഫ്രിക്കയെ വിറപ്പിച്ച് എബോള; രോഗ ബാധിതർ ആശുപത്രിയിൽ നിന്നു ചാടിപ്പോയി, മരണം 27

Ebola-Virus കോംഗോയിൽ ആരോഗ്യ പ്രവർത്തകർ എബോള പ്രതിരോധ പ്രവർത്തനത്തിൽ. ചിത്രം: എഎഫ്പി

കിൻഷാസ∙ കേരളത്തിൽ നിപ്പ വൈറസിനെതിരെ ശക്തമായ പ്രതിരോധം സ്വീകരിക്കുന്നതിനിടെ മധ്യ ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ സമാനമായ ഭീഷണി ഉയർത്തി എബോള വൈറസ് പടരുന്നു. വവ്വാലുകളിൽ നിന്നും കുരങ്ങന്മാരിൽ നിന്നുമാണ് ആദ്യമായി എബോള മനുഷ്യനിലേക്കെത്തുന്നത്. നിപ്പ വൈറസ് വവ്വാലിൽ നിന്നാണു കേരളത്തിൽ പടരുന്നതെന്നാണു പ്രാഥമിക റിപ്പോർട്ടുകൾ. അതിനിടെ എബോള വൈറസ് പടരുന്നതു തടയാൻ ആരോഗ്യവകുപ്പ് കഠിന ശ്രമങ്ങൾ നടത്തുന്നതിനിടെ രോഗം ബാധിച്ച മൂന്നു പേർ കോംഗോയിലെ ആശുപത്രിയിൽ നിന്നു ചാടിപ്പോയി.

എംബൻഡക നഗരത്തിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന മൂന്നു പേരാണു ചാടിപ്പോയത്. രോഗികളിൽ പുതിയ വാക്സിനുകൾ ഉൾപ്പെടെ പരീക്ഷിച്ചു രക്ഷാനടപടികൾ ശക്തമാക്കിയിരിക്കെയാണ് ആരോഗ്യവകുപ്പിനു കനത്ത തിരിച്ചടിയായി ഈ സംഭവം. എബോള ബാധയെപ്പറ്റി രാജ്യത്തു വന്‍തോതിൽ അന്ധവിശ്വാസങ്ങളും നാട്ടുവൈദ്യവും ശക്തമാണ്. ഇക്കാരണത്താലാണു മൂന്നുപേർ ഓടിപ്പോയതെന്നാണു കരുതുന്നത്. ഇവരെ പിന്നീടു പിടികൂടിയെങ്കിലും രണ്ടു പേർ മരിച്ചു.

അതേസമയം കോംഗോയിലേത് ‘ഉയർന്ന അപായ സാധ്യത’യുള്ള എബോളയായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അതീവ ഗുരുതരമായ അവസ്ഥയായാണു ചാടിപ്പോകലിനെ കണക്കാക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് രണ്ടു പേർ ചാടിപ്പോയത്. ഇവർക്ക് കുടുംബാംഗങ്ങളും സഹായം നൽകി. ഇവരിൽ ഒരാള്‍ ചൊവ്വാഴ്ച വീട്ടിൽ മരിച്ചു. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെയാണു മൃതദേഹം സംസ്കരിച്ചത്.

രണ്ടാമത്തെയാളെ പിടികൂടി തിരികെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. മൂന്നാമത്തെയാളെ കണ്ടെത്തി തിരികെ ആശുപത്രിയിലെത്തിച്ചു. ഇയാൾ ചികിത്സ പൂർത്തിയാക്കി ആശുപത്രി വിടാനിരിക്കെയാണു ചാടിപ്പോയത്. അതേസമയം ആരെയും ആശുപത്രിയിൽ ‘തടവുകാരാക്കിയിട്ടില്ലെ’ന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. മെഡിക്കൽ നിർദേശങ്ങളനുസരിച്ചു മുൻകരുതലെടുക്കാൻ മാത്രമാണു നിർദേശിക്കുന്നത്.

ആരോഗ്യപ്രവർത്തകർ എല്ലായിടത്തും സഞ്ചരിച്ച് വാക്സിനേഷൻ ഉറപ്പാക്കുന്നുണ്ട്. ഇത്തരത്തിൽ വൈദ്യസഹായം ആവശ്യമുള്ള 628 പേരെ തിരിച്ചറിഞ്ഞു. എബോള നഗരപ്രദേശങ്ങളിലേക്കു പടരുമോ അതോ നിയന്ത്രണവിധേയമാക്കാനാകുമോ എന്ന കാര്യത്തിൽ ഏതാനും ആഴ്ചകൾക്കകം മാത്രമേ തീരുമാനം പറയാനാകൂവെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഇനിയുള്ള ദിവസങ്ങള്‍ നിർണായകമാണ്. അതിനിടെ കാൽനടയായും ബൈക്കുകളിലും നൂറുകണക്കിനു സന്നദ്ധ പ്രവർത്തകരാണ് എബോളയ്ക്കെതിരെ പ്രതിരോധ സന്ദേശങ്ങളുമായി കോംഗോയിൽ സഞ്ചരിക്കുന്നത്.

മേയ് ആദ്യം വടക്കുപടിഞ്ഞാറൻ കോംഗോയിലാണ് ആദ്യം എബോള പൊട്ടിപ്പുറപ്പെട്ടത്. കഴിഞ്ഞ ദിവസം ഒരു നഴ്സ് ഉൾപ്പെടെ ഇതുവരെ 27 പേർ മരിച്ചു. ആദ്യം രോഗം കണ്ടെത്തിയ 15 ലക്ഷത്തോളം ജനസംഖ്യയുള്ള, ജനം തിങ്ങിപ്പാർക്കുന്ന, എംബൻഡക നഗരത്തിൽ ഇതു പടരുകയാണെങ്കിൽ വൻ ദുരന്തത്തിലായിരിക്കും കലാശിക്കുക. അതിനിടെയാണു മൂന്നു പേർ ആശുപത്രിയിൽ നിന്നു ചാടിപ്പോയതും.

എബോള ബാധിച്ചവരുടെ ശരീരസ്രവങ്ങളിൽ നിന്നാണു രോഗം പകരുക. മൃതദേഹം സംസ്കരിക്കുന്ന ചടങ്ങുകൾക്കിടെയാണു പലപ്പോഴും ഇതു പടരുക പതിവ്. എബോള ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ തൊടരുതെന്നും രോഗത്തിനെതിരെ മുൻകരുതലെടുക്കണമെന്നുമുള്ള സന്ദേശങ്ങളാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. ഡബ്ല്യുഎച്ച്ഒ വികസിപ്പിച്ചെടുത്ത വാക്സിൻ ഇതാദ്യമായി കോംഗോയിൽ പരീക്ഷിക്കുന്നതും ഇത്തവണയാണ്. 

എബോള: നദിയായിരുന്നു, ഇപ്പോൾ മഹാമാരി 

വൈറസിലൂടെ സംക്രമിക്കുന്ന മാരകരോഗമാണ് എബോള. 1976ൽ സുഡാനിലും കോംഗോയിലുമാണ് ഇതു കണ്ടെത്തിയത്. ആദ്യമായി ഈ വ്യാധി പൊട്ടിപ്പുറപ്പെട്ട കോംഗോയിലെ യാംബുക്കു പ്രദേശത്തിനു സമീപമുള്ള എബോള എന്ന നദിയുടെ പേര് രോഗത്തിനു നൽകുകയായിരുന്നു. ആ വർഷം നാനൂറിലേറെപ്പേർ മരിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ എബോള രോഗബാധ 2014ൽ ആയിരുന്നു. 11,310 പേർ മരണമടഞ്ഞു. ലോകാരോഗ്യ സംഘടന അന്ന് എബോളയെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. 

വൈറസ് ശരീരത്തിലെത്തിയാൽ രണ്ടു മുതൽ 21 വരെ ദിവസത്തിനിടയിൽ രോഗലക്ഷണങ്ങൾ കാണാം. ശക്‌തമായ പനി, തൊണ്ടവേദന, പേശീവേദന, തളർച്ച, ഛർദി, വയറിളക്കം തുടങ്ങിയവ ലക്ഷണങ്ങൾ. ആന്തരികമോ ബാഹ്യമോ ആയ രക്‌തസ്രാവമുണ്ടാകാം. ലക്ഷണം കണ്ടശേഷം 16 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചേക്കാം. രോഗബാധ സ്‌ഥിരീകരിച്ചാൽ മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെടുത്തി മാറ്റിപ്പാർപ്പിക്കുകയാണു രക്ഷാമാർഗം.