Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉടമകൾ പിൻവാങ്ങിയപ്പോൾ‌ ജീവനക്കാർ; ആലപ്പുഴയിൽ വീണ്ടും വഞ്ചിവീട് സമരം

ആലപ്പുഴ ∙ ഉടമകളുടെ സംഘടനകൾ പിന്മാറിയതിനു പിന്നാലെ വഞ്ചിവീട് ജീവനക്കാർ ആലപ്പുഴയിൽ സമരം തുടങ്ങി. സിഐടിയു, ബിഎംഎസ് യൂണിയനുകളിലെ തൊഴിലാളികളാണു സമരം തുടങ്ങിയത്. ഇതോടെ ഭൂരിഭാഗം വഞ്ചിവീടുകളുടേയും സർവീസ് മുടങ്ങി. രാവിലെ പുന്നമട ഫിനിഷിങ് പോയിന്റിൽ സമരക്കാർ വള്ളങ്ങൾ തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി.

ഉടമാ സംഘങ്ങൾ സിപിഎം ജില്ലാ സെക്രട്ടറി ഇൻ ചാർജ് ആർ.നാസറിനെ രാവിലെ കണ്ടിരുന്നു. ജൂൺ ആദ്യവാരം മന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നും അതു വരെ സമരം നടത്തരുതെന്നും നാസർ സിഐടിയു യൂണിയൻ പ്രതിനിധികളോടു ഫോണിൽ പറഞ്ഞിരുന്നെങ്കിലും ചെവിക്കൊള്ളാതെ സിഐടിയു യൂണിയൻ പ്രകടനം നടത്തുകയായിരുന്നു. പള്ളാത്തുരുത്തിയിൽനിന്നു സമരത്തിൽ പങ്കെടുക്കാതിരുന്ന ഉടമാസംഘമായ ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന്റെ വഞ്ചിവീടുകൾ സർവീസ് നടത്തുന്നുണ്ട്.

അഞ്ച് ഉടമാ സംഘടനകൾ ചേർന്നുള്ള സംയുക്തവേദി ഇന്നലെ കലക്ടറുമായി നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു സമരം പിൻവലിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജൂൺ ആദ്യവാരം ആലപ്പുഴയിലെത്തി ചർച്ച നടത്താമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സമരം പിൻവലിച്ചത്. ഇക്കാര്യമാണു സിപിഎം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ആർ.നാസർ സിഐടിയു യൂണിയൻ പ്രവർത്തകരെയും അറിയിച്ചത്. വർധിപ്പിച്ച സേവന വ്യവസ്ഥകൾ അടങ്ങിയ കരാർ യൂണിയൻ ഓഫിസിൽ എത്തി ഒപ്പിട്ടു നൽകണമെന്നാണു സമരം ചെയ്യുന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം.