Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൊക്കലിഗ, ലിംഗായത്ത്, ബെള്ളാരി ലോബി...: കർണാടകയിൽ നമ്മൾ കേട്ടത്

സി.കെ. ശിവാനന്ദൻ
vidhana-soudha-stage

കർണാടക നിയമസഭാ തിരഞ്ഞെടുപ്പും മന്ത്രിസഭാരൂപീകരണവുമെല്ലാം വാർത്തകളിൽ നിറഞ്ഞപ്പോൾ മലയാളിയുടെ മനസ്സിലേക്കു കുറെ വാക്കുകളും കടന്നുവന്നു. മുൻപും ഇവയെല്ലാം മലയാളികളിൽ കുറെ പേർ കേട്ടിട്ടുണ്ടാകാമെങ്കിലും എന്താണ് അവയെന്നതിനെക്കുറിച്ചുള്ള സംശയം ചിലരിലെങ്കിലും ഇനിയും ബാക്കി. പുതുതായി കേട്ടവരിലും ആ സംശയം ഉയർന്നുവന്നു. വൊക്കലിഗ, ലിംഗായത്ത്, ബോംബെ– കർണാടക, ഹൈദരാബാദ്– കർണാടക, റെഡ്ഡി സഹോദരന്മാർ, ബെല്ലാരി ഖനി ലോബി, പഴയ മൈസൂരു മേഖല തുടങ്ങിയവയെല്ലാം ഇത്തരത്തിൽ നാം കേട്ട വാക്കുകളാണ്.

ലിംഗായത്ത്

കർണാടകയിലെ പ്രബല സമുദായങ്ങളിലൊന്ന്.. ഹിന്ദു മതത്തിലെ അനാചാരങ്ങൾക്കെതിരെ  തിരിഞ്ഞ ബസവേശ്വര (ബസവണ്ണ) എന്ന സാമൂഹിക പരിഷ്കർത്താവിന്റെ പിൻഗാമികളാണു ലിംഗായത്തുകൾ. വീരശൈവ വിഭാഗവും ഇതിന്റെ ഭാഗം. ശരീരത്തിൽ പൂണൂലിട്ട് അതിൽ ശിവലിംഗത്തിന്റെ ചെറിയ രൂപം ധരിക്കുന്നതോടെ ലിംഗായത്തുകളായി മാറുന്നുവെന്നു വിശ്വാസം. സ്ത്രീകളും ഇതു ധരിക്കുന്നു. മതങ്ങളില്ലാത്ത ലോകം വിഭാവനം ചെയ്ത ബ്രാഹ്മണ സമുദായ ജാതനായ ബസവേശ്വര ബാഗേവാഡിയിൽനിന്നു ബസവകല്യാണിലേക്കു നടത്തിയ യാത്ര ചരിത്രപരം. വടക്കൻ കർണാടകയിലും മധ്യ കർണാടകയിലും കിഴക്കൻ കർണാടകയിലും  പ്രബല സമുദായമാണു ലിംഗായത്തുകൾ. 

B-S-Yeddyurappa-1 ബി.എസ്. യെഡിയൂരപ്പ

തെക്കൻ കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലും വലിയതോതിൽ ലിംഗായത്ത് സമുദായ സാന്നിധ്യമുണ്ട്. തുംകൂർ ജില്ലയിലെ സിദ്ധഗംഗ, മൈസൂരുവിലെ സുത്തൂർ തുടങ്ങിയ ലിംഗായത്ത് സന്യാസ മഠങ്ങൾ പ്രസിദ്ധം. സിദ്ധഗംഗ മഠാധിപതി ശിവകുമാരസ്വാമി 105 വയസ്സു പിന്നിട്ട സന്യാസപ്രമുഖൻ. മുൻ മുഖ്യമന്ത്രിമാരും ബിജെപി നേതാക്കളുമായ ബി.എസ്. യെഡിയൂരപ്പ,, ജഗദീഷ് ഷെട്ടർ, കോൺഗ്രസ് നേതാക്കളായ ശാമന്നൂർ ശിവശങ്കരപ്പ, മുൻ മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീൽ, ജനതാദൾ നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന പരേതനായ എം.പി. പ്രകാശ് തുടങ്ങിയവരെല്ലാം  ലിംഗായത്ത് വിഭാഗത്തിൽനിന്നുള്ള പ്രമുഖ നേതാക്കളാണ്. 

വൊക്കലിഗ

പഴയ മൈസൂരു മേഖലയിലെ (തെക്കൻ കർണാടക) പ്രബല സമുദായമാണു വൊക്കലിഗ. കൂടതലും കർഷകരും കർഷകത്തൊഴിലാളികളും. ഒട്ടേറെ ഉപവിഭാഗങ്ങളുമുണ്ട് വൊക്കലിഗ സമുദായത്തിൽ. ഹാസൻ, മൈസൂർ, മണ്ഡ്യ, രാമനഗര, തുംകൂർ, കോലാർ, ബെംഗളൂരു ഗ്രാമീണ ജില്ലകളിൽ വലിയ തോതിലുണ്ടു വൊക്കലിഗരുടെ സാന്നിധ്യം. ഹാസൻ ജില്ലയിലെ ശ്രാവണബെലഗോളയിൽ  ജൈന മതാചാര്യനായ ഭദ്രബാഹുവും ശിഷ്യൻ ചന്ദ്രഗുപ്ത മൗര്യനും തപസനുഷ്ഠിക്കാനെത്തിയതും തുടർന്നു വൊക്കലിഗരിൽ ഒട്ടേറെ പേർ ദിഗംബര ജൈന മതാനുയായികളായതും ചരിത്രം. 

HD-Deve-Gowda എച്ച്.ഡി. ദേവെഗൗഡ

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡയാണു വൊക്കലിഗ സമുദായത്തിന്റെ ഏറ്റവും അറിയപ്പെടുന്ന മുഖങ്ങളിലൊന്ന്. മുൻ വിദേശകാര്യ മന്ത്രിയും കോൺഗ്രസിലെ പ്രമുഖ നേതാവും മഹാരാഷ്ട്ര ഗവർണറുമെല്ലാമായിരുന്ന എസ്.എം. കൃഷ്ണ, കേന്ദ്രമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായ ഡി.വി. സദാനന്ദ ഗൗഡ, ശോഭ കരന്തലാജെ (ബിജെപി നേതാക്കൾ), കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ, നിയുക്ത മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുടങ്ങിയവരെല്ലാം അറിയപ്പെടുന്ന വൊക്കലിഗ വിഭാഗക്കാരാണ്.. കർണാടക സംസ്ഥാനത്തിന്റെ പല ഭാഗത്തായി വൊക്കലിഗ മഠങ്ങളുമുണ്ട്. 

ബോംബെ–കർണാടക 

കർണാടകയിലെ വിവിധ മേഖലകളെക്കുറിച്ചു പറയുമ്പോൾ കേൾക്കുന്ന പേരാണിത്. ബോംബെ–കർണാടക. ബ്രിട്ടീഷ് ഭരണകാലത്തു ബോംബെ പ്രസിഡൻസിക്കു കീഴിലുണ്ടായിരുന്ന മേഖലകളാണു ബോംബെ കർണാടക എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇന്നു വടക്കൻ കർണാടകയുടെ ഭാഗമായ ബെളഗാവി (പഴയ ബെൽഗാം), വിജയപുര (പഴയ ബിജാപൂർ), ബാഗൽകോട്ട്, ഹാവേരി, ധാർവാഡ്, ഗദഗ്, ഉത്തര കന്നഡ ജില്ലകൾ ബോംബെ പ്രസിഡൻസിക്കു കീഴിലായിരുന്നു. ഇന്നു കേരളത്തിലെ മലബാർ മേഖല പണ്ടു മദ്രാസ് പ്രസിഡൻസിക്കു കീഴിലായിരുന്നതുപോലെ. 

ഹൈദരാബാദ്–കർണാടക

ഹൈദരാബാദ് നിസാമിന്റെ ഭരണത്തിൻകീഴിലുണ്ടായിരുന്ന  മേഖലയിൽ ഇന്നു കർണാടകയിൽ ഉൾപ്പെടുന്ന ഭാഗങ്ങളെയാണു ഹൈദരാബാദ്–കർണാടക എന്നു വിളിക്കുന്നത്. ബീദർ, കലബുറഗി (പഴയ ഗുൽബർഗ), യാദ്ഗീർ, റായ്ച്ചൂർ, കൊപ്പാൾ, ബെള്ളാരി (പഴയ ബെല്ലാരി), ചിത്രദുർഗ ജില്ലകൾ ഈ മേഖലയിൽവരുന്നു. 

പഴയ മൈസൂരു മേഖല

ഇതും ഏറെ പരാമർശിക്കപ്പെടുന്ന  വാക്കായിരുന്നു തിരഞ്ഞെടുപ്പുകാലത്ത്. മൈസൂർ രാജാവിന്റെ ഭരണത്തിൻ കീഴിലുണ്ടായിരുന്ന  മേഖലയാണിത്. വൊക്കലിഗ സമുദായക്കാരുടെ  സ്വാധീനമേഖല. മൈസൂരു, ഹാസൻ, രാമനഗര, മണ്ഡ്യ, കുടക്, ചാമരാജനഗർ, കോലാർ, തുംകൂർ, ബെംഗളൂരു തുടങ്ങിയ ജില്ലകൾ ഈ മേഖലയിലാണ്. 

റെഡ്ഡി സഹോദരന്മാർ

കർണാടക രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഏറെ കേട്ടുവരുന്നതാണീ വാക്ക്. ബെള്ളാരി ജില്ലയിലെ ഖനി ലോബിയുടെ ഭാഗമാണു സഹസ്രകോടീശ്വരന്മാരായ റെഡ്ഡി സഹോദരങ്ങൾ. മൂന്നു പേരാണു റെഡ്ഡി സഹോദരന്മാരെങ്കിലും  ഒട്ടാകെ നാലു പേരാണിവർ. മൂന്നു പേരിൽ രണ്ടാമനായ ജി. ജനാർദന റെഡ്ഡിയാണു യഥാർഥ കോടീശ്വരൻ. മൂത്ത സഹോദരൻ ജി. കരുണാകര റെഡ്ഡി, ഇളയ സഹോദരൻ ജി. സോമശേഖര റെഡ്ഡി എന്നിവരും ജനാർദന റെഡ്ഡിയുടെ ഉറ്റതോഴനായ ബി. ശ്രീരാമുലുമാണു ബെല്ലാരി ഖനി ലോബിയിലെ പ്രമുഖർ. സോമശേരറെഡ്ഡി ഒഴികെയുള്ള മൂന്നുപേരും മുൻ മന്ത്രിമാരാണ്. ജനാർദന റെഡ്ഡി ഒഴികെയുള്ളവർ ഇപ്പോൾ നിയമസഭാംഗങ്ങളുമായി. 

Janardhana-Reddy-and-B-Sriramulu ജി. ജനാർദന റെഡ്ഡി, ശ്രീരാമുലു

സോമശേഖര റെഡ്ഡി മുൻപു കർണാടക  മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ (നന്ദിനി) ചെയർമാനായിരുന്നു. ഇവരുടെ ഉടമസ്ഥതയിൽ ആന്ധ്രാ–കർണാടക അതിർത്തിയിലുള്ള ഓബെല്ലാപുരം ഇരുമ്പയിരു ഖനിയിൽനിന്നു കോടിക്കണക്കിനുരൂപയുടെ ഇരുമ്പയിരാണു ചൈനയടക്കമുള്ള വിദേശരാജ്യങ്ങളിലേക്കു കയറ്റിയയച്ചിരുന്നത്. കോൺഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി ബെള്ളാരി ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനെത്തിയപ്പോൾ  ബിജെപിക്കായി എതിർത്തതു ഇന്നു വിദേശകാര്യ മന്ത്രിയായ സുഷമ സ്വരാജായിരുന്നു. അന്നു സുഷമയ്ക്കുപിന്നിൽ ഉറച്ചുനിന്ന റെഡ്ഡി സഹോദരന്മാർ ബിജെപിയോടടുത്തു. ആന്ധ്രയിൽ അന്നു മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് വൈ.എസ്. രാജശേഖർ റെഡ്ഡിയുമായും അടുത്ത ബന്ധമുണ്ടായിരുന്നു റെഡ്ഡി സഹോദരന്മാർക്ക്. രാജശേഖർ റെഡ്ഡിയുടെ മകൻ ജഗൻമോഹൻ റെഡ്ഡിയുമായും ഇവർ അടുപ്പം സൂക്ഷിക്കുന്നു.  

related stories