Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രക്ഷോഭം ഫലം കാണുന്നു; തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ഫാക്ടറി വികസനത്തിന് സ്റ്റേ

Tuticorin-Protest ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിൽനിന്ന്

ചെന്നൈ∙ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് ഫാക്ടറി വികസിപ്പിക്കുന്നതിനു സ്റ്റേ. രണ്ടാമത്തെ യൂണിറ്റിന്റെ നിർമാണം മദ്രാസ് ഹൈക്കോടതി തടഞ്ഞു. കേന്ദ്രസർക്കാർ പൊതുതെളിവെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചു. ഫാക്ടറിക്കെതിരായ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണു കോടതിയുടെ നിർദേശം.

അതിനിടെ, തമിഴർ കൊല്ലപ്പെടുന്നത് ആർഎസ്എസ് ആശയങ്ങളെ എതിർക്കുന്നതു കൊണ്ടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. മോദിയുടെ വെടിയുണ്ടകൾക്ക് തമിഴ് ജനതയെ അടിച്ചമർത്താനാകില്ല. കോൺഗ്രസ് തമിഴ്നാട്ടുകാർക്കൊപ്പമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഫാക്ടറി വികസിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ നൂറു ദിവസമായി പ്രതിഷേധം നടക്കുകയായിരുന്നു. നൂറാം ദിനമായ ഇന്നലെ കലക്ടറേറ്റിലേക്കു നടത്താനിരുന്ന റാലിയാണ് അക്രമാസക്തമായത്. ലാത്തിചാർജിനിടെ പ്രതിഷേധക്കാർക്കെതിരെ വെടിവയ്പ്പുണ്ടായി. 12 പേരാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.

കമ്പനി ആളെ കൊല്ലുന്നെന്ന് നാട്ടുകാർ

ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്സസിന്റെ ഉപകമ്പനിയാണു തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസ് (ഇന്ത്യ). ഇലക്ട്രോണിക് സർക്യൂട്ട് ഘടകങ്ങൾ, ചെമ്പു വയറുകൾ, ചെമ്പു കമ്പികൾ തുടങ്ങിയവ ഇവിടെ ഉൽപാദിപ്പിക്കുന്നു. സൾഫ്യൂറിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ് ഉൾപ്പെടെ ഒട്ടേറെ രാസവസ്തുക്കളും തയാറാക്കുന്നുണ്ട്. പ്ലാന്റുകളിൽ നിന്ന് ഉയരുന്ന വിഷപ്പുകയും കാർഷിക മേഖലയിലേക്കു പുറന്തള്ളുന്ന രാസമാലിന്യങ്ങളും സമീപപ്രദേശങ്ങളിൽ കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്കു കാരണമാകുന്നെന്ന് വർഷങ്ങളായി നാട്ടുകാർക്കു പരാതിയുണ്ട്.

സ്റ്റെർലൈറ്റ് വിവാദം മുൻപും

തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് പ്ലാന്റ് വിവാദത്തിലാകുന്നത് ആദ്യമായല്ല. ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത്, 2013-ൽ ഇന്ധനച്ചോർച്ച റിപ്പോർട് ചെയ്യപ്പെട്ടതിനെത്തുടർന്നു പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവിട്ടിരുന്നു. സർക്കാർ ഉത്തരവിനെതിരെ കമ്പനി ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു.ട്രൈബ്യൂണൽ സർക്കാർ ഉത്തരവ് റദ്ദാക്കി. ഇതിനെതിരെ സർക്കാർ നൽകിയ ഹർജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

related stories