Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയത്ത് നിപ്പ പനി സംശയിച്ച് നഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ

nipah-virus-bat-representational-image Representational image

കോട്ടയം∙ കോട്ടയത്ത് നിപ്പ പനി സംശയിച്ച് ഒരാളെക്കൂടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സിനെയാണു മെഡിക്കൽ കോളജിലെത്തിച്ചിരിക്കുന്നത്. നിപ്പ ലക്ഷണങ്ങളുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതിനിടെ, കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പനി മൂലം പ്രവേശിപ്പിച്ച രണ്ടു വയസ്സുകാരന്‍ മരിച്ചു. പനി ഹൃദയത്തെ ബാധിച്ചതാണെന്നാണു പ്രാഥമിക നിഗമനം. കൂടുതൽ കൃത്യതയ്ക്കായി രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. നിപ്പ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണു കോട്ടയം സ്വദേശിയായ കുട്ടിയുടെ രക്തസാംപിളുകൾ പരിശോധനയ്ക്ക് അയച്ചത്.

മലപ്പുറം മൂന്നിയൂരിൽ നിപ്പ ബാധിച്ചു മരിച്ച സിന്ധുവിന്റെ ഭർത്താവിനെ പനിയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രാത്രിയോടെ പ്രവേശിപ്പിച്ചു.

നേരത്തേ, പനിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളിനു നിപ്പ വൈറസ് ബാധിച്ചതായ ലക്ഷണങ്ങള്‍ നിലവില്‍ ഇല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വർഗീസ് അറിയിച്ചിരുന്നു. പേരാമ്പ്ര താലൂക്കില്‍നിന്ന് ട്രെയിനില്‍ കോട്ടയത്തെത്തിയ ഇയാള്‍ പനിമൂലം അവശത തോന്നിയതിനെത്തുടര്‍ന്നു നേരിട്ട് മെഡിക്കല്‍ കോളജില്‍ എത്തുകയായിരുന്നു.

നിപ്പ വൈറസ് ബാധയുളളതായി സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനും മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ ആശുപത്രികളിലും അണുനശീകരണവും വ്യക്തിഗത സുരക്ഷ നടപടികളും ശക്തമാക്കിയതായും ഡിഎംഒ അറിയിച്ചു.