Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ വ്യാജ സന്ദേശം: മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കഞ്ചേരിക്കും എതിരെ കേസ്

Jacob Vadakkancehri Mohanan Vaidyar ജേക്കബ് വടക്കഞ്ചേരി, മോഹനന്‍ വൈദ്യര്‍

തിരുവനന്തപുരം∙ നിപ്പ വൈറസ് ബാധയുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളില്‍ തെറ്റായതും പരിഭ്രാന്തി പരത്തുന്നതുമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ സൈബര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച വ്യാജ വൈദ്യന്മാര്‍ക്കെതിരെ തൃത്താല പൊലീസും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്തതിനുമാണു വിവിധ വകുപ്പുകളനുസരിച്ചു കേസെടുത്തിരിക്കുന്നത്.

കേരള പ്രൈവറ്റ് അയുര്‍വേദ പ്രാക്ടീഷനേഴ്സ് അസോസിയേഷന്റെ  ജനറല്‍ സെക്രട്ടറി വിജിത്തിന്റെ പരാതിയെത്തുടര്‍ന്നാണ് തൃത്താല പൊലീസ് മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കഞ്ചേരിക്കും എതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 270, 500, കേരള പൊലീസ് ആക്ട് 120 (o) വകുപ്പുകള്‍ അനുസരിച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സമൂഹമാധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സൈബര്‍ പൊലീസ് കേസെടുത്തത്. ഐപിസി 505(2), 426, പൊലീസ് ആക്ട് 118 ബി, സി എന്നിവ പ്രകാരമാണ് കേസ്. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്ററും സൈബര്‍ പൊലീസിനു വിവരങ്ങള്‍ കൈമാറിയിരുന്നു.

വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ആളുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫിസിന് ഒട്ടേറെ പരാതികള്‍  ലഭിച്ചിരുന്നു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഐഎംഎയും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വ്യാജസന്ദേശങ്ങളില്‍ ജനങ്ങള്‍ കുടുങ്ങരുതെന്നും തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി നേരത്തേ വ്യക്തമാക്കിയിരുന്നു.