Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതിക്കു ശാശ്വത സമാധാനം ഉണ്ടാക്കാനാവില്ല, വേണ്ടത് പ്രാർഥന: പാത്രിയർക്കിസ് ബാവാ

Ignatius Aphrem 2 Patriarch visits Pinarayi Vijayan പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കിസ് ബാവാ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചപ്പോൾ. ചിത്രം: മനോരമ

പത്തനംതിട്ട ∙ കോടതിവിധികൾക്കു ശാശ്വത സമാധാനം ഉണ്ടാക്കാൻ കഴിയില്ലെന്നും വിശ്വാസികളുടെ പ്രാർഥനകളിലൂടെ വേണം അതു നേടിയെടുക്കേണ്ടതെന്നും പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കിസ് ബാവാ. ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി മഞ്ഞിനിക്കര ദയറായിൽ എത്തിയതായിരുന്നു ബാവാ.

പരിശുദ്ധ ഏലിയാസ് ത്രിദ്വിയൻ പാത്രിയർക്കീസ് ബാവായുടെ പിൻഗാമിയായി സമാധാന സന്ദേശവുമായാണു മലങ്കരയിൽ എത്തിയത്. ഇതു വിജയിക്കുമെന്നു പൂർണ വിശ്വാസമില്ല. ആയിരം തവണ പരാജയപ്പെട്ടാലും പരിശ്രമം തുടരും. സഭാതർക്കത്തിൽ സുസ്ഥിരമായ സമാധാനം ഉണ്ടാകുന്നതുവരെ വിശ്രമമില്ല. എല്ലാ വിഭാഗവും വിട്ടുവീഴ്ചയ്ക്കു തയാറായാലേ സമാധാനം ഉണ്ടാക്കാനാകൂ.

അതേസമയം, സഭയുടെ അന്തസ്സും അസ്ഥിത്വവും കളഞ്ഞുള്ള സമാധാനത്തിനോടു യോജിപ്പില്ല. ആത്മാർഥമായ സമാധാനശ്രമം പരാജയപ്പെട്ടാലും സഭ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമ്പോൾ അന്ത്യോക്യൻ സിംഹാസനം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാത്രിയർക്കീസ് ബാവായ്ക്കു ദയറായിൽ ഭക്തിനിർഭരവും ആവേശവും നിറഞ്ഞ വരവേൽപ്പാണു നൽകിയത്. അന്ത്യോക്യായുടെ അധിപതിയെ കാണാൻ രാവിലെ മുതൽ ദയറായിലേക്കു വിശ്വാസികളുടെ പ്രവാഹമായിരുന്നു. ബാവാ എത്തിയതോടെ അവരുടെ ആവശേം അണപൊട്ടി. പാത്രിയർക്കാ പതാകകളുമേന്തി അന്ത്യോക്യൻ സിംഹാസനം നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യത്തോടെയാണു ബാവായെ വരവേറ്റത്.

സ്തേഫാനോസ് പള്ളിയുടെ മുന്നിൽ എത്തിയ ബാവായെ യൂഹാനോൻ മാർ മിലിത്തിയോസ് അംഗവസ്ത്രം അണിയിച്ചു സ്വീകരിച്ചു. ദയറായിൽ എത്തിയ ബാവായെ ദയറാ തലവൻ ഗീവർഗീസ് മാർ അത്താനേഷ്യസ്  കത്തിച്ച മെഴുകുതിരി നൽകിയും ടി.യു. കുരുവിള മാലിയിട്ടും വരവേറ്റു. മാത്യൂസ് മാർ തേവോദോസ്യോസ്, ഗീവർഗീസ് മാർ കൂറീലോസ്, കുര്യാക്കോസ് മാർ ഗ്രീഗോറിയോസ്, മാത്യൂസ് മാർ തിമോത്തിയോസ്, യെൽദോ മാർ തീത്തോസ് എന്നിവർ ചേർന്ന് ആനയിച്ചു. പരിശുദ്ധ ഏലിയാസ് ത്രിദ്വിയൻ പാത്രിയർക്കീസ് ബാവായുടെ കബറിടത്തിൽ ധൂപപ്രാർത്ഥനയും നടത്തി.