Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂത്തുക്കുടി: കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിക്കും, കലക്ടർക്ക് ഉൾപ്പെടെ സ്ഥലംമാറ്റം

Tuticorin-Violence തൂത്തുക്കുടിയിൽ സംഘർഷത്തിനിടെ അക്രമികള്‍ തീയിട്ട ബസ്. ചിത്രം: പിടിഐ

ചെന്നൈ∙ തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് വിരുദ്ധസമരത്തിനു നേരെ രണ്ടാം ദിവസവും പൊലീസ് നടപടി തുടർന്ന സാഹചര്യത്തിൽ കർശന തീരുമാനങ്ങളുമായി തമിഴ്നാട് സർക്കാർ. തൂത്തുക്കുടി കലക്ടർ എൻ.വെങ്കടേഷിനെ സ്ഥലംമാറ്റി. തിരുനൽവേലി കലക്ടറായിരുന്ന സന്ദീപ് നന്ദൂരിയായിരിക്കും തൂത്തുക്കുടിയിലെ പുതിയ കലക്ടർ. സമഗ്ര ശിക്ഷ അഭിയാന്റെ(എസ്എസ്എ) അഡീ.സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ സ്ഥാനത്തേക്കാണു വെങ്കടേഷിനെ സ്ഥലംമാറ്റിയത്.

തൂത്തുക്കുടി എസ്പി പി.മഹേന്ദ്രനെയും സ്ഥലംമാറ്റി. ഇദ്ദേഹത്തിനു പകരം മുരളി രംഭയായിരിക്കും എസ്പിയെന്ന് അഡീ.ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ചെന്നൈയിൽ ഡപ്യൂട്ടി കമ്മിഷണറായാണു (ട്രാഫിക്–നോർത്ത്) മഹേന്ദ്രനു സ്ഥലംമാറ്റം. തൂത്തുക്കുടി കലക്ടർക്കും എസ്പിക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതിക്കു മുൻപാകെ മൂന്ന് അഭിഭാഷകർ പൊതുതാത്പര്യ ഹർജി നൽകിയിരുന്നു. ഇതിനു പിന്നാലെയാണു നടപടി.

അതിനിടെ, സമരക്കാർക്കുനേരെ ബുധനാഴ്ചയും   വെടിവയ്പുണ്ടായി. അണ്ണാനഗറില്‍ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടി. ഒരാള്‍ മരിച്ചു. വെടിയേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ചയുണ്ടായ വെടിവയ്പിൽ പത്തു പേർ കൊല്ലപ്പെട്ടിരുന്നു. അക്രമത്തിൽ എസ്പി മഹേന്ദ്രനു ഗുരുതരമായി പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തൂത്തുക്കുടി, കന്യാകുമാരി, തിരുനൽവേലി ജില്ലകളിൽ അഞ്ചു ദിവസത്തേക്ക് ഇന്റർനെറ്റിനും വിലക്കുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണിത്.

അതേസമയം, പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ സൂക്ഷിച്ചു വയ്ക്കണമെന്നു മദ്രാസ് ഹൈക്കോടതി നിർദേശം നൽകി.  കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രി ഡോക്ടർമാരുടെ സംഘം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്നും അതു വിഡിയോയിൽ പകർത്തണമെന്നും ആവശ്യപ്പെട്ടു അഭിഭാഷകർ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മൃതദേഹം സൂക്ഷിക്കാനുള്ള  നിർദേശം.

ഹർജിയിന്മേൽ മേയ് 30നകം എതിർ സത്യവാങ്മൂലം നൽകാനും ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. നാലു മജിസ്ട്രേറ്റുമാർ റീ–പോസ്റ്റ്മോർട്ടത്തിനു സാക്ഷ്യം വഹിക്കുമെന്ന് അഡീ.അഡ്വ. ജനറൽ നർമദ സമ്പത്ത് കോടതിയെ അറിയിച്ചു. വെടിവയ്പ് അന്വേഷിക്കാൻ ഏകാംഗ കമ്മിഷനെയും നിയോഗിച്ചിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. എന്നാൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും സ്വീകാര്യനായ ഒരു ഡോക്ടറുടെ സാന്നിധ്യത്തിൽ വേണം പോസ്റ്റ്മോർട്ടമെന്നാണു ഹർജിക്കാരുടെ ആവശ്യം.

പൊലീസല്ലാത്ത ചിലർ സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. വെടിവയ്പു വിദഗ്ധരായ അവരാണ് അക്രമത്തിനു പിന്നിൽ. ഇതിനെപ്പറ്റി ജുഡീഷ്യൽ തലത്തിൽ അന്വേഷണം വേണം. സംഭവവുമായി ബന്ധപ്പെട്ട് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുന്നവരെ പുറത്തുവിടണം. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കു മതിയായ ധനസഹായം നൽകണമെന്നും ഹർജി ആവശ്യപ്പെട്ടു. സമരക്കാർക്കു നേരെ മനഃപൂർവമായ കൊലപാതകശ്രമമാണു നടന്നതെന്നും ഹർജിയിൽ ആരോപിച്ചു.