Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൺറിസർവ്ഡ് ടിക്കറ്റ്: യുടിഎസ് ആപ്പിൽ ഇനി റീചാർജുകൾക്ക് 5% ബോണസ്

UTS Mobile App

കൊച്ചി∙ അൺറിസർവ്ഡ് റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സഹായിക്കുന്ന യുടിഎസ് ഒാൺ മൊബൈൽ ആപ്പിൽ ഇന്ന് മുതൽ റീചാർജുകൾക്ക് അഞ്ചു ശതമാനം ബോണസ് ലഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ആർ വോലറ്റിൽ 1000 രൂപയ്ക്ക് റീചാർജ് ചെയ്താൽ 1050 രൂപ ലഭിക്കും. മൂന്നു മാസത്തേക്കാണ്  ആനുകൂല്യം. റീചാർജ് ചെയ്യേണ്ട ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്.

ഏപ്രിൽ 14നാണ് യുടിഎസ് ഒാൺ മൊബൈൽ കേരളത്തിൽ നിലവിൽ വന്നത്. റെയിൽവേ സ്റ്റേഷന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ മൊബൈൽ ആപ് ഉപയോഗിച്ചു ടിക്കറ്റ് ബുക്ക് ചെയ്യാം. അതേ സമയം സ്റ്റേഷന്റെ 25 മീറ്റർ ചുറ്റളവിൽ നിലവിൽ‍ ബുക്കിങ് സാധ്യമല്ല. സീസൺ ടിക്കറ്റുകൾ പുതുക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ബുക്കിങ് കൗണ്ടറുകൾ വഴിയും www.utsonmobile.indiarail.gov.in എന്ന വെബ്സൈറ്റ് വഴിയും ഇ–വോലറ്റിൽ പണം നിറയ്ക്കാം. 

ആപ്പിനു മികച്ച പ്രതികരണമാണു യാത്രക്കാരിൽ നിന്നു ലഭിക്കുന്നതെന്നു ചീഫ് കൊമേഴ്സ്യൽ മാനേജർ (പാസഞ്ചർ മാർക്കറ്റിങ്) ജെ.വിനയൻ പറഞ്ഞു. ദക്ഷിണ റെയിൽവേയിൽ ഇതുവരെ രണ്ടു ലക്ഷം യാത്രക്കാരാണു ആപ് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചത്. പരമാവധി റീചാർജ് സംഖ്യ 5000 രൂപയിൽ നിന്നു 10,000 രൂപയായി വൈകാതെ വർധിപ്പിക്കും. സ്റ്റേഷനുകൾക്കുള്ളിലും ആപ് വഴി ടിക്കറ്റ് എടുക്കാൻ കഴിയുന്ന സംവിധാനം പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആൻ‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ആപ് ലഭ്യമാണ്. 

ആപ് ഡൗൺലോഡ് ചെയ്ത ശേഷം യുടിഎസ്ഒാൺ മൊബൈൽ വെബ്സൈറ്റിൽ മൊബൈൽ നമ്പർ റജിസ്റ്റർ ചെയ്താൽ മാത്രമേ പാസ്‌വേ‍‍ഡ് ലഭിക്കൂ.  ആപ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ആർ വോലറ്റും നിലവിൽ വരും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ബുക്കിങ് കൗണ്ടറുകൾ വഴിയും ഇ വോലറ്റിൽ പണം നിറയ്ക്കാം. ടിക്കറ്റ് ബുക്ക് ചെയ്താൽ അതിന്റെ ചിത്രം ഫോണിൽ ഡൗൺലോഡാകും. ടിക്കറ്റ് പരിശോധകർ ആവശ്യപ്പെട്ടാൽ ഇതു കാണിച്ചു യാത്ര ചെയ്യാം.