Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുജറാത്ത് സ്കൂളിൽ വൻ കോപ്പിയടി; പിടിച്ചെടുത്തത് ചാക്കുകണക്കിനു കടലാസുതുണ്ടുകൾ

exam-hall

അഹമ്മദാബാദ്∙ പരീക്ഷാ കോപ്പിയടിക്കായി എത്തിച്ച 200 കിലോ വസ്തുക്കൾ ഗുജറാത്തിൽ നിന്നു പിടികൂടി. ഇക്കഴിഞ്ഞ മാർച്ച് രണ്ടാം വാരം ജുനഘഡിലെ വൻതലിയിലുള്ള സ്വാമിനാരായൺ ഗുരുകുൽ സ്കൂളിൽ നടന്ന പ്ലസ് ടു സയൻസ് പരീക്ഷയ്ക്കു കോപ്പിയടിക്കാനെത്തിച്ചതാണ് ഇത്രയും കടലാസുകളെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. 20 ചാക്കുകളിൽ നിറച്ച കോപ്പിയടി വസ്തുക്കളിൽ ഭൂരിഭാഗവും ഉത്തരങ്ങളുടെ ‘മൈക്രോ സൈസ്’ ഫോട്ടോകോപ്പികളാണ്.

ഗുജറാത്ത് സെക്കൻഡറി ആൻഡ് ഹയർസെക്കൻഡറി എജ്യുക്കേഷൻ ബോർ‍ഡിന്റെ പരീക്ഷാ കമ്മിറ്റി നടത്തിയ പരിശോധനയിലാണു സംഭവം പുറത്തുവന്നത്. പരീക്ഷ കോ–ഓർഡിനേറ്ററെയും നിരീക്ഷകരെയും കേസുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യും. 15 വിദ്യാർഥികൾ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ടെന്നും മറ്റുള്ളവരെ 31നുള്ളിൽ പിടികൂടുമെന്നും ബോർഡ് വൈസ് ചെയർമാൻ എൻ.സി. ഷാ പറഞ്ഞു.

കോപ്പിയടി നടന്ന സംഭവം ജില്ലാ വിദ്യാഭ്യാസ ഓഫിസർ ബി.എസ്. ഖെല്ലയും സ്ഥിരീകരിച്ചു. സ്വാമിനാരായൺ ഗുരുകുലിലെ പരീക്ഷാ നടത്തിപ്പിനെക്കുറിച്ചു നിരവധി പരാതികൾ ലഭിച്ചിരുന്നു. മാർച്ച് 14ന് ഇവിടെയെത്തിയപ്പോൾ പത്താം ക്ലാസ് പരീക്ഷകൾ നടക്കുകയായിരുന്നു. ഇവിടത്തെ റോഡിൽ മുഴുവനും ചെറിയ വെള്ളക്കടലാസു കഷണങ്ങൾ കണ്ടെത്താൻ സാധിച്ചു. വിദ്യാര്‍ഥികൾ ഉപേക്ഷിച്ച കോപ്പിയടി വസ്തുക്കളായിരുന്നു അത്– അദ്ദേഹം പറഞ്ഞു.

പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടക്കുമ്പോഴും വിദ്യാർഥികള്‍ക്ക് ശക്തമായ താക്കീത് അധികൃതർ നൽ‌കിയിരുന്നു. ഇതേതുടർന്നു നിരവധി വിദ്യാർഥികൾ കടലാസു കഷണങ്ങൾ ഹാജരാക്കി. വിദ്യാര്‍ഥികളിൽ നടത്തിയ പരിശോധനയില്‍ 15 പേരെ കടലാസുകളുമായി പിടികൂടുകയും ചെയ്തു. ഇതൊക്കെ ശേഖരിച്ച് കണക്കെടുത്തപ്പോൾ ആകെ 200 കിലോ!

2008ൽ പരീക്ഷാ കേന്ദ്രമായിരുന്ന ഈ സ്കൂളിനെ തൊട്ടടുത്ത വർഷം തന്നെ പരീക്ഷ നടത്തിപ്പിൽ നിന്ന് ഒഴിവാക്കിയിരുന്നെന്നാണ് അധികൃതരുടെ വാദം. ഡിഇഒയുടെ അനുമതി വാങ്ങാതെയാണു സ്കൂള്‍ പരീക്ഷാ കേന്ദ്രമാക്കിയതെന്നും വിവരമുണ്ട്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണു പ്രതീക്ഷയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.