Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലേഷ്യൻ വിമാനം തകർത്തത് റഷ്യൻ മിസൈൽ; അന്വേഷണ റിപ്പോർട്ട് പുറത്ത്

MALAYSIA-AIRLINES/ Representative Image

ന്യൂജിൻ (നെതർലൻഡ്സ്)∙ മലേഷ്യ എയർലൈൻസ് വിമാനം തകർന്നതിനു പിന്നിൽ റഷ്യയാണെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. യുക്രെയ്നു മുകളിലൂടെ പറക്കുന്നതിനിടെ 2014 ജൂലൈ 17നാണു 298 യാത്രക്കാരുമായി വിമാനം തകർന്നത്. ആംസ്റ്റർഡാമിൽ നിന്നു മലേഷ്യയിലെ ക്വാലലംപുരിലേക്കു പറന്ന എംഎച്ച് 17 വിമാനം തകർത്തത് റഷ്യൻ സൈന്യത്തിന്റെ മിസൈലാണെന്ന് രാജ്യാന്തര പ്രോസിക്യൂട്ടർമാരുടെ സംഘം വ്യക്തമാക്കി. റഷ്യയുടെ ബക് മിസൈൽ ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു നേരത്തേ സംഘം വ്യക്തമാക്കിയതാണ്. എന്നാൽ ഇതെവിടെ നിന്നാണു വിക്ഷേപിച്ചത് എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങളാണ് ഇതാദ്യമായി ലോകത്തിനു മുന്നിലെത്തിയിരിക്കുന്നത്.

ഓസ്ട്രേലിയ, ബെൽജിയം, മലേഷ്യ, നെതർലൻഡ്സ്, യുക്രെയ്ൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രോസിക്യൂട്ടർമാരുടെ സംയുക്ത സംഘമാണ് തങ്ങൾ കണ്ടെത്തിയ വിവരങ്ങൾ പുറത്തുവിട്ടത്. വിമാനത്തിലെ ഭൂരിപക്ഷം പേരും ഡച്ച് യാത്രികരായിരുന്നു. ഈ സാഹചര്യത്തിലാണു ഡച്ച് പൊലീസ് രാജ്യാന്തര വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക ക്രൈം സ്ക്വാഡിനെ നിയോഗിച്ചത്. റഷ്യയുടെ 53-ാം ആന്റി–എയർക്രാഫ്റ്റ് ബ്രിഗേഡിൽ നിന്നാണു മിസൈൽ വിക്ഷേപിച്ചതെന്നാണു വിവരം.

BUK-TELAR മിസൈലാണു വിമാനത്തിനു നേരെ പ്രയോഗിച്ചത്. ഈ മിസൈൽ വിക്ഷേപിക്കുന്നതിനു വേണ്ടി ഉപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യൻ സേനയുടെ ഭാഗമായിട്ടുള്ളവയാണ്. മിസൈൽ സംവിധാനം പ്രവർത്തിപ്പിക്കുന്നതിനു പിന്നിലുള്ളവരുടെ വിവരങ്ങൾ അറിയാമെങ്കിൽ നൽകണമെന്നും പൊതുജനങ്ങളോട് അന്വേഷണ സംഘം അഭ്യർഥിച്ചു. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച നൂറോളം പേരുടെ വിവരങ്ങൾ തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതിൽ കൃത്യമായ പങ്കാളിത്തമുള്ള പേരുകളിലേക്കു കുറ്റവാളികളുടെ പട്ടിക ചുരുക്കിയിട്ടുണ്ടെന്നാണു പുതിയ വിവരം. അതേസമയം, വിമാനം വെടിവച്ചിട്ടവരെ വിചാരണചെയ്യാൻ രാജ്യാന്തര ട്രൈബ്യൂണൽ രൂപീകരിക്കാൻ യുഎൻ രക്ഷാസമിതിയിൽ നടത്തിയ നീക്കം റഷ്യ വീറ്റോ ചെയ്തതിനാൽ പ്രോസിക്യൂഷൻ സംഘത്തിന്റെ കണ്ടെത്തൽ അപ്രസക്തമാവുമെന്നാണു വിദഗ്ധരുടെ പക്ഷം..

പതിവുപോലെ റഷ്യ ഈ വാദത്തെ തള്ളിക്കളഞ്ഞു. റഷ്യൻ നിർമിത ബക് മിസൈലാണ് ബോയിങ് 777 വിമാനത്തെ തകർത്തതെന്ന് ഡച്ച് സേഫ്റ്റി ബോർഡ് 2015ലെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് എവിടെ നിന്നാണു വിക്ഷേപിക്കപ്പെട്ടത് എന്നു വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണു പുതിയ വെളിപ്പെടുത്തൽ പ്രസക്തമാകുന്നത്.

യുക്രെയ്ൻ വിമതരുടെ അധീനതയിലുള്ള പെർവോമയസ്ക് എന്ന ഗ്രാമത്തിൽ നിന്നാണു മിസൈൽ തൊടുത്തതെന്നായിരുന്നു രാജ്യാന്തര പ്രോസിക്യൂട്ടർമാരുടെ സംഘം കഴിഞ്ഞ വർഷം പുറത്തുവിട്ട വിവരം. സംഭവത്തിനുശേഷം ശേഷം മിസൈൽ സാമഗ്രികൾ റഷ്യയിലേക്കു മാറ്റി. റഷ്യൻ സൈന്യത്തിന്റെ പിന്തുണയോടെ പോരാടുന്ന വിമതരാണു സംഭവത്തിന്റെ പിന്നിലെന്നും പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചിരുന്നു. എന്നാൽ, യുക്രെയ്ൻ സൈന്യമാണ് ഉത്തരവാദികളെന്നാണ് റഷ്യയുടെ നിലപാട്.