Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു യുവതിക്കുകൂടി നിപ്പ സ്ഥിരീകരിച്ചു; മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍

Nipah Scare നിപ്പ വൈറസ് കണ്ടെത്തിയ പേരാമ്പ്രയിൽ മാസ്ക് ധരിച്ചെത്തുന്ന മെഡിക്കൽ വിദ്യാർഥികൾ. ചിത്രം: സജീഷ് ശങ്കർ

കോഴിക്കോട്∙ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലിരുന്ന ഒരു യുവതിക്കുകൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി. ഇതിൽ 11 പേർ മരിച്ചു. മൂന്നു പേർ ചികിൽസയിലാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുന്നതിനിടെയാണ് ഒരാൾക്കുകൂടി നിപ്പ സ്ഥിരീകരിക്കുന്നത്. 

പരീക്ഷകൾ മാറ്റി

വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. ശനിയാഴ്ച നടത്താനിരുന്ന സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷ പിഎസ്‌സി മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കാലിക്കറ്റ് വാഴ്സിറ്റി നാളെയും മറ്റന്നാളുമുള്ള പി.ജി. പ്രവേശനപ്പരീക്ഷകളും മാറ്റി.

ആദ്യം മരിച്ചയാളുടെ പിതാവും വ്യാഴാഴ്ച മരിച്ചു

ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന ചെങ്ങരോത്ത് സ്വദേശി മൂസ ഇന്നു രാവിലെ മരിച്ചിരുന്നു. നിപ്പ വൈറസ് ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവാണ്. ഇദ്ദേഹം കോഴിക്കോട്ടു ചികിൽസയിലായിരുന്നു. മേയ് 18നാണ് മൂസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം സ്വദേശമായ പേരാമ്പ്രയിലേക്കു കൊണ്ടുപോകില്ല. കോഴിക്കോട് തന്നെ സംസ്കരിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതോടെ മരണം 12 ആയെങ്കിലും 11 പേർക്കു മാത്രമേ നിപ്പയാണെന്നു സ്ഥിരീകരിച്ചിട്ടുള്ളൂ. ആദ്യം മരിച്ച മുഹമ്മദ് സാബിത്ത് വൈറസിന്റെ ആദ്യ വാഹകനാണെന്നു കരുതപ്പെടുന്നു. പരിശോധനയ്ക്കായി സ്രവ സാംപിൾ അയയ്ക്കാതിരുന്നതിനാൽ വൈറസ് സ്ഥിരീകരണമില്ല.

ഏപ്രിൽ 25നാണു മൂസയും മക്കളായ സാബിത്തും സാലിഹും ആപ്പറ്റയിൽ പുതുതായി വാങ്ങിയ വീട്ടിലെ കിണർ വൃത്തിയാക്കിയത്. ഈ കിണറ്റിലാണു പിന്നീട് വവ്വാലുകളെ കണ്ടെത്തിയത്. പനിയെ തുടർന്നു സാബിത്തിനെ ഈമാസം മൂന്നിന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അഞ്ചിന് മരിക്കുകയും ചെയ്തു. 18നു സാലിഹും 19ന് മൂസയുടെ സഹോദരഭാര്യ മറിയവും മരിച്ചു. ഇവരുടെ സ്രവ സാംപിളിൽനിന്നാണു നിപ്പ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

ആശങ്കയേറ്റി വൈറസ് ബാധ തുടരുന്നു

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള ഉബീഷിനും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. നേരത്തെ മരിച്ച മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശി ഷിജിതയുടെ ഭർത്താവാണ് ഉബീഷ്. കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നു പേരെയും കോട്ടയം മെഡിക്കൽ കോളജിൽ രണ്ടുപേരെയും ഇന്നലെ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു. നിപ്പ ബാധിച്ചു മരിച്ച തിരൂരങ്ങാടി മൂന്നിയൂർ സ്വദേശി സിന്ധുവിന്റെ ഭർത്താവ് സുബ്രഹ്മണ്യനാണു കോഴിക്കോട്ടു ചികിൽസ തേടിയവരിലൊരാൾ. ഇതോടെ രോഗം സംശയിച്ചു മൊത്തം 17 പേരാണു ചികിൽസയിലുള്ളത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലുള്ള രണ്ടു പേരും കോഴിക്കോട്ടുനിന്നെത്തിയവരാണ്. പേരാമ്പ്രയിൽനിന്നു കടുത്തുരുത്തിയിൽ വിവാഹനിശ്ചയത്തിനെത്തിയ അൻപത്തിയേഴുകാരനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി നഴ്സുമാണു ചികിൽസയിലുള്ളത്. പേരാമ്പ്രയിൽനിന്നെത്തിയ ആൾ ട്രെയിൻ യാത്രയ്ക്കിടെ പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനാൽ വിവാഹനിശ്ചയസ്ഥലത്തേക്കു പോകാതെ ആശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു. ഇരുവരുടെയും സ്രവ സാംപിൾ ഭോപ്പാലിലേക്കും മണിപ്പാലിലേക്കും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മരുന്ന് ഉപയോഗിക്കാം, പക്ഷേ...

മലേഷ്യയില്‍ നിന്നെത്തിച്ച റിബവൈറിന്‍ മരുന്ന് ഉപയോഗിക്കാനുള്ള വിവേചനാധികാരം ഡോക്ടര്‍മാര്‍ക്കു നല്‍കി ചികില്‍സാ മാര്‍ഗ രേഖ പുറത്തിറക്കി. റിബവൈറിൻ മറ്റുപല രോഗങ്ങൾക്കും ഉപയോഗിക്കുന്നതാണെങ്കിലും നിപ്പ ബാധിതരിൽ എത്രത്തോളം ഫലപ്രദമാണെന്നതിനെക്കുറിച്ചു കൃത്യമായ വിവരങ്ങളില്ല. ദോഷകരമായ പല പാർശ്വഫലങ്ങളുള്ള മരുന്നാണിതെന്നു പബ്ലിക് ഹെൽത്ത് അഡി. ഡയറക്ടർ കെ.ജെ.റീന പറഞ്ഞു. കിഡ്നിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. നിപ്പ ബാധിതർക്കു വലിയ ഡോസിൽ മരുന്ന് നൽകേണ്ടിവരും. ഒരു കോഴ്സിൽ 250 ടാബ്‌ലെറ്റുകൾ വേണ്ടിവരുമെന്നും റീന അറിയിച്ചു. വിശദമായി വായിക്കാം