Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വർഷം ഒരൊറ്റ തിരഞ്ഞെടുപ്പ്; കേന്ദ്രത്തിനു ബദൽ നിർദേശവുമായി തിര.കമ്മിഷൻ

Nagaland-Election-Voting

ന്യൂഡൽഹി∙ നിയമസഭ – ലോക്സഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുന്നതിനു പകരം ‘ഒരു വർഷം ഒരൊറ്റ തിരഞ്ഞെടുപ്പ്’ എന്ന ബദൽ രീതിക്കു തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം. ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പും നടത്തുന്നതിനെപ്പറ്റി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിപ്രായം ദേശീയ നിയമ കമ്മിഷൻ ആരാഞ്ഞിരുന്നു. ഇതിനു നൽകിയ മറുപടിയിലാണു പുതിയ നിര്‍ദേശം കമ്മിഷൻ മുന്നോട്ടുവച്ചത്.

തിരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതുമായി ബന്ധപ്പെട്ടു ഭരണഘടനപരമായ അഞ്ചു കാര്യങ്ങളിലും സാമൂഹിക – രാഷ്ട്രീയ – സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട 15 വിഷയങ്ങളിലും ഉണ്ടായേക്കാവുന്ന മാറ്റങ്ങളിലാണു ലോ കമ്മിഷൻ അഭിപ്രായം തേടിയത്. എല്ലാ തിരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്തുന്നതിനെ തിരഞ്ഞെടുപ്പു കമ്മിഷൻ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ ഇതിനുള്ള നിയമപരവും സാമ്പത്തികവുമായ പിന്തുണ കേന്ദ്രം ഉറപ്പാക്കണം.

ഓരോ സംസ്ഥാനങ്ങളിലും കാലാവധി തീരുന്നതിനനുസരിച്ചു തിരഞ്ഞെടുപ്പു നടത്തുകയെന്നതാണു നിലവിലെ രീതി. കാലാവധി തീർന്ന് ആറു മാസത്തിനകം തിരഞ്ഞെടുപ്പു നടത്തണമെന്നാണു ജനപ്രാതിനിധ്യ നിയമത്തിലെ പതിനഞ്ചാം വകുപ്പ് അനുശാസിക്കുന്നത്. എന്നാൽ ഇതിൽ മാറ്റം വരുത്തി ഒരു വർഷം കാലാവധി തീരുന്ന എല്ലാ നിയമസഭകളിലേക്കും ഒരുമിച്ചു തിരഞ്ഞെടുപ്പു നടത്താനാകുമെന്നാണു കമ്മിഷൻ നിർദേശം.

ഏഴു നിയമസഭകളുടെ കാലാവധി 2017ൽ അവസാനിച്ചെങ്കിലും തിരഞ്ഞെടുപ്പു കമ്മിഷൻ ആദ്യം അഞ്ചിടത്തും പിന്നീട് രണ്ടു സംസ്ഥാനങ്ങളിലുമായാണ് അടുത്തിടെ തിരഞ്ഞെടുപ്പു നടത്തിയത്. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിലും ഗുജറാത്തിലും ഹിമാചൽ പ്രദേശിലും രണ്ടാം ഘട്ടത്തിലും. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിലെ നിയമസഭ കാലാവധി 2017 ആദ്യമാണ് അവസാനിച്ചത്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും 2017 അവസാനവും. ഇക്കാരണങ്ങളാണ് തിരഞ്ഞെടുപ്പ് ഒരുമിച്ചു നടപ്പാക്കാനാകാതെ പോയത്. ഈ പ്രശ്നത്തിനു പരിഹാരം കാണാനാണു കമ്മിഷൻ ശ്രമം.

ലോക്സഭ – നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടപ്പാക്കുന്നതിനു ഭരണഘടനയിൽ അഞ്ചു ഭേദഗതികൾ വരുത്തേണ്ടതുണ്ട്. എന്നാൽ ‘ഒരു വർഷം ഒരൊറ്റ തിരഞ്ഞെടുപ്പ്’ രീതി കാര്യമായ നിയമ പ്രശ്നങ്ങളില്ലാതെ നടപ്പാക്കാം. ജനപ്രാതിനിധ്യ നിയമത്തിലെ പതിനഞ്ചാം വകുപ്പു മാത്രം ഭേദഗതി ചെയ്താൽ മതി. ആറു മാസം എന്ന കാലാവധി മാറ്റി ഒൻപതോ പത്തോ ആക്കുകയാണെങ്കിൽ ഒരൊറ്റ വര്‍ഷം കാലാവധി തീരുന്ന എല്ലാ നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളും ഒരുമിച്ചു നടത്താൻ സാധിക്കുമെന്നും തിരഞ്ഞെടുപ്പു കമ്മിഷനെ ഉദ്ധരിച്ചു കൊണ്ട് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.