Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടി, ബാങ്കിങ് ഓഹരികളിൽ നേട്ടം; ദിനാന്ത്യത്തിൽ സെൻസെക്സ് 318 പോയിന്റ് നേട്ടത്തിൽ

Stock Market | NSE | BSE

മുംബൈ∙ ഐടി, ബാങ്കിങ്, ടെക്, കാപിറ്റൽ ഗുഡ്സ്, ഹെൽത്ത് കെയർ ഓഹരികളുടെ മികവിൽ ബോംബെ ഓഹരി സൂചികയായ സെൻസെക്സ് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ദിനാന്ത്യത്തിൽ ബിഎസ്ഇ സെൻസെക്സ് 318.20 പോയിന്റ് ഉയർന്ന് 34,663.1ലാണു വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 83.50 പോയിന്റ് നേട്ടത്തിൽ 10,513ലും ക്ലോസ് ചെയ്തു. എൻഎസ്ഇയിൽ 997 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1,087 ഓഹരികൾക്കു നഷ്ടം നേരിട്ടു. ആഭ്യന്തര നിക്ഷേപകർ ഓഹരികളിൽ കാട്ടിയ താൽപര്യവും രൂപയുടെ മൂല്യത്തിലുണ്ടായ നേട്ടവുമാണു വിപണിക്കു തുണയായതെന്നാണു വിലയിരുത്തൽ.

79 പോയിന്റ് ഇടിഞ്ഞ് നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.43% നഷ്ടം നേരിട്ടു. ബിഎസ്ഇയിലും മിഡ്ക്യാപ് ഓഹരികൾ നഷ്ടത്തിലായിരുന്നു. ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, പവർ തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്. ഭാരതി എയർടെൽ, ഇൻഫോസിസ്, ടിസിഎസ്, ആക്സിസ് ബാങ്ക്, സൺ ഫാർമ എന്നിവയാണു മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. ടാറ്റാ മോട്ടോഴ്സ്, ഒഎൻജിസി, ഗെയിൽ, ബജാജ് ഓട്ടോ, യെസ് ബാങ്ക് എന്നീ ഓഹരികൾ നഷ്ടത്തിലായിരുന്നു. മൊത്തം അറ്റാദായത്തിൽ 49.82% ഇടിവുണ്ടായെന്ന വാർത്തകളാണു ടാറ്റാ മോട്ടോഴ്സ് ഓഹരി വില 6.56% ഇടിയാൻ ഇടയാക്കിയത്.