Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്ഐയെ മർദിച്ചെന്നു പരാതി: അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്

kerala-police

തിരുവനന്തപുരം∙ ജില്ലാ കോടതിയിൽ ജാമ്യഹർജിയുടെ പൊലീസ് റിപ്പോർട്ടുമായി വന്ന വിഴിഞ്ഞം പോർട്ട് എസ്ഐ അശോക് കുമാറിനെ കോടതി വളപ്പിനുള്ളിൽ മർദിച്ചെന്ന പരാതിയിൽ രണ്ട് അഭിഭാഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. അഭിഭാഷകനായ വള്ളക്കടവ് മുരളി, കണ്ടാലറിയാവുന്ന മറ്റൊരു അഭിഭാഷകൻ എന്നിവർക്കെതിരായാണു വഞ്ചിയൂർ പൊലീസ് കേസെടുത്തത്. 

ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദനം, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസെടുത്തത്. രണ്ടാമത്തെ പ്രതിയെ കണ്ടെത്താൻ ഉടൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അശോക് കുമാർ ഫോർട്ട് എസ്ഐ ആയിരിക്കെ പൊതുസ്ഥലത്തു മദ്യപിച്ചെന്ന വകുപ്പു പ്രകാരം മുരളിയെയും മറ്റു രണ്ടുപേരെയും പ്രതിയാക്കി കേസ് എടുത്തതിന്റെ വൈരാഗ്യത്താലാണു മർദ്ദിച്ചതെന്നും പൊലീസ് പറഞ്ഞു.

സംഭവം ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകനെയും അസഭ്യം പറഞ്ഞതായി പരാതിയുണ്ട്. ജില്ലാ ജഡ്‌ജിയുടെ ചേംബറിൽ കയറി സഹായം അഭ്യർഥിച്ചതോടെയാണു കൂടുതൽ പൊലീസ് എത്തി എസ്ഐയെ രക്ഷപെടുത്തിയത്. അതേസമയം മർദിച്ചെന്ന കള്ളപ്പരാതി കൊടുത്തതിൽ പ്രതിഷേധിച്ച് അഭിഭാഷകർ ജില്ലാ കോടതിയുടെ കീഴിലുള്ള അഞ്ചു കോടതികൾ ഇന്നലെ ബഹിഷ്‌കരിച്ചു.

അഭിഭാഷകൻ വള്ളക്കടവ് മുരളിയുടെ വിശദീകരണം ഇങ്ങനെ: മാർച്ച് 22നു രാത്രി 11.30നു താനും രണ്ടു സുഹൃത്തുക്കളുമായി അട്ടക്കുങ്ങരയിലെ ഹോട്ടലിനു മുൻപിൽ പാഴ്‌സൽ വാങ്ങാൻ നിന്ന സമയം അശോക് കുമാർ രണ്ടു പൊലീസുകാരുമായി എത്തി അവിടെ നിൽക്കുന്നതിനെ ചോദ്യം ചെയ്‌തു. അഭിഭാഷകനെന്നു പറഞ്ഞപ്പോൾ അതൊക്കെ കോടതിയിൽ പറഞ്ഞാൽ മതി എന്നു പറഞ്ഞ് അസഭ്യം പറഞ്ഞു. ഇതു മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചുവാങ്ങി തങ്ങളെ സ്റ്റേഷനിൽ കൊണ്ടു പോയി. തുടർന്നു പൊതുസ്ഥലത്തു മദ്യപിച്ചു എന്ന കള്ളക്കേസ് എടുത്തു. എന്നാൽ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയപ്പോൾ മദ്യപിച്ചിട്ടില്ലെന്നു ബോധ്യമായതിനെ തുടർന്നു പൊലീസ് വിട്ടയച്ചു. 

കള്ളക്കേസ് എടുത്തതിനെതിരെ കോടതിയിൽ ഹർജി ഫയൽ ചെയ്‌തു. സംഭവ സമയത്തെ സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാൻ കൺട്രോൾ റൂം എസിക്കു നിർദ്ദേശം നൽകണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് അശോക് കുമാർ വ്യാഴാഴ്ച കോടതിയിൽ എത്തിയത്. അവിടെ തന്നെ കണ്ട എസ്ഐ, അഭിഭാഷകരും കൂട്ടരും മർദിക്കുമെന്നു ഭയന്നു ജില്ലാ പ്ലീഡറോടു വിവരം പറഞ്ഞു. ഇതറിഞ്ഞ ജില്ലാ ജഡ്‌ജി  വിളിച്ചു വരുത്തിയപ്പോൾ എസ്ഐക്കെതിരെ കേസ് കൊടുത്തിട്ടുള്ള കാര്യം അറിയിച്ചു.

കേസുമായി മുന്നോട്ടു പോകാനാണു താൽപര്യമെന്നും ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജഡ്‌ജിക്ക് ഉറപ്പു നൽകി. തുടർന്ന് അഭിഭാഷകരുടെ നേതൃത്തിൽ എസ്ഐയെ  സുരക്ഷിതമായി പൊലീസ് ജീപ്പിൽ കയറ്റി വിടുകയും ചെയ്‌തു– എന്നും അഭിഭാഷകൻ പറഞ്ഞു.