Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണയിൽ വഴുതി വീഴുന്നു; 70 ലേക്ക് എത്തുമോ രൂപ?

പിങ്കി ബേബി
rupee-ldf Representational image

കഴിഞ്ഞ ഏതാനും ആഴ്ചകളായി രൂപയുടെ മൂല്യം ഇടിയുകയാണ്. 84 പൈസയുടെ വരെ ഏകദിന നഷ്ടമുണ്ടായ ദിവസങ്ങൾ ഈ ആഴ്ചയിലുണ്ടായി. ഏഴു പൈസയുടെ നേട്ടമുണ്ടെങ്കിലും ‍ഡോളറിനെതിരെ 68 രൂപ 24 പൈസയാണു രൂപയുടെ ഇപ്പോഴത്തെ മൂല്യം. 16 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. റിസർവ് ബാങ്കിന്റെ ഇടപെടലുണ്ടായിട്ടു പോലും 68 ന്റെ പടുകുഴിയിൽനിന്നു കരകയറാൻ രൂപയ്ക്കു കഴിയുന്നില്ല. ഡോളർ അനുദിനം ശക്തി പ്രാപിക്കുന്നതും രാജ്യാന്തര വിപണിയിലെ എണ്ണവിലക്കയറ്റവുമാണു രൂപയുടെ മൂല്യമിടിക്കുന്നത്. എണ്ണവില കൂടുന്ന സാഹചര്യത്തിൽ രൂപയുടെ നഷ്ടം രാജ്യത്തിന്റെ ഇറക്കുമതിച്ചെലവു കൂട്ടുകയാണ്. അതേസമയം, ഉയർന്ന വില ലഭിക്കുന്നതിനാൽ പ്രവാസികൾ നാട്ടിലേക്കയയ്ക്കുന്ന പണത്തിൽ കാര്യമായ വർധനയുണ്ട്. കയറ്റുമതിക്കാർക്കും കൂടുതൽ പണം ലഭിക്കുന്നുണ്ട്.

70 ലേക്ക് എത്തുമോ രൂപ?

എണ്ണവിലയാണ് ഇപ്പോൾ രൂപയുടെ മുഖ്യശത്രു. ഇറക്കുമതിക്കാർ വൻതോതിൽ ഡോളർ വാങ്ങിക്കൂട്ടുന്നുമുണ്ട്. ഓഹരിവിപണിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തകർച്ചയും വിദേശസ്ഥാപന നിക്ഷേപകർ ഓഹരികൾ വിറ്റഴിച്ച് ഡോളറുമായി പോകുന്നതും രൂപയുടെ മൂല്യം തകരാൻ കാരണമായിട്ടുണ്ട്. എന്നാൽ ഇന്നലെയും ഇന്നും ഓഹരി വിപണികൾ നേട്ടത്തിലാണ്. ഇതിന്റെ നേരിയ പ്രതിഫലനം നാണ്യവിപണിയിൽ പ്രകടമാകുന്നുണ്ട്. 

വിദേശനാണ്യ കരുതൽ ശേഖരത്തിൽ കുറവു വരുന്നതാണു മറ്റൊരു കാരണം. എണ്ണവില ഉയർന്നതിനാൽ രൂപ വീണ്ടും മൂക്കുകുത്തുമെന്നു വിദഗ്ധർ വിലയിരുത്തുന്നു. രൂപ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയത് 2016 നവംബറിലാണ്- 68.86. എണ്ണ ഉൽപാദനം കൂട്ടാൻ ഒപെക് രാജ്യങ്ങൾ തീരുമാനമെടുത്തില്ലെങ്കിൽ രൂപ 70 ലേക്കെത്താൻ അധികകാലം വേണ്ടിവരില്ല.

ഇറക്കുമതി ഭാരം  

എണ്ണവില കൂടുകയും രൂപ ഇടിയുകയും ചെയ്യുന്ന സാഹചര്യത്തിൽ എണ്ണ വാങ്ങാൻ രാജ്യത്തിനു കൂടുതൽ ഡോളർ നൽകേണ്ടതുണ്ട്. ഇറക്കുമതിച്ചെലവേറുന്നത് കറന്റ് അക്കൗണ്ട് കമ്മി (ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വിടവ്) ഉയർത്തുകയാണ്. എണ്ണവിലക്കയറ്റം കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ഇനിയും വർധിപ്പിക്കുമെന്ന് എസ്ബിഐ റിപ്പോർട്ടിൽ പറയുന്നുണ്ട്. 2017–2018 ൽ സിഎഡി മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 1.9 ശതമാനമായിരിക്കുമെന്നാണു കണക്കാക്കിയിരുന്നത്. ഇത് 2.5 ശതമാനം വരെ ഉയരാമെന്നാണു വിലയിരുത്തൽ. ഒരു ബാരൽ എണ്ണയിൽ 10 ഡോളറിന്റെ വർധന വന്നാൽ 800 കോടി ഡോളറിന്റെ അധിക ഇറക്കുമതി ബാധ്യതയാണു രാജ്യം നേരിടുക. 

അമേരിക്കയിലേക്കു കണ്ണുംനട്ട് രൂപ

2004 ലേക്കാൾ അമേരിക്കയുടെ ജിഡിപി 60 ശതമാനം മുകളിലെത്തി. 2008 ലെ പ്രതിസന്ധികളെ അമേരിക്ക അതിജീവിച്ചെന്നും പലിശ നിരക്കുകൾ ഉയർത്തി, നിക്ഷേപകരെ സ്വന്തം നാട്ടിൽ നിർത്താനുള്ള നടപടികൾക്കുള്ള സമയമായെന്നും വ്യക്തമായ സൂചനകൾ നൽകുന്ന കണക്കുകളാണിവ. കുറഞ്ഞ പലിശ നിരക്കുകളുടെ നീണ്ട കാലഘട്ടം അമേരിക്കയിൽ അവസാനിക്കുന്നു എന്നുതന്നെയാണ് അവിടെ നിന്നുള്ള സൂചനകൾ. അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ അടുത്ത പണനയ അവലോകന യോഗത്തിൽ പലിശ നിരക്ക് ഉയർത്താനാണു സാധ്യത. ഡിസംബറോടെ രണ്ടു ശതമാനം വർധന അടിസ്ഥാന പലിശ നിരക്കിൽ ഉണ്ടായേക്കാം. 

രൂപയുടെ മൂല്യത്തെ നിശ്ചയിക്കുന്നതിൽ അമേരിക്കയുടെ പണനയങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. അമേരിക്ക പലിശ നിരക്ക്  ഉയർത്തിയാൽ രൂപയുടെ മൂല്യം ഇനിയും ഇടിയും. കുറഞ്ഞ പലിശനിരക്കിനെത്തുടർന്ന് അമേരിക്ക മറ്റു രാജ്യങ്ങളിൽ നടത്തിയ നിക്ഷേപം, നിരക്കുയർത്തിയാൽ പിൻവലിക്കുമെന്നതാണു കാരണം. 2013 മുതൽ ഈ ഭീഷണി ഇന്ത്യക്കുമുണ്ട്. ഇതിനു മുൻപ് രൂപ ഡോളറിനെതിരെ 68 നിലവാരത്തിലേക്കുയർന്നത് ഈ സാഹചര്യത്തിലായിരുന്നു. അമേരിക്കയുടെ പലിശ ഉയർത്തൽ ‘ഭീഷണി’ ഇന്ത്യയ്ക്ക് ഇപ്പോൾ ഒരു ഭീഷണിയല്ലാതായിട്ടുണ്ടെങ്കിലും രൂപയ്ക്കു പേടിച്ചേ മതിയാകൂ. നിക്ഷേപത്തിനുള്ള പലിശ ഉയർന്നാൽ ഡോളർ കൂടുതൽ കരുത്താർജിക്കും. കരുത്തേറിയ ഡോളർ രൂപയുടെ മൂല്യമിടിക്കും.

പലിശ കുറയ്ക്കുമോ ആർബിഐ?

ജൂൺ ആറിനാണ് റിസർവ് ബാങ്കിന്റെ അടുത്ത പണനയ അവലോകന യോഗം. വിപണികളിൽ നിക്ഷേപകർ വിൽപനക്കാരുടെ റോൾ സ്വീകരിച്ചാൽ രൂപയുടെ മൂല്യം ഇനിയും ഇടിയും. ഇതു രാജ്യത്തിന്റെ വളർച്ചാ നിരക്കിനെ പിന്നോട്ടടിക്കുകയും ചെയ്യും. അതുകൊണ്ട് ഓഹരിവിപണിക്കും അതുവഴി നാണ്യവിപണിക്കും കരുത്തു പകരാൻ പലിശ കുറയ്ക്കാനുള്ള തീരുമാനം ഒരു പക്ഷേ, റിസർവ് ബാങ്ക് സ്വീകരിച്ചേക്കും. എന്നാൽ പെട്രോൾ, ഡീസൽ വില കൂടുന്നതനുസരിച്ചു പണപ്പെരുപ്പത്തോത് വർധിക്കുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കണമെങ്കിൽ പലിശ നിരക്കു കുറച്ചു വിപണിയിലെ പണലഭ്യതയും നിയന്ത്രിക്കണം. ഈ രണ്ടു സാഹചര്യങ്ങളും പരിഗണിച്ചു പണനയങ്ങളിൽ മാറ്റം വരുത്താതിരിക്കാനും സാധ്യതകളുണ്ടെന്നാണു വിദഗ്ധരുടെ നിരീക്ഷണം.

നേട്ടമെടുത്ത് വിദേശ ഇന്ത്യക്കാർ

രൂപയുടെ മൂല്യം ഇടിയുന്നതോടെ വിദേശ ഇന്ത്യക്കാർ നാട്ടിലേക്കു കൂടുതൽ പണം അയച്ചു തുടങ്ങി. ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണു കൂടുതൽ പണം നാട്ടിലെത്തുന്നത്. 18 രൂപ 60 പൈസ വരെ വിനിമയ സ്ഥാപനങ്ങൾ ദിർഹത്തിനു നൽകുന്നുണ്ട്. രണ്ടു വർഷം മുൻപ് ദിർഹത്തിന് 18 രൂപയിലേറെ മൂല്യമുണ്ടായിരുന്നെങ്കിലും രൂപ മെച്ചപ്പെട്ടതനുസരിച്ച് 17 ലേക്ക് ഇടിഞ്ഞിരുന്നു. രൂപ 70 ലേക്കു നീങ്ങിയാൽ 19 രൂപ 12 പൈസ ദിർഹത്തിനു ലഭിക്കും.